NEWSROOM

നാല് വേസ്റ്റ് ബിന്നുകളും ബെഞ്ചുകളും തകർന്നു, ആകെ നഷ്ടം 1.75 ലക്ഷം; വേടൻ്റെ കോട്ടമൈതാനത്തെ പരിപാടിയുടെ നാശനഷ്ടങ്ങളുടെ കണക്ക് വെളിപ്പെടുത്തി നഗരസഭ

37,888 രൂപയുടെ നാല് ബെഞ്ചും 6000 രൂപയുടെ നാല് വേസ്റ്റ് ബിന്നും ഉൾപ്പെടെയാണ് ആകെ തുകയെന്നാണ് നഗരസഭയുടെ കണക്ക്

Author : ന്യൂസ് ഡെസ്ക്

റാപ്പർ വേടന്റെ പാലക്കാട് കോട്ടമൈതാനത്തെ പരിപാടിയിൽ നഷ്ടങ്ങളുടെ കണക്ക് വ്യക്തമാക്കി നഗരസഭ. ആകെ 1,75,552 രൂപയുടെ നാശനാഷ്ടങ്ങളുണ്ടായി എന്നാണ് നഗരസഭയുടെ കണക്കിൽ നിന്ന് വ്യക്തമാകുന്നത്. 37,888 രൂപയുടെ നാല് ബെഞ്ചും 6000 രൂപയുടെ നാല് വേസ്റ്റ് ബിന്നും ഉൾപ്പെടെയാണ് ആകെ തുകയെന്നാണ് നഗരസഭയുടെ കണക്ക്.

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാ​ഗമായാണ് പാലക്കാട് കോട്ടമൈതാനത്ത് വേടന്റെ റാപ്പ് ഷോ സംഘടിപ്പിച്ചത്. പരിപാടിയിൽ കൂടുതൽ ആളുകൾ പങ്കെടുത്തതു മൂലം അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ബെഞ്ച്, വേസ്റ്റ് ബിൻ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചുവെന്നാണ് ന​ഗരസഭയുടെ നോട്ടീസിൽ പറയുന്നത്.

മെയ് 18ന് ആറ് മണിക്കാണ് വേടന്‍റെ പരിപാടി ആരംഭിക്കുമെന്ന് പറഞ്ഞിരുന്നത്. എന്നാൽ, 7000 പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന കോട്ടമൈതാനം അഞ്ച് മണിക്ക് തന്നെ ജനങ്ങളെക്കൊണ്ട് നിറഞ്ഞു. പരിപാടിയിലേക്ക് സൗജന്യ പ്രവേശനമായിരുന്നു. തുടർന്ന് പ്രധാന കവാടം അടച്ച് സംഘാടകർ പ്രവേശനം അവസാനിപ്പിച്ചെങ്കിലും യുവാക്കൾ അടങ്ങുന്ന ആരാധകർ വീണ്ടും എത്തിച്ചേരാൻ തുടങ്ങി. ഇതാണ് തിക്കിനും തിരക്കിനും കാരണമായത്. മരത്തിന് മുകളിൽ കയറി ഇരുന്നും മറ്റുമാണ് പലരും പരിപാടി കണ്ടത്.

ബാരിക്കേഡുകൾ ഉൾപ്പെടെ തകർത്ത് കാണികള്‍ വേദിക്ക് സമീപത്തേക്ക് എത്തിയതോടെയാണ് സ്ഥിതി നിയന്ത്രണ വിധേയമല്ലാതായത്. "പാട്ട് പാടാൻ അനുവദിക്കണം" എന്ന് അഭ്യർഥിച്ച് വേടൻ പലതവണ പരിപാടി നിർത്തിവെച്ചിരുന്നു. ഇതിനിടെ പൊലീസ് ലാത്തിവീശി. പൊലീസിന്റെ ലാത്തി വാങ്ങി ചില സംഘാടകരും മർദിച്ചിരുന്നതായി ആരോപണമുണ്ട്. തിക്കിലും തിരക്കിലും പെട്ട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടികൾ ഉൾപ്പെടെ 15ഓളം പേരെയാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

SCROLL FOR NEXT