NEWSROOM

"കൈവശം 17 സ്വർണക്കട്ടികൾ, അടിക്കടി വിദേശയാത്ര നടത്തിയതിനെ തുടർന്ന് ക്ഷീണം"; സ്വർണക്കടത്തില്‍ കുറ്റസമ്മതവുമായി രന്യ റാവു

മിഡിൽ ഈസ്റ്റ്, ദുബായ്, യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ നടത്തിയ അന്താരാഷ്ട്ര യാത്രകളുടെ വിശദാംശങ്ങളും നടി വെളിപ്പെടുത്തിയതായാണ് സൂചന

Author : ന്യൂസ് ഡെസ്ക്

സ്വർണക്കടത്ത് കേസിൽ കന്നഡ നടി രന്യ റാവുവിൻ്റെ കയ്യിൽ അറസ്റ്റിലാകുമ്പോൾ 17 സ്വ‍ർണക്കട്ടികൾ ഉണ്ടായിരുന്നതായി റവന്യു ഉദ്യോഗസ്ഥരോട് കുറ്റസമ്മതം നടത്തി നടി. ബെംഗളൂരു വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലാകുമ്പോൾ ഇവരുടെ കയ്യിലുണ്ടായിരുന്ന സ്വ‍ണത്തെ പറ്റിയാണ് നടി മൊഴി നൽകിയത്. മിഡിൽ ഈസ്റ്റ്, ദുബായ്, യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ നടത്തിയ അന്താരാഷ്ട്ര യാത്രകളുടെ വിശദാംശങ്ങളും നടി വെളിപ്പെടുത്തിയതായാണ് സൂചന. അടുത്ത ഹിയറിങ്ങ് നടക്കുന്നത് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്ന 33കാരിയായ രന്യ റാവു അന്വേഷണവുമായി സഹകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

"ഞാൻ യൂറോപ്പ്, അമേരിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. ദുബായ്, സൗദി അറേബ്യ തുടങ്ങിയിടങ്ങളിലേക്ക് യാത്ര ചെയ്തു. വേണ്ടത്ര വിശ്രമം ലഭിക്കാത്തതിനാൽ ഇപ്പോൾ ക്ഷീണിതയാണ്," രന്യ റാവു അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. കഴിഞ്ഞ വർഷം നടി ദുബായിലേക്ക് നടത്തിയ 27 യാത്രകളാണ് റവന്യു ഇൻ്റലിജൻസ് ഡയറക്ടറേറ്റിൻ്റെ നിരീക്ഷണത്തിൽ രന്യ റാവുവിനെ എത്തിച്ചത്.

കുടുംബത്തെ സംബന്ധിക്കുന്ന വിവരങ്ങളും രന്യ ഉദ്യോഗസ്ഥരോട് പങ്കുവെച്ചതായാണ് സൂചന. തൻ്റെ പിതാവ് റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ കെ.എസ്. ഹെഗ്‌ദേശ് ആണ്. ഭർത്താവ് ജതിൻ ഹുക്കേരി ആർക്കിടെക്റ്റ് ആണെന്നും, അദ്ദേഹം ബെംഗളൂരുവിൽ തന്നോടൊപ്പമാണ് താമസിക്കുന്നതെന്നും രന്യ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ രാമചന്ദ്ര റാവു ഇവരുടെ രണ്ടാനച്ഛനാണ്. രാമചന്ദ്ര റാവുവിൻ്റെ രണ്ടാം ഭാര്യയുടെ ആദ്യ വിവാഹത്തിലെ മക്കളിൽ ഒരാളാണ് രന്യ റാവു.

തിങ്കളാഴ്ച രാത്രിയിലാണ് ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രന്യയിൽ നിന്ന് സ്വർണം പിടികൂടിയത്. 12.56 കോടി രൂപ വില വരുന്ന സ്വർണമാണ് രന്യയിൽ നിന്ന് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ലാവല്ലെ റോഡിലെ അവരുടെ അപ്പാർട്ട്മെൻ്റിൽ നിന്ന് 4.7 കോടിയുടെ സ്വർണവും പണവും പിടിച്ചെടുത്തിരുന്നു. ഇതോടെ രന്യയിൽ നിന്ന് ഇതുവരെ പിടിച്ചെടുത്ത സ്വർണത്തിനും പണത്തിനും 17.26 കോടി രൂപയുടെ മൂല്യം വരും.


SCROLL FOR NEXT