NEWSROOM

ജീവൻ പണയം വെച്ച്...; ഇംഗ്ലീഷ് ചാനൽ കടക്കാനെത്തുന്നത് നൂറ് കണക്കിന് അനധികൃത കുടിയേറ്റക്കാർ

ഇൻ്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ റിപ്പോർട്ട് പ്രകാരം ഈ വർഷം യു.കെയിലേക്ക് കടക്കാൻ ശ്രമിച്ച 30 കുടിയേറ്റക്കാരെങ്കിലും മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്


ഇംഗ്ലീഷ് ചാനൽ കടന്ന് ഇംഗ്ലണ്ടിലേക്ക് രേഖകളില്ലാതെ വരുന്നവരുടെ എണ്ണത്തിന് കുറവില്ലെന്ന് വ്യക്തമാക്കുകയാണ് കഴിഞ്ഞ ദിവസം ഉണ്ടായ അപകടം. അടിയൊഴുക്ക് കൂടിയ ഇംഗ്ലീഷ് ചാനലിലൂടെയുള്ള യാത്ര അപകടം വിളിച്ചുവരുത്തുമെന്നറിഞ്ഞിട്ടും, നൂറുകണക്കിനാളുകളാണ് എല്ലാ ആഴ്ചയും ജീവൻ പണയം വെച്ച് യാത്ര തിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഇംഗ്ലീഷ് ചാനലിൽ കുടിയേറ്റക്കാരുമായി സഞ്ചരിച്ച ബോട്ട് അപകടത്തിൽപെട്ട് 13 പേർ മരിച്ചിരുന്നു. ഇംഗ്ലണ്ടിലേക്ക് കുടിയേറാൻ ശ്രമിച്ച അമ്പതിലധികം പേരടങ്ങുന്ന സംഘം സഞ്ചരിച്ച ബോട്ടാണ് മുങ്ങിയത്. ഈ സംഭവത്തോടെ വീണ്ടും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രതിസന്ധിയിലായിരിക്കുകയാണ്. അനധികൃത കുടിയേറ്റം എങ്ങനെ കൈകാര്യം ചെയ്യണമെന്നത് നിലവിൽ ബ്രിട്ടീഷ്- ഫ്രഞ്ച് സർക്കാരുകളുടെ പരിഗണന വിഷയങ്ങളിലൊന്നാണ്. വിഷയത്തിൽ, കഴിഞ്ഞ ആഴ്ച ഇരുവരും ചർച്ച നടത്തിയിരുന്നു.

ശക്തമായ അടിയൊഴുക്കുള്ള, വളരെ തിരക്കേറിയ ഷിപ്പിങ് ലൈനുകളിലൊന്നാണ് ഇംഗ്ലീഷ് ചാനൽ. അതിനാൽ തന്നെ ചെറിയ ബോട്ടുകളിൽ ചാനൽ കടക്കാൻ ശ്രമിക്കുമ്പോൾ അപകടത്തിൽപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. കഴിഞ്ഞ വർഷം മാർച്ച് മുതൽ ഈ വർഷം മെയ് വരെ ഏകദേശം 40,000ത്തിൽ പരം ആളുകൾ അനധികൃതമായി യുകെയിൽ എത്തിയെന്നാണ് കണക്കുകൾ. ചെറിയ ബോട്ടുകളിലുൾപ്പെടെ അപകടരമായ രീതിയിലാണ് ഇവർ ഇംഗ്ലണ്ടിലെത്താൻ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ അപകടങ്ങളിൽപ്പെട്ട് മരിക്കുന്നവരുടെ എണ്ണവും ചെറുതല്ല.

യൂറോപ്പിലെ വർധിച്ചുവരുന്ന കർശനമായ അഭയാർഥി നിയമങ്ങളും, വിദേശീയരോടുള്ള വിദ്വേഷവും, കുടിയേറ്റക്കാരോടുള്ള ശത്രുതാപരമായ പെരുമാറ്റവും ആളുകളെ പലായനം ചെയ്യാൻ പ്രേരിപ്പിക്കുന്നതായാണ് വിവിധ സർവേ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.

SCROLL FOR NEXT