ഇന്ത്യന്‍ ക്രിക്കറ്റില്‍ ഹര്‍ഭജന്‍ സിങ് ഓഫ് സ്പിന്നറായി നിറഞ്ഞുനിന്ന കാലത്താണ്, ചെന്നൈയില്‍ നിന്നൊരു പയ്യന്‍ പന്ത് കറക്കിയെറിഞ്ഞ് നീലക്കുപ്പായത്തില്‍ അരങ്ങേറുന്നത്. ബാറ്ററെ കുഴപ്പിക്കുന്ന തരത്തില്‍ പന്തെറിഞ്ഞ് വിക്കറ്റ് വീഴ്ത്തുന്നതായിരുന്നു അയാളുടെ മാജിക്. അധികം വൈകാതെ, ആ പയ്യന്‍ ഇന്ത്യയുടെ സ്ഥിരം ഓഫ് സ്പിന്നറായി മാറി. സഹകളിക്കാരും ആരാധകരും ആഷ് എന്നും അണ്ണാ എന്നുമൊക്കെ ഇഷ്ടത്തോടെ വിളിക്കുന്ന രവിചന്ദ്രന്‍ അശ്വിന്റെ തുടക്കം അങ്ങനെയായിരുന്നു. പന്തുകള്‍ കഥ പറയുന്ന ക്രിക്കറ്റ് ചരിത്രത്തില്‍ അശ്വിന് പലപ്പോഴും രക്ഷകന്റെ സ്ഥാനമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ റെക്കോഡ് പുസ്തകങ്ങളിലൂടെ അതിവേഗം സഞ്ചരിച്ചുകൊണ്ടിരുന്ന അശ്വിന്‍, അവശ്യസമയങ്ങളില്‍ ബാറ്റെടുത്തും പോരാടി. 13 വര്‍ഷം പിന്നിട്ട ആ അശ്വമേധത്തിനാണ് ഇപ്പോള്‍ വിരാമമാകുന്നത്.
1986 സെപ്റ്റംബര്‍ 17ന് തമിഴ്നാട്ടിലെ ചെന്നൈയിലായിരുന്നു അശ്വിന്റെ ജനനം. ക്ലബ്ബ് ക്രിക്കറ്റില്‍ ഫാസ്റ്റ് ബൗളറായിരുന്ന പിതാവ് രവിചന്ദ്രനെ കണ്ടു വളര്‍ന്ന അശ്വിന്‍ ഒന്‍പതാം വയസില്‍ ക്രിക്കറ്റ് കളിച്ചുതുടങ്ങി. പഠന കാലയളവില്‍ സ്കൂളിനായും കോളേജിനായുമെല്ലാം കളിക്കാനിറങ്ങി. ബാറ്റിങ്ങിലായിരുന്നു അശ്വിന്റെ ശ്രദ്ധ. ടോപ്പ് ഓര്‍ഡര്‍ ബാറ്ററായി മാറുന്നത് സ്വപ്നം കണ്ട് കളിതുടങ്ങി. ബാറ്റിങ്ങിനൊപ്പം മീഡിയം പേസില്‍ പന്തെറിഞ്ഞ് ഓള്‍റൗണ്ടറുമായി. അണ്ടര്‍ 17 ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ചിട്ടുള്ള അശ്വിന്‍ അന്ന് ഓപ്പണിങ് ബാറ്ററായിരുന്നു. അപ്പോഴും സ്പിന്‍ ബൗളിങ്ങ് എന്ന ചിന്ത പോലുമുണ്ടായിരുന്നില്ല. എന്നാല്‍, പരിശീലകരുടെ നിര്‍ദേശപ്രകാരം ഓഫ് സ്പിന്നിലേക്ക് തിരിഞ്ഞു. ക്ലബ്ബ് മത്സരങ്ങളില്‍ ഇടംകൈയന്‍ ബാറ്റര്‍മാര്‍ അശ്വിന്റെ ഓഫ് സ്പിന്നിനു മുന്നില്‍ വല്ലാതെ വിയര്‍ത്തു. വിക്കറ്റുകള്‍ വീണുതുടങ്ങിയതോടെ, ഓഫ് സ്പിന്നില്‍ അശ്വിന്‍ മാസ്റ്ററായി. 2006ല്‍, തമിഴ്നാട് ടീമിലേക്ക് വിളിയെത്തി. രഞ്ജി ട്രോഫിയിലൂടെ ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം. ആറ് വിക്കറ്റുകള്‍ നേടിയായിരുന്നു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ വരവറിയിച്ചത്. രഞ്ജിയിലും വിജയ് ഹസാരെ ട്രോഫിയിലുമെല്ലാം തമിഴ്നാടിനുവേണ്ടി കളിച്ചു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പ്രഥമ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതാണ് അശ്വിന്റെ ക്രിക്കറ്റ് കരിയറിന്റെ ടേണിങ് പോയിന്റ്. 2009 മുതല്‍ 2015 വരെ ചെന്നൈക്കായി അശ്വിന്‍ കളിച്ചു. 2010ല്‍ ചെന്നൈ ആദ്യ കിരീടം ചൂടുമ്പോള്‍, 13 വിക്കറ്റ് അശ്വിന്റെ പേരിലുണ്ടായിരുന്നു. ചാമ്പ്യന്‍സ് ലീഗ് ട്രോഫിയിലേക്ക് യോഗ്യത കിട്ടിയ ചെന്നൈ അവിടെയും കിരീടം ചൂടി. അന്ന് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ടതും അശ്വിനായിരുന്നു. 2011ല്‍ ചെന്നൈ വീണ്ടും ഐപിഎല്‍ കിരീടം അണിയുമ്പോള്‍ അശ്വിന്റെ വിക്കറ്റ് നേട്ടം 20 ആയിരുന്നു. 2014ല്‍ ചെന്നൈ രണ്ടാം ചാമ്പ്യന്‍സ് ലീഗ് ട്രോഫി നേടുമ്പോഴും അശ്വിന്‍ ടീമംഗമായിരുന്നു. എട്ട് സീസണുകളിലെ 97 മത്സരങ്ങളില്‍നിന്ന് 90 വിക്കറ്റുകളാണ് അശ്വിന്‍ ചെന്നൈക്കായി സ്വന്തമാക്കിയത്. ചെന്നൈയുടെ രണ്ട് വര്‍ഷത്തെ വിലക്കിനു പിന്നാലെ, അശ്വിനെ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്സ് എന്ന പുതിയ ഫ്രാഞ്ചൈസി സ്വന്തമാക്കി. പിന്നീട് പഞ്ചാബ് കിങ്സ്, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നീ ടീമുകള്‍ക്കായും കളിച്ചു. പുതിയ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് വീണ്ടും അശ്വിനെ സ്വന്തമാക്കിയിട്ടുണ്ട്. ഐപിഎല്ലില്‍ ഇതുവരെ 180 വിക്കറ്റും, 800 റണ്‍സുമാണ് സമ്പാദ്യം.
2010 ഐപിഎല്ലിലെ മികച്ച പ്രകടനമാണ് അശ്വിന് ദേശീയ ടീമിലേക്ക് വഴി തുറന്നത്. അതേവര്‍ഷം ത്രിദിന പരമ്പരയ്ക്കുള്ള സിംബാബ്‌വെ പര്യടനത്തിലേക്ക് അശ്വിന്‍ തിരഞ്ഞെടുക്കപ്പെട്ടു. ജൂണ്‍ അഞ്ചിനായിരുന്നു ദേശീയ ജേഴ്സിയില്‍ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റം. ശ്രീലങ്കയ്ക്കെതിരായ മത്സരം ഇന്ത്യ തോറ്റെങ്കിലും ബാറ്റിങ്ങിലും ബൗളിങ്ങിലും അശ്വിന്‍ തിളങ്ങി. 32 പന്തില്‍ 38 റണ്‍സെടുത്ത അശ്വിന്‍, 50 വിക്കറ്റിന് രണ്ട് വിക്കറ്റും വീഴ്ത്തി. ഹരാരെയില്‍ നടന്ന മത്സരത്തില്‍ ശ്രീലങ്കന്‍ ഓപ്പണര്‍ ഉപുല്‍ തരംഗയുടെ വിക്കറ്റാണ് അശ്വിന്‍ ആദ്യം നേടുന്നത്. ഒരാഴ്ചയ്ക്കുശേഷം, സിംബാബ്‌വെയ്ക്കെതിരെ ടി20യിലും അരങ്ങേറി. നാല് ഓവറില്‍ 22 റണ്‍സിന് ഒരു വിക്കറ്റായിരുന്നു നേട്ടം. ഏകദിനത്തില്‍ 116 മത്സരങ്ങളും ടി20യിൽ 65 മത്സരങ്ങളും ഇന്ത്യന്‍ കുപ്പായത്തില്‍ കളിച്ചു. ഏകദിനത്തില്‍ 156 വിക്കറ്റുകളും ടി20യില്‍ 72 വിക്കറ്റുകളും നേടി. ഏകദിനത്തിൽ 63 ഇന്നിങ്സുകളിൽനിന്നായി 707 റണ്‍സ് സ്വന്തം, ശരാശരി 16.44. ഉയര്‍ന്ന സ്കോര്‍ 65 റണ്‍സ്. ടി20യില്‍ 19 ഇന്നിങ്സുകളില്‍നിന്ന് 184 റണ്‍സ് നേടിയിട്ടുണ്ട്. 26.29 ആണ് ശരാശരി. ഉയര്‍ന്ന സ്കോര്‍ 31 റണ്‍സ്. ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ പ്രധാന ടൂര്‍ണമെന്റുകളിലെല്ലാം അശ്വിന്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. ഇന്ത്യ ജേതാക്കളായ 2010 ഏഷ്യ കപ്പ്, 2011 ഏകദിന ലോകകപ്പ് ടീമുകളിലും അംഗമായിരുന്നു.
2011ലായിരുന്നു ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റം. ഇന്ത്യന്‍ പര്യടനത്തിനെത്തിയ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഡല്‍ഹിയിലായിരുന്നു ആദ്യ മത്സരം. ആദ്യ ഇന്നിങ്സില്‍ 81 ന് മൂന്നും രണ്ടാം ഇന്നിങ്സില്‍ 47ന് ആറ് വിക്കറ്റും നേടി, ഇന്ത്യക്ക് ജയമൊരുക്കിയ അശ്വിന്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരവും സ്വന്തമാക്കി. ഡാരെന്‍ ബ്രാവോയായിരുന്നു ടെസ്റ്റിലെ അശ്വിന്റെ ആദ്യ ഇര. 106 ടെസ്റ്റ് മത്സരങ്ങളിലെ 200 ഇന്നിങ്സുകളില്‍ നിന്നായി 537 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. ശരാശരി 24. ടെസ്റ്റില്‍ 37 തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 41 മത്സരങ്ങളില്‍ നിന്നും 195 വിക്കറ്റുകളും അശ്വിന്‍ നേടിയിട്ടുണ്ട്. 151 ഇന്നിങ്സുകളിലായി 3503 റണ്‍സും സ്വന്തം. 14 അര്‍ധ സെഞ്ചുറിയും ആറ് സെഞ്ചുറിയും അതില്‍ ഉള്‍പ്പെടുന്നു. ഉയര്‍ന്ന സ്കോര്‍ 124. സ്ട്രൈക്ക് റേറ്റ് 54.5. ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയില്‍, അഡലയ്‌ഡില്‍ നടന്ന ഡേ-നൈറ്റ് മത്സരത്തിലാണ് അശ്വിന്‍ അവസാനമായി പന്തെറിയുന്നത്. അതില്‍ മിച്ചല്‍ മാര്‍ഷിന്റേതാണ് അശ്വിന്റെ അവസാന ടെസ്റ്റ് വിക്കറ്റ്.
ALSO READ: ഇന്ത്യയുടെ സ്പിന്‍ മജീഷ്യന്‍ അരങ്ങൊഴിയുന്നു; വിരമിക്കല്‍ പ്രഖ്യാപിച്ച് ആര്‍. അശ്വിന്‍
13 വര്‍ഷത്തെ രാജ്യാന്തര ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കുമ്പോള്‍, ഒരുപിടി റെക്കോഡുകളും അശ്വിന് സ്വന്തമാണ്. 106 ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞ അശ്വിന്‍ 537 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ടെസ്റ്റ് വിക്കറ്റ് നേട്ടത്തില്‍ ഇന്ത്യന്‍ താരങ്ങളില്‍ രണ്ടാം സ്ഥാനത്താണ് അശ്വിന്‍. 619 വിക്കറ്റുള്ള അനില്‍ കുംബ്ലെയാണ് ഒന്നാമത്. ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഏഴാമനാണ് അശ്വിന്‍. സ്വന്തം മണ്ണില്‍ നടന്ന ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി നേടിയത് 475 വിക്കറ്റ്. 476 വിക്കറ്റ് നേടിയിട്ടുള്ള അനില്‍ കുംബ്ലെയാണ് അവിടെയും അശ്വിന് മുന്നിലുള്ള ഏക താരം.
ടെസ്റ്റില്‍ 11 തവണ പ്ലെയര്‍ ഓഫ് ദി സിരീസ് പുരസ്കാരം സ്വന്തമാക്കിയ താരം. ടെസ്റ്റിലെ അപൂര്‍വ നേട്ടം. എല്ലാ ഫോര്‍മാറ്റിലും പ്ലെയര്‍ ഓഫ് ദി പുരസ്കാരം നേടിയവരുടെ പട്ടികയില്‍ ഏഴാമതാണ് അശ്വിന്‍. ഏറ്റവും വേഗത്തില്‍ 500 വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത്തെ താരവും അശ്വിനാണ്. 98 മത്സരങ്ങളില്‍ നിന്നായിരുന്നു അശ്വിന്റെ നേട്ടം. ഒരു ടെസ്റ്റ് മത്സരത്തില്‍ തന്നെ അഞ്ച് വിക്കറ്റ് നേട്ടവും, സെഞ്ചുറിയും നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന ബഹുമതിയും അശ്വിനുണ്ട്. വിനൂ മങ്കാദ്, പോളി ഉംറിഗര്‍, രവീന്ദ്ര ജഡേജ എന്നിവരാണ് മറ്റു മൂന്നുപേര്‍.
ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേട്ടം 37 തവണ. ഇക്കാര്യത്തില്‍ ഷെയ്ൻ വോണിനൊപ്പം രണ്ടാം സ്ഥാനത്താണ് അശ്വിന്‍. 67 അഞ്ച് വിക്കറ്റ് നേട്ടമുള്ള ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ് ഒന്നാമത്. ടെസ്റ്റില്‍ ബെന്‍ സ്റ്റോക്സിനെ 13 തവണ പുറത്താക്കിയിട്ടുണ്ട് അശ്വിന്‍. ഒരു ബാറ്ററെ ഏറ്റവും കൂടുതല്‍ പുറത്താക്കുന്ന ഇന്ത്യന്‍ ബൗളര്‍. മാത്രമല്ല, ടെസ്റ്റില്‍ ഏറ്റവും കൂടുതൽ ഇടംകയ്യൻമാരെ പുറത്താക്കിയ ബൗളറെന്ന റെക്കോർഡ് അശ്വിന്റെ പേരിലാണ്. 268 തവണയാണ് ഇടംകയ്യൻ ബാറ്റർമാർ അശ്വിനു മുന്നിൽ വീണത്.
ബാറ്ററും ഫാസ്റ്റ് ബൗളറുമാകാന്‍ കൊതിച്ച് ഒടുവില്‍ ലെഗ് സ്പിന്നില്‍ വിസ്മയം തീര്‍ത്ത അനില്‍ കുംബ്ലൈയായിരുന്നു ഫീല്‍ഡിലും പുറത്തുമെല്ലാം അശ്വിന്റെ റോള്‍ മോഡല്‍. അക്കാദമിക രംഗത്തും, ക്രിക്കറ്റിലും അത് പ്രകടമാണ്. കുറവുകള്‍ തിരിച്ചറിഞ്ഞും തിരുത്തിയുമാണ്, ഇരുവരും നേട്ടങ്ങളുടെ പട്ടികയിലേക്ക് നടന്നടുത്തത്. 13 വര്‍ഷത്തെ ക്രിക്കറ്റ് കരിയറില്‍ അവിസ്മരണീയമായ ഒരുപിടി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് അശ്വിന്‍ ദേശീയകുപ്പായം ഊരുന്നത്. ആ സ്പിന്‍ മാജിക്ക് ഇനി ഐപിഎല്ലില്‍ മാത്രമായി തുടരും.