NEWSROOM

ആ സംഭവത്തിന് ശേഷം പണവും പ്രശസ്തിയും മാനസികാരോഗ്യവുമെല്ലാം നഷ്ടപ്പെട്ടു; പ്രതികരിച്ച് രണ്‍വീര്‍ അലഹബാദിയ

വിവാദങ്ങൾക്ക് പിന്നാലെ എന്തെല്ലാമാണ് നഷ്ടപ്പെട്ടെതെന്ന ഒരു ഫോളോവറുടെ ചോദ്യത്തിനായിരുന്നു രണ്‍വീറിന്റെ പ്രതികരണം.

Author : ന്യൂസ് ഡെസ്ക്


റിയാലിറ്റി ഷോയില്‍ നടത്തിയ അശ്ലീല പരാമര്‍ശം ചര്‍ച്ചയായതിന് പിന്നാലെ വീണ്ടും പ്രതികരണവുമായി യൂട്യൂബര്‍ രണ്‍വീര്‍ അലഹബാദിയ. വിവാദങ്ങള്‍ തന്നെ മാനസികമായും സാമ്പത്തികമായും വൈകാരികമായും തളര്‍ത്തിയെന്നാണ് രണ്‍വീര്‍ അലഹബാദിയയുടെ പ്രതികരണം.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ചോദ്യോത്തര (Q&A) സെഷനിലാണ് അലഹബാദിയയുടെ പ്രതികരണം. ഈ സംഭവം നടന്നതിന് പിന്നാലെ എന്തെല്ലാമാണ് നഷ്ടപ്പെട്ടെതെന്ന ഒരു ഫോളോവറുടെ ചോദ്യത്തിനായിരുന്നു രണ്‍വീറിന്റെ പ്രതികരണം.

'ആരോഗ്യം, പണം, അവസരങ്ങള്‍, പ്രശസ്തി, മാനസികാരോഗ്യം, സമാധാനം, രക്ഷിതാക്കളെയും നിരാശയിലാഴ്ത്തി, എന്റെ ടീം തന്നെ അതില്‍ തകര്‍ന്നു പോയി,' രണ്‍വീര്‍ അലഹബാദിയ പറഞ്ഞു.

എന്നാല്‍ പകരമായി മാറ്റം, ആത്മീയ വളര്‍ച്ച, ദൃഢത എന്നിവ കൈവരിച്ചതായും രണ്‍വീര്‍ ഇതിനൊപ്പം കൂട്ടിച്ചേര്‍ത്തു. നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കാന്‍ താന്‍ പതുക്കെ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാതാപിതാക്കളും തന്റെ ടീമും താന്‍ കാരണം തകര്‍ന്നു പോകുന്നു എന്നതായിരുന്നു ആ സമയത്തെ ഏറ്റവും വലിയ ബുദ്ധിമുട്ട്. ആ സമയത്ത് എത്ര പേരുടെ തൊഴില്‍ ബുദ്ധിമുട്ടിലായെന്ന് ആളുകള്‍ക്ക് അറിയില്ല. എന്റെയും 300ലേറെ വരുന്ന ആളുകളുടെയും കരിയര്‍ ചിത്രത്തിലെ ഇല്ലാതായി പോയി. മനുഷ്യ പ്രകൃതത്തെക്കുറിച്ച് ആഴത്തില്‍ മനസിലാക്കി. ആളുകള്‍ തകര്‍ന്നു വീഴുന്നത് കാണാന്‍ ആള്‍ക്കൂട്ടത്തിന് എന്നും താത്പര്യമാണെന്നും താന്‍ ഇപ്പോഴും 100 ശതമാനം ഓക്കെ ആയിട്ടില്ലെന്നും രണ്‍വീര്‍ പറഞ്ഞു.

രണ്‍വീറിന് തന്റെ ഷോ തുടരാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. ഉള്ളടക്കങ്ങളില്‍ മാന്യതയും ധാര്‍മികതയും പാലിക്കണമെന്ന നിര്‍ദേശത്തോടെയാണ് സുപ്രീം കോടതി ഷോ തുടരാന്‍ അനുമതി നല്‍കിയത്.

സമയ് റെയ്ന അവതാരകനായ ഇന്ത്യാ'സ് ഗോട്ട് ലേറ്റന്റ് എന്ന പരിപാടിക്കിടെ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. ഷോയിലെ കണ്ടസ്റ്റന്റിനോട് ചോദിക്കുന്ന ചോദ്യമാണ് വലിയ തോതില്‍ പ്രതിഷേധത്തിനിടയാക്കിയത്. മാതാപിതാക്കള്‍ക്കിടയിലെ ലൈംഗികതയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വിവാദമായത്. 

"നിങ്ങളുടെ മാതാപിതാക്കൾ ജീവിതകാലം മുഴുവൻ എല്ലാ ദിവസവും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കാണാൻ ആഗ്രഹിക്കുന്നുണ്ടോ, അതോ നിങ്ങൾ ഒരിക്കൽ അതിൽ പങ്കുചേർന്ന് ആ ബന്ധം എന്നെന്നേക്കുമായി നിർത്താനാണോ ആഗ്രഹിക്കുന്നത്?" എന്നായിരുന്നു ഒരു മത്സരാർഥിയോട് രൺവീർ അലഹാബാദിയ ചോദിച്ചത്.

പരാമർശം വിവാദമായതിനെ തുടർന്ന് മഹാരാഷ്ട്ര സൈബർ വകുപ്പ് ഇവർക്കെതിരെ സ്വമേധയാ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഐടി ആക്ട് കൂടാതെ ഷോയുടെ 18 എപ്പിസോഡുകളും നീക്കം ചെയ്യാൻ സൈബർ വകുപ്പ് ആവശ്യപ്പെടുകയും ചെയ്തു. 2000 ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 67പ്രകാരം ഇലക്ട്രോണിക് രൂപത്തിൽ അശ്ലീല വസ്തുക്കൾ പ്രസിദ്ധീകരിക്കുന്നതോ പ്രക്ഷേപണം ചെയ്യുന്നതോ കുറ്റകരമാണ്

SCROLL FOR NEXT