NEWSROOM

റേഷൻ കാർഡ് മസ്റ്ററിങിൻ്റെ അവസാന തീയതി നാളെ: ഇതുവരെ പൂർത്തിയായത് 60 % മാത്രം

റേഷൻ മസ്റ്ററിങ് ഒക്ടോബർ 31 വരെ നീട്ടണമെന്നാണ് ആൾ കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ ആവശ്യം

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് റേഷൻ കാർഡ് അംഗങ്ങളുടെ മസ്റ്ററിങ് നടത്താനുള്ള സമയപരിധി നാളെ വരെയാണ്. ഇതുവരെ സംസ്ഥാനത്ത് 60% അംഗങ്ങളുടെ മസ്റ്ററിങ് മാത്രമാണ് പൂർത്തിയായിട്ടുള്ളത്. 48 ലക്ഷത്തിൽപരം ആളുകൾ ഇനിയും മസ്റ്ററിങ് നടത്താനുള്ള സാഹചര്യത്തിൽ, റേഷൻ മസ്റ്ററിങ് ഒക്ടോബർ 31 വരെ നീട്ടണമെന്നാണ് ആൾ കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ ആവശ്യം.

സംസ്ഥാനത്തെ റേഷൻ മസ്റ്ററിങ് തിരുവനന്തപുരം ജില്ലയിൽ പരീക്ഷണാർത്ഥം ഒന്നാം ഘട്ടവും, തൃശൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ രണ്ടാം ഘട്ടവും നടത്തിയിരുന്നു.  മൂന്നാം തിയ്യതി മുതൽ എട്ടാം തീയ്യതി വരെ പാലക്കാട് മുതൽ കാസർകോഡ് വരെയുള്ള വടക്കൻ ജില്ലകളിലാണ് മുൻഗണനാ വിഭാഗങ്ങളായ മഞ്ഞ, പിങ്ക്, കാർഡിലെ അംഗങ്ങളുടെ മസ്റ്ററിങ് നടക്കുന്നത്.


പത്ത് വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾ, കൈവിരലിൻ്റെ തൊലിപ്പുറത്തുള്ള അസുഖങ്ങൾ ബാധിച്ചവർ, കൈവിരൽ പതിയാത്ത മുതിർന്ന അംഗങ്ങൾ, സിമൻ്റ്, മറ്റു കെമിക്കൽ, കശുവണ്ടി കറ തുടങ്ങിയ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ, മാനസിക വിഭ്രാന്തിയുള്ളവർ, കിടപ്പുരോഗികൾ എന്നിവരുടെ ഇ-പോസ് യന്ത്രത്തിലൂടെയുള്ള ബയോമെട്രിക് സംവിധാനം പരാജയപെടുന്നുണ്ട്. ഇത്തരം അംഗങ്ങളുള്ള കാർഡുടമകൾക്ക് അടുത്ത മാസം മുതൽ റേഷൻ വിഹിതം കുറയുമോ എന്നതിൽ ഭക്ഷ്യ വകുപ്പ് വ്യക്തത നൽകണമെന്നാണ് ആൾ കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നത്.


സംസ്ഥാനത്ത് 60 % അംഗങ്ങളുടെ മസ്റ്ററിങ് മാത്രമാണ് അവധി ദിവസങ്ങളിലും, പ്രവർത്തി സമയങ്ങളിലും, അധിക സമയങ്ങളിലുമായി റേഷൻ കടകൾ തുറന്നു പ്രവർത്തിച്ചിട്ടു പോലും നടത്താനായത്. മസ്റ്ററിങ് സമയം ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചു നൽകുക. മസ്റ്ററിങ്ങിനോട് അനുബന്ധിച്ച് എല്ലാ അവധി ദിവസങ്ങളും പ്രവർത്തി ദിവസങ്ങളായി പ്രവർത്തിച്ച റേഷൻ വ്യാപാരികൾക്ക് ഒരു പ്രവർത്തി ദിവസം അവധിയായി നൽകണമെന്നും ആൾ കേരളാ റിട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് അഡ്വ: ജോണീ നെല്ലൂർ, ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി, എന്നിവർ ബന്ധപെട്ട അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

SCROLL FOR NEXT