NEWSROOM

പട്ടാമ്പി പാലത്തിൻ്റെ കൈവരികളുടെ പുനർനിർ‍മാണം അന്തിമഘട്ടത്തിൽ; കരാറില്‍ അഴിമതിയുണ്ടെന്ന് നാട്ടുകാർ

പുഴയിലെ വെള്ളം ഇറങ്ങി ഒരു മാസത്തിന് ശേഷമാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്. നിർമാണം വൈകിയതിനെ തുടർന്ന് പ്രതിപക്ഷം നിരവധി പ്രക്ഷോഭങ്ങൾ നടത്തിയിരുന്നു

Author : ന്യൂസ് ഡെസ്ക്

വെള്ളപ്പൊക്കത്തിൽ തകർന്ന പാലക്കാട് പട്ടാമ്പി പാലത്തിൻ്റെ കൈവരികളുടെ പുനർനിർ‍മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ. പുഴയിലെ വെള്ളം ഇറങ്ങി ഒരു മാസത്തിന് ശേഷമാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്. നിർമാണം വൈകിയതിനെ തുടർന്ന് പ്രതിപക്ഷം നിരവധി പ്രക്ഷോഭങ്ങൾ നടത്തിയിരുന്നു.

ജൂലൈ 30നാണ് കാലവർഷത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ പട്ടാമ്പി പാലം മുങ്ങിയത്. 24 മണിക്കൂറിന് ശേഷം വെള്ളമിറങ്ങിയെങ്കിലും പാലം ഗതാഗതത്തിന് തുറന്നു കൊടുത്തിരുന്നില്ല. വെള്ളപ്പൊക്കത്തില്‍ കൈവരികൾ പകുതിയും തകരുകയും റോഡ് ഗതാഗത യോഗ്യമല്ലാതായി തീരുകയും ചെയ്തിരുന്നു. ആഴ്ചകൾക്കു ശേഷം നടന്ന പരിശോധനയെ തുടർന്ന് പാലത്തിലൂടെ കാൽനട യാത്രയും പിന്നീട് ഒറ്റവരി ഗതാഗതവും ആരംഭിച്ചു.

2018ലെ പ്രളയത്തിന് ശേഷം യുദ്ധകാലാടിസ്ഥാനത്തിൽ കൈവരി നിർമിച്ചിരുന്നു. എന്നാല്‍ ഇത്തവണ നടപടികളെല്ലാം വൈകി. ഇതോടെയാണ് പ്രതിഷേധങ്ങള്‍ ഉയർന്നത്.  18 ലക്ഷം രൂപ ചെലവിലാണ് പഴയ കൈവരികളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. കരാർ നൽകിയതിൽ അഴിമതിയുണ്ടെന്നും, പഴയ കൈവരി അറ്റകുറ്റപ്പണി നടത്താനെന്തിനാണ് 18 ലക്ഷമെന്നുമാണ് നാട്ടുകാർ ചോദിക്കുന്നത്.

2018ൽ കൈവരി സ്ഥാപിച്ച കോണ്‍ട്രാക്ടർ തന്നെയാണ് ഇത്തവണയും ടെന്‍ഡറിലൂടെ കരാർ എടുത്തത്. പാലത്തിലൂടെ രണ്ട് വരി ഗതാഗതം ആരംഭിക്കുന്നതോടെ പട്ടാമ്പി നേരിടുന്ന രൂക്ഷമായ ഗതാഗത കുരുക്കിന് താല്‍ക്കാലിക പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

SCROLL FOR NEXT