NEWSROOM

"പ്രശ്നങ്ങൾക്ക് കാരണം ജില്ലാ സെക്രട്ടറിയുടെ ധാർഷ്ട്യം,"; വിമർശനവുമായി കൊഴിഞ്ഞാമ്പാറയിലെ വിമതർ

കൊഴിഞ്ഞാമ്പാറയിൽ സമാന്തര ഓഫീസ് തുടങ്ങിയ വിമതർ വർഗ ബഹുജന സംഘടനകൾക്കും സമാന്തര പ്രവർത്തനം ആരംഭിക്കുമെന്ന് വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷവിമർശനവുമായി കൊഴിഞ്ഞാമ്പാറയിലെ വിമതർ. ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ്ബാബുവിൻ്റെ ധാർഷ്ട്യമാണ് കൊഴിഞ്ഞാമ്പാറയിലെ പ്രശ്നങ്ങൾക്ക് കാരണമെന്നും, ജില്ലാ സെക്രട്ടറി തന്നെ വിഭാഗീയതയ്ക്ക് നേതൃത്വം നൽകുകയാണെന്നും വിമതർ ആരോപിച്ചു. കൊഴിഞ്ഞാമ്പാറയിൽ സമാന്തര ഓഫീസ് തുടങ്ങിയ വിമതർ വർഗ ബഹുജന സംഘടനകൾക്കും സമാന്തര പ്രവർത്തനം ആരംഭിക്കുമെന്ന് വ്യക്തമാക്കി.


കൊഴിഞ്ഞാമ്പാറയിൽ ഇഎംഎസ് സ്മാരകം എന്ന പേരിൽ ഓഫീസ് തുറന്ന്, സിപിഎം വിമതർ സമാന്തര പ്രവർത്തനം ആരംഭിച്ചിട്ടും, പ്രശ്ന പരിഹാരത്തിന് സംസ്ഥാന - ജില്ലാ നേതൃത്വം ഒരിടപെടലും നടത്താത്തതിന് പിന്നിൽ ജില്ലാ സെക്രട്ടറി ആണെന്നാണ് വിമതരുടെ ആരോപണം. ജില്ലാ സെക്രട്ടറിയുടെ ധാർഷ്ട്യമാണ് പ്രശ്നത്തിന് കാരണമെന്നും, ജില്ലാ സെക്രട്ടറി പച്ചക്കള്ളം പറയുകയാണെന്നും വിമത നേതാവ് കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡൻ്റ് എം. സതീഷ് പറഞ്ഞു.

കൊഴിഞ്ഞാമ്പാറ ഒന്ന്, രണ്ട് ലോക്കൽ കമ്മിറ്റികളിലായി 250ഓളം ബ്രാഞ്ച് മെമ്പർമാർ ഒപ്പമുണ്ടെന്നാണ് വിമതർ അവകാശപ്പെടുന്നത്. വിഭാഗീയ പ്രവർത്തനം നടത്തുന്നത് ജില്ലാ സെക്രട്ടറിയാണെന്നും ഇവർ ആരോപിച്ചു. കൊഴിഞ്ഞാമ്പാറയിൽ സിപിഎം നടത്തിയ ലോക്കൽ സമ്മേളനങ്ങളിൽ പുറത്ത് നിന്നുള്ളവരെ കൊണ്ടുവന്നാണ് ക്വാറം തികച്ചതെന്നും വിമതർ പറയുന്നു. സിപിഎമ്മിന്റെ വർഗബഹുജന സംഘടനകൾക്കും സമാന്തര പ്രവർത്തനം ആരംഭിക്കുമെന്നും വിമതർ വ്യക്തമാക്കി. പ്രശ്നം പരിഹരിക്കാത്തതിൽ സിപിഎമ്മിനകത്തും അമർഷമുണ്ട്.

SCROLL FOR NEXT