NEWSROOM

നടിയുടെ പീഡന പരാതി; സിദ്ദീഖിനെതിരെ കേസെടുത്തു

ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ എന്നിവയ്ക്കാണ് കേസെടുത്തത്

Author : ന്യൂസ് ഡെസ്ക്

നടിയുടെ പരാതിയില്‍ സിദ്ദീഖിനെതിരെ കേസെടുത്തു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ എന്നിവയ്ക്കാണ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് സിദ്ദീഖിനെതിരെ നടി പരാതി നല്‍കിയത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി.

2004 ല്‍ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് ബലാത്സംഗം ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. ഡിജിപിക്ക് ഇ-മെയില്‍ വഴിയാണ് പരാതി നല്‍കിയത്. യുവതി ആരോപണവുമായി രംഗത്തെത്തിയതിനു പിന്നാലെ, AMMA ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് സിദ്ദീഖിന് രാജിവെക്കേണ്ടി വന്നിരുന്നു.

ഡിജിപിക്ക് ഇ-മെയിലില്‍ ലഭിച്ച പരാതി ഇന്നലെ രാത്രിയോടെ പ്രത്യേക സംഘത്തിന് കൈമാറി. അതേസമയം, നടിയുടേത് വ്യാജ പരാതിയാണെന്ന് ആരോപിച്ച് നേരത്തെ തന്നെ സിദ്ദീഖ് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.

സിനിമാ മേഖലയുമായി ബന്ധപ്പെട്ട പരാതികളില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെയാണ് ആദ്യം കേസെടുത്തത്. ബംഗാളി നടിയാണ് രഞ്ജിത്തിനെതിരെ പരാതി നല്‍കിയത്. രേഖാമൂലം നല്‍കിയ പരാതികളിലെല്ലാം പ്രത്യേക അന്വേഷണ സംഘം കേസെടുക്കില്ല. വ്യക്തതയുള്ള പരാതികളില്‍ മാത്രം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം.

ഹേമ കമ്മിറ്റിക്കു പിന്നാലെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മലയാള അഭിനേതാക്കളുടെ സംഘടനയായ AMMA എക്‌സിക്യൂട്ടീവ് പിരിച്ചുവിട്ടിരുന്നു. പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പെടെ എക്‌സിക്യൂട്ടീവിലെ 17 അംഗങ്ങളും രാജിവെച്ചു. ധാര്‍മികമായ ഉത്തരവാദിത്വം മുന്‍നിര്‍ത്തിയാണ് രാജിയെന്നാണ് സംഘടന പുറത്തുവിട്ട കത്തില്‍ പറയുന്നത്. രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരഞ്ഞെടുക്കും. അതുവരെ നിലവിലുള്ള ഭരണസമിതി തത്കാലിക സംവിധാനമായി തുടരും.

SCROLL FOR NEXT