NEWSROOM

"അന്വേഷണ ഉദ്യോഗസ്ഥർ 10-15 തവണ അടിച്ചു, 40ഓളം പേപ്പറുകളിൽ ഒപ്പിടാൻ നിർബന്ധിച്ചു"; ഗുരുതര ആരോപണങ്ങളുമായി നടി രന്യ റാവു

ജയിൽ അധികൃതർ മുഖേന എഡിജിക്ക് സമർപ്പിച്ച കത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ നടപടിക്രമ ലംഘനങ്ങളെക്കുറിച്ചും വ്യക്തിപരമായ അധിക്ഷേപങ്ങളെക്കുറിച്ചും നടി പരമാർശിച്ചത്

Author : ന്യൂസ് ഡെസ്ക്

സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്ന ആരോപണവുമായി നടി രന്യ റാവു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) അഡീഷണൽ ഡയറക്ടർ ജനറലിന് (എഡിജി) അയച്ച കത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ മോശമായി പെരുമാറിയതായി രന്യ റാവു ആരോപിച്ചത്. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന നടി, ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിനുള്ളിൽ നിന്നാണ് കത്തെഴുതിയത്.

ജയിൽ അധികൃതർ മുഖേന എഡിജിക്ക് സമർപ്പിച്ച കത്തിൽ, അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ നടപടിക്രമ ലംഘനങ്ങളെക്കുറിച്ചും വ്യക്തിപരമായ അധിക്ഷേപങ്ങളെക്കുറിച്ചും നടി പരമാർശിച്ചതായി 'ദി ഹിന്ദു' റിപ്പോർട്ട് ചെയ്യുന്നു. ദുബായിൽ നിന്ന് വന്നിറങ്ങിയപ്പോൾ മതിയായ തെളിവുകളില്ലാതെ അധികൃതർ തന്നെ കേസിൽ കുടുക്കുകയായിരുന്നെന്നാണ് രന്യ റാവുവിൻ്റെ അവകാശവാദം. വിമാനത്തിനുള്ളിൽ നിന്ന് തന്നെ കസ്റ്റഡിയിലെടുത്തത് അന്യായമാണെന്നും അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് വസ്തുതകൾ ശരിയായി പരിശോധിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നും നടി ആരോപിച്ചു.

അറസ്റ്റ് ചെയ്ത ശേഷം നിയമപരവും ധാർമികവുമായ മാനദണ്ഡങ്ങൾ പലതും ഉദ്യോഗസ്ഥർ ലംഘിച്ചതായി രന്യ റാവു പറഞ്ഞു. "ഉദ്യോഗസ്ഥർ എന്നെ 10 മുതൽ 15 വരെ തവണ അടിച്ചു, കള്ളക്കടത്ത് സമ്മതിച്ചുകൊണ്ട് 40ഓളം പേപ്പറുകളിൽ ഒപ്പിടാൻ നിർബന്ധിച്ചു," നടി കത്തിൽ ആരോപിച്ചു. തന്റെ അറസ്റ്റ് അന്യായമാണെന്നും ആരോപിക്കപ്പെട്ട നിയമവിരുദ്ധ പ്രവർത്തനങ്ങളിലൊന്നും താൻ ഉൾപ്പെട്ടിട്ടില്ലെന്നും നടി അവകാശപ്പെട്ടു. ഒപ്പം കേസ് കൈകാര്യം ചെയ്ത ഉദ്യോഗസ്ഥർ പ്രധാന തെളിവുകൾ പലതും അവഗണിച്ചതായും, നടപടിക്രമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും നടി ആരോപിക്കുന്നു.



സ്വർണക്കടത്ത് കേസിൽ നീതിയുക്തമായ അന്വേഷണം വേണമെന്നാണ് രന്യ റാവുവിൻ്റെ ആവശ്യം. കേസ് സമഗ്രമായി പുനഃപരിശോധിക്കണം, തനിക്ക് നേരെ മോശമായി പെരുമാറിയ ഉദ്യോഗസ്ഥർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണം, ഇങ്ങനെ നീളുന്നു നടിയുടെ ആവശ്യങ്ങൾ. നടപടിക്രമങ്ങളിൽ സുതാര്യത വേണമെന്നും നിയമപരവും നിഷ്പക്ഷവുമായ അന്വേഷണവുമായി സഹകരിക്കാൻ താൻ സന്നദ്ധയാണെന്നും നടി കത്തിൽ വ്യക്തമാക്കി.



രന്യ റാവുവിന് കസ്റ്റഡിയിൽ വച്ച് മർദനം ഏറ്റുവെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. കണ്ണിന് ചുറ്റും കറുത്ത പാടുകളും, മുഖത്ത് ചതവുമുള്ള രന്യ റാവുവിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് വലിയ ചർച്ചയായത്. കസ്റ്റഡിയിൽ വെച്ച് രന്യ മ‍ർദനത്തിന് വിധേയയായി എന്ന തരത്തിലായിരുന്നു പ്രചാരണം. മ‍ർദനത്തിനോ കസ്റ്റഡി പീഡനത്തിനോ രന്യ വിധേയയായെങ്കിൽ, പരാതി ലഭിച്ചാൽ വേണ്ടവിധം നടപടിയെടുക്കുമെന്ന് കർണാടക സംസ്ഥാന വനിതാ കമ്മീഷൻ പ്രതികരിച്ചിരുന്നു.


മാർച്ച് 2നാണ് ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രന്യയിൽ നിന്ന് സ്വർണം പിടികൂടിയത്. 12.56 കോടി രൂപ വില വരുന്ന സ്വർണമാണ് രന്യയിൽ നിന്ന് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ലാവല്ലെ റോഡിലെ അവരുടെ അപ്പാർട്ട്മെൻ്റിൽ നിന്ന് 4.7 കോടിയുടെ സ്വർണവും പണവും പിടിച്ചെടുത്തിരുന്നു. ഇതോടെ രന്യയിൽ നിന്ന് ഇതുവരെ പിടിച്ചെടുത്ത സ്വർണത്തിനും പണത്തിനും 17.26 കോടി രൂപയുടെ മൂല്യം വരും.



രന്യ റാവുവിൻ്റെ കയ്യിൽ അറസ്റ്റിലാകുമ്പോൾ 17 സ്വ‍ർണക്കട്ടികൾ ഉണ്ടായിരുന്നതായി റവന്യു ഉദ്യോഗസ്ഥരോട് നടി കുറ്റസമ്മതം നടത്തിയിരുന്നു. ബെംഗളൂരു വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലാകുമ്പോൾ ഇവരുടെ കയ്യിലുണ്ടായിരുന്ന സ്വ‍ണത്തെ പറ്റിയാണ് നടി മൊഴി നൽകിയത്. മിഡിൽ ഈസ്റ്റ്, ദുബായ്, യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ നടത്തിയ അന്താരാഷ്ട്ര യാത്രകളുടെ വിശദാംശങ്ങളും നടി വെളിപ്പെടുത്തിയതായാണ് സൂചന. അടുത്ത ഹിയറിങ്ങ് നടക്കുന്നത് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്ന 33കാരിയായ രന്യ റാവു അന്വേഷണവുമായി സഹകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. തുടർച്ചയായ വിദേശ യാത്രകൾ മൂലം വലിയ ക്ഷീണം അനുഭവിക്കുന്നതായും രന്യ റാവു റവന്യൂ ഉദ്യോഗസ്ഥരോട് പ്രതികരിച്ചിരുന്നു. തന്നെ കേസില്‍ കുടുക്കുകയായിരുന്നുവെന്നും താന്‍ നിരപരാധിയാണെന്നും രന്യ ഉദ്യോഗസ്ഥരോട് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

SCROLL FOR NEXT