പ്രതീകാത്മക ചിത്രം 
NEWSROOM

ഭക്ഷ്യമന്ത്രിയുമായുള്ള ചർച്ച പരാജയം; റേഷൻ വ്യാപാരികൾ സമരത്തിലേക്ക്

8,9 തീയതികളിൽ റേഷൻ കട അടച്ചിട്ട് പണിമുടക്ക് സമരം നടത്തുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്. ഭക്ഷ്യ മന്ത്രിയുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെ ജൂലൈ എട്ട്, ഒന്‍പത് തീയതികളില്‍ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ രാപ്പകല്‍ സമരം നടത്തുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. വ്യക്തമായ ഉറപ്പു നല്‍കാത്ത സാഹചര്യത്തിലാണ് പ്രഖ്യാപിച്ച സമരവുമായി സമിതി മുന്നോട്ട് പോകുന്നത്.

സര്‍ക്കാര്‍ കണ്ണു തുറന്നില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കേണ്ടി വരുമെന്ന് റേഷന്‍ വ്യാപാരി സംയുക്ത സമര സമിതി ജനറല്‍ കണ്‍വീനര്‍ ജോണി നെല്ലൂര്‍ വ്യക്തമാക്കി. അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന മറുപടി കേട്ട് മടുത്തുവെന്നും ചര്‍ച്ചയ്ക്ക് വേണ്ടിയുള്ള ചര്‍ച്ച മാത്രമായിരുന്നുവെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. സര്‍ക്കാര്‍ ഒരു ഡിമാന്‍ഡും അംഗീകരിക്കാന്‍ തയാറായില്ല. വെള്ള, നീല കാര്‍ഡുകളില്‍ സെസ് പിരിക്കുന്നതിന് രാഷ്ട്രീയ തീരുമാനം വേണമെന്നാണ് ധനമന്ത്രി അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ 14,300 ചില്ലറ റേഷന്‍ വ്യാപാരികള്‍ നേരിടുന്ന ദുരിതങ്ങള്‍ മുഖ്യമന്ത്രി, ഭക്ഷ്യവകുപ്പ് മന്ത്രി, ധനവകുപ്പ് മന്ത്രി, വകുപ്പ് മേധാവികള്‍ തുടങ്ങിയവരെ ബോധ്യപ്പെടുത്തിയെങ്കിലും ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലെന്നും ഭാരവാഹികള്‍ പറയുന്നു.

2018 ല്‍ നടപ്പിലാക്കിയ വേതന പാക്കേജ് പ്രകാരമാണ് ഇപ്പോഴും പ്രതിഫലം ലഭിക്കുന്നത്. ജീവിത നിലവാര സൂചികയുമായി ഒട്ടും പൊരുത്തപ്പെടാത്ത തുച്ഛമായ വേതനം കൊണ്ട് സെയില്‍സ്മാന്റെ ശമ്പളം, ഭീമമായ കടവാടക തുടങ്ങിയ ചെലവുകള്‍ കഴിച്ച് സ്വന്തം ചെലവുകള്‍ക്ക് വഴിയില്ലാത്ത റേഷന്‍കട ഉടമകള്‍ നട്ടം തിരിയുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.  

റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്‌കരിക്കുക, കെടിപിഡിഎസ് ആക്ട് പരിഷ്‌കരിക്കുക, ക്ഷേമനിധി ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുക, കോവിഡുകാലത്തെ വിതരണം ചെയ്ത കിറ്റിന്റെ കമ്മിഷന്‍ കോടതിവിധി അനുസരിച്ച് വിതരണം നടത്തുക, റേഷന്‍ വ്യാപാരികളെ ആരോഗ്യ ഇന്‍ഷ്യുറന്‍സ് പരിധിയില്‍ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സമരം മുന്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം വി.ഡി. സതീശനാണ് ഉദ്ഘാടനം ചെയ്യുന്നത്. 

SCROLL FOR NEXT