മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി വർഗ്ഗ വഞ്ചകനെന്ന് റെഡ് ആർമി ഫെയ്‌സ്‌ബുക്ക് പേജ്. പി. ശശിയെ പാർട്ടിയിൽ വെച്ചു പൊറുപ്പിക്കരുതെന്നും പോസ്റ്റിൽ പറയുന്നു. നേരത്തെ വിവാദമായ പി.ജെ. ആർമിയെന്ന ഫെയ്‌സ്‌ബുക്ക് പേജാണ് പിന്നീട് പേരുമാറ്റി റെഡ് ആർമി ആയത്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങൾക്ക് മുഖ്യമന്ത്രിയും പാർട്ടിയും ഏറ്റവും ആർജവമുള്ള തീരുമാനം കൈക്കൊള്ളുമെന്നാണ് വിശ്വാസമെന്ന് റെഡ് ആർമി പറയുന്നു. എസ്എഫ്ഐ, ഡി വൈ എഫ് ഐ പ്രവർത്തകർക്കെതിരെ കള്ളക്കേസ് എടുക്കാൻ പി. ശശി പൊലീസിന് സ്വാതന്ത്ര്യം നൽകിയെന്ന് റെഡ് ആർമി പോസ്റ്റിലൂടെ വിമർശിച്ചു. സ്വർണക്കടത്തും കൊലപാതകവും അടക്കമുള്ള എഡിജിപിയുടെ പ്രവൃത്തികൾക്ക് ശശി മൗനാനുവാദം നൽകിയെന്നും വിമർശനമുണ്ട്.
പി.വി. അൻവർ ഒരു വിപ്ലവ മാതൃകയാണ് കാണിച്ചതെന്ന് പറഞ്ഞ പോസ്റ്റിൽ ലോക്സഭ തെരഞ്ഞെടുപ്പിലെ തോൽവി വരാനിരിക്കുന്ന വിപത്തിന്റെ അശരീരിയാണ് എന്നും റെഡ് ആർമി ഓർമിപ്പിക്കുന്നു. നേരത്തെ പി ജയരാജന്റെ അനുയായികൾ എന്ന പേരിൽ പ്രവർത്തിച്ചു വന്ന പി ജെ ആർമി ഫെസ്ബുക് പേജ് വ്യക്തിപൂജ വിവാദത്തിന് ശേഷമാണ് റെഡ് ആർമി എന്ന് പേര് മാറ്റിയത്.