NEWSROOM

യുവേഫ ചാംപ്യൻസ് ലീഗ്: വിനീഷ്യസില്ലാതെ റയൽ മാഡ്രിഡ് ആൻഫീൽഡിൽ, അട്ടിമറിക്കാനൊരുങ്ങി ലിവർപൂൾ

ചാംപ്യൻസ് ലീഗിലെ ഇതുവരെയുള്ള എല്ലാ മത്സരങ്ങളും ജയിച്ച ഏക ടീമെന്ന ആത്മവിശ്വാസത്തിലാണ് ലിവർപൂൾ ഇന്ന് രാത്രി ആൻഫീൽഡിലെ ഹോം ഗ്രൗണ്ടിൽ പന്തു തട്ടാനിറങ്ങുക

Author : ന്യൂസ് ഡെസ്ക്


യുവേഫ ചാംപ്യൻസ് ലീഗിൽ ഇന്ന് രാത്രി ഒരു ക്ലാസിക് പോരാട്ടത്തിനാണ് വേദിയൊരുങ്ങുന്നത്. നിലവിലെ ചാംപ്യന്മാരായ റയൽ മാഡ്രിഡ് രാത്രി 1.30ന് മുൻ ചാംപ്യന്മാരായ ലിവർപൂളിനെ നേരിടും. ചാംപ്യൻസ് ലീഗിലെ ഇതുവരെയുള്ള എല്ലാ മത്സരങ്ങളും ജയിച്ച ഏക ടീമെന്ന ആത്മവിശ്വാസത്തിലാണ് ആർനെ സ്ലോട്ടിന്‍റെ പരിശീലനത്തിൽ ഒരുങ്ങുന്ന ലിവർപൂൾ ഇന്ന് രാത്രി ആൻഫീൽഡിലെ ഹോം ഗ്രൗണ്ടിൽ പന്തു തട്ടാനിറങ്ങുക.

ഇത്തവണ റയലിൻ്റെ തുടക്കം പ്രതീക്ഷിച്ചത് പോലെയായിരുന്നില്ല. രണ്ട് ജയവും തോൽവിയുമുളള റയൽ മാഡ്രിഡ് ലീഗിൽ 21-ാം സ്ഥാനത്താണ്. നാല് മാച്ചിൽ നാലും ജയിച്ച ലിവര്‍പൂള്‍ ആകട്ടെ മൂന്നാം സ്ഥാനത്തുമാണ്. ഏതാനും താരങ്ങൾ പരുക്കിന്‍റെ പിടിയിലായതിനാൽ റയൽ കോച്ച് കാ‍ർലോ ആഞ്ചലോട്ടി ആരെയൊക്കെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തുമെന്നാണ് റയൽ ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

പരുക്കേറ്റ ബ്രസീലിയൻ താരം വിനിഷ്യസ് ജൂനിയർ ഇല്ലാതെയാവും റയൽ ഇന്ന് ആൻഫീൽഡിൽ കളിക്കാനിറങ്ങുക. ബ്രാഹിം ഡിയാസ് വിനിഷ്യസിന് പകരക്കാരനാവും. മുന്നേറ്റത്തിൽ കിലിയൻ എംബാപ്പെ, ജൂഡ് ബെല്ലിങ്ഹാം എന്നിവരിൽ നിന്ന് കൂടുതൽ മെച്ചപ്പെട്ട പ്രകടനമാണ് ടീം പ്രതീക്ഷിക്കുന്നത്.



മുഹമ്മദ് സലാ, സോബോസ്ലായ്, ഡാർവിൻ നുനിയസ്, എന്നിവർക്കൊപ്പം അലക്സിസ് മക് അലിസ്റ്ററും ലൂയിസ് ഡിയാസും തിരിച്ചെത്തുമ്പോൾ ലിവർപൂൾ കോച്ചിന് കാര്യങ്ങൾ എളുപ്പമാവും. വിർജിൻ വാൻഡിജിക്കും ട്രെന്‍റ് അലക്സാണ്ടർ അർനോൾഡും അണിനിരക്കുന്ന ലിവർപൂൾ പ്രതിരോധം കരുത്തുറ്റതാണ്.

കളിക്കളത്തിലെ ഫോമില്‍ ലിവര്‍പൂൾ മുന്നിലാണെങ്കിലും കണക്കിൽ മുന്നിൽ റയലാണ്. 11 കളിയിൽ റയൽ ഏഴിലും ലിവർപൂൾ മൂന്നിലും ജയിച്ചു. ഒരു മത്സരം സമനിലയിൽ കലാശിച്ചു. ഇന്നത്തെ മറ്റു മത്സരങ്ങളിൽ ആസ്റ്റൻ വില്ല യുവന്‍റസിനേയും, മൊണാക്കോ ബെൻഫിക്കയേയും, ബൊറൂസിയ ഡോർട്ട്മുണ്ട് ഡൈനാമോ സാഗ്രെബിനെയും നേരിടും.

ലിവർപൂൾ vs റയൽ മാഡ്രിഡ് യുവേഫ ചാംപ്യൻസ് ലീഗ് മത്സരം എങ്ങനെ കാണാം?

ലിവർപൂൾ-റയൽ മാഡ്രിഡ് തമ്മിലുള്ള യുവേഫ ചാംപ്യൻസ് ലീഗ് 2024-25 മത്സരം ഇന്ന് രാത്രി 1.30ന് തത്സമയം സംപ്രേക്ഷണം ചെയ്യും. ഇത് സോണി ലിവ് ആപ്പിലും ഓൺലൈനിലും തത്സമയം കാണാം.

SCROLL FOR NEXT