NEWSROOM

ഗുരുവായൂർ ക്ഷേത്രത്തിലെ റീല്‍സ് ചിത്രീകരണം: രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി

നടപ്പന്തലിലും ദീപസ്തംഭത്തിന് മുമ്പിൽ നിന്നുമുള്ള വീഡിയോ ചിത്രീകരിച്ചാണ് രാജീവ് ചന്ദ്രശേഖർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്

Author : ന്യൂസ് ഡെസ്ക്

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനിടയില്‍ റീൽസ് ചിത്രീകരിച്ച സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി. കോൺഗ്രസ് നേതാവ് വി.ആർ. അനൂപാണ് ഗുരുവായൂർ ടെമ്പിൾ പൊലീസിന് പരാതി നൽകിയത്. ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് ബിജെപി അധ്യക്ഷൻ ക്ഷേത്ര പരിസരത്ത് റീൽസ് ചിത്രീകരിച്ചതെന്നാണ് പരാതി.

നടപ്പന്തലിലും ദീപസ്തംഭത്തിന് മുമ്പിൽ നിന്നുമുള്ള വീഡിയോ ചിത്രീകരിച്ചാണ് രാജീവ് ചന്ദ്രശേഖർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. വിവാഹങ്ങൾക്കും ആചാരപരമായ ചടങ്ങുകളുടെ ഭാ​ഗമായും മാത്രം നടപന്തലിൽ വീഡിയോ ചിത്രീകരണത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയായിരുന്നു റീൽസ് ചിത്രീകരണം. ഹൈക്കോടതി വിലക്കുള്ളതിനാൽ വിഷു ദിനത്തിൽ ക്ഷേത്രത്തിനുള്ളിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിന് മാധ്യമങ്ങളെ അധികൃതർ അനുവദിച്ചിരുന്നില്ല. ക്ഷേത്രത്തിന് വെളിയിൽ നിന്നാണ് മാധ്യമങ്ങൾ അന്നേ ദിവസത്തെ വാർത്ത റിപ്പോർട്ട് ചെയ്തത്.

നേരത്തെ ഇതേ സ്ഥലത്ത് റീൽസ് ചിത്രീകരിച്ച കോഴിക്കോട് സ്വദേശിനി ജസ്ന സലീമിനെതിരെ കലാപശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു. ക്ഷേത്രത്തിലെ കിഴക്കേ ദീപസ്തംഭത്തിനടുത്തെ ഇ - ഭണ്ഡാരത്തിന് മുകളിലുള്ള കൃഷ്ണ വിഗ്രഹത്തിൽ വിവിധ നിറങ്ങളിലുള്ള കടലാസ് മാല ചാർത്തി വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് ജസ്ന സലീമിനെതിരെ കേസെടുത്തത്. ഗുരുവായൂർ ടെമ്പിൾ പൊലീസിൻറെയായിരുന്നു നടപടി.

നേരത്തെ ജസ്ന ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ചതും ക്ഷേത്രത്തിലെത്തിയ മറ്റു ഭക്തരുമായി തർക്കത്തിലേർപ്പെട്ടതും വാർത്തയായിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ഗുരുവായൂർ ക്ഷേത്രം നൽകിയ പരാതിയിലാണ് ക്ഷേത്ര നടപ്പന്തലിൽ വീഡിയോ ചിത്രീകരണത്തിന് നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി ഉത്തരവിട്ടത്. ക്ഷേത്രങ്ങൾ ഭക്തർക്കുള്ള ഇടമാണെന്നും അവിടെവെച്ച് ഇത്തരത്തിൽ ചിത്രങ്ങളെടുത്ത് സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമായിരുന്നു ഹൈക്കോടതിയുടെ നിലപാട്.

SCROLL FOR NEXT