ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള 
NEWSROOM

"സഭയില്‍ മഹാഭാരതം പറയുന്നത് ഇപ്പോള്‍ ഒരു സമ്പ്രദായം ആയിരിക്കുന്നു"; ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള

സഭയില്‍ തുടര്‍ന്ന് വരുന്ന മഹാഭാരത പരാമര്‍ശങ്ങളെ മുന്‍നിര്‍ത്തിയാണ് സ്പീക്കര്‍ ഒം ബിര്‍ളയുടെ പ്രസ്താവന

Author : ന്യൂസ് ഡെസ്ക്

സഭയില്‍ മഹാഭാരതം പറയുന്നത് ഇപ്പോള്‍ ഒരു സമ്പ്രദായം ആയിരിക്കുന്നെന്ന് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള. കഥ വിവരിക്കാതെ ചോദ്യങ്ങള്‍ ചോദിക്കാന്‍ പറഞ്ഞു കൊണ്ടായിരുന്നു വെള്ളിയാഴ്ച സ്പീക്കറിന്‍റെ പരാമര്‍ശം.

ആരോഗ്യ വകുപ്പ് മന്ത്രിയോട് ചോദ്യം ചോദിച്ച ഒഡീഷയില്‍ നിന്നുള്ള ബിജെപി എംപി പ്രദീപ് പുരോഹിതാണ് വിഷയത്തില്‍ നിന്നും പുരാണത്തിലേക്ക് എത്തിയത്. ആയുര്‍വേദ കോളേജിനെപ്പറ്റി സംസാരിച്ചാണ് എംപി ഔഷധ സസ്യങ്ങളുടെ പൗരാണിക ചരിത്രത്തില്‍ ചെന്നെത്തിയത്.

"താങ്കള്‍ മഹാഭാരതം പറയാതെ ചോദ്യം ചോദിക്കൂ", പ്രദീപ് പുരോഹിതിനോട് ബിര്‍ള ആവശ്യപ്പെട്ടു. അതിനു ശേഷമാണ് സഭയില്‍ മഹാഭാരത കഥ പറയുന്നത് ഇപ്പോള്‍ പതിവായിരിക്കുന്നെന്ന് സ്പീക്കര്‍ പറഞ്ഞത്.


ഈ ആഴ്ചയാണ് രാഹുല്‍ ഗാന്ധി ലോക് സഭയില്‍ ''ചക്രവ്യൂഹ' പരാമര്‍ശം നടത്തിയത്. കോടിക്കണക്കിന് ആളുകളെ അപായപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ ചക്രവ്യൂഹം നിര്‍മിച്ചിരിക്കുകയാണെന്നായിരുന്നു രാഹുല്‍ സഭയില്‍ പ്രസംഗിച്ചത്. താമര ചിഹ്നം എടുത്തുകാട്ടുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച രാഹുല്‍ 21-ാം നൂറ്റാണ്ടില്‍ പുതിയ ഒരു ചക്രവ്യൂഹം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണെന്ന് വാദിച്ചു. ഇതിനെതിരെ ബിജെപി നേതാവ് അനുരാഗ് താക്കൂര്‍ രംഗത്ത് വന്നിരുന്നു. രാഹുലിന്‍റെ പ്രസ്താവന വസ്തുതയുടെയും തമാശയുടെയും ശരിയായ മിശ്രിതമാണെന്നാണ് അനുരാഗ് താക്കൂര്‍ പറഞ്ഞത്. ഇത്തരത്തില്‍ സഭയില്‍ തുടര്‍ന്ന് വരുന്ന മഹാഭാരത പരാമര്‍ശങ്ങളെ മുന്‍നിര്‍ത്തിയാണ് സ്പീക്കര്‍ ഒം ബിര്‍ളയുടെ പ്രസ്താവന.

SCROLL FOR NEXT