NEWSROOM

നേപ്പാളിൽ ഭരണമാറ്റം: കെ. പി ശർമ ഒലി നാളെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

കഴിഞ്ഞ ദിവസം നടന്ന വിശ്വാസവോട്ടെടുപ്പിൽ നേതാവ് പുഷ്പ കമാൽ ദഹൽ എന്ന പ്രചണ്ഡ പരാജയപ്പെട്ടതിനെ തുടർന്നാണ് ഒലിക്ക് സ്ഥാനം ലഭിച്ചത്

Author : ന്യൂസ് ഡെസ്ക്

നേപ്പാള്‍ പ്രധാനമന്ത്രിയായി കെ. പി. ശര്‍മ ഒലി നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. കഴിഞ്ഞദിവസം നടന്ന വിശ്വാസവോട്ടെടുപ്പില്‍ നേതാവ് പുഷ്പ കമാല്‍ ദഹല്‍ എന്ന പ്രചണ്ഡ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കെപി ശര്‍മ ഒലിയെ നേപ്പാള്‍ പ്രസിഡന്റ് പുതിയ പ്രധാനമന്ത്രിയായി നിയമിച്ചത്.

മുന്‍ പ്രധാനമന്ത്രിമാരായ ഷേര്‍ ബഹദൂര്‍ ദുബെയുടെയും കെ.പി.ശര്‍മ ഒലിയുടെയും നേതൃത്വത്തില്‍ പുതിയ സഖ്യം രൂപീകരിച്ചതോടെയാണ് നേപ്പാളിലെ പ്രചണ്ഡ സര്‍ക്കാര്‍ വീണത്. ഒലി അധ്യക്ഷനായുള്ള നേപ്പാള്‍ യൂണിഫൈഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ്, നേപ്പാളി കോണ്‍ഗ്രസ് സഖ്യം 165 എംപിമാരുടെ പിന്തുണക്കത്ത് പ്രസിഡന്റ് റാം ചന്ദ്ര പൗഡേലിനു നല്‍കിയിരുന്നു.

275 അംഗങ്ങളുള്ള പാര്‍ലമെന്റിലെ വിശ്വാസ വോട്ടെടുപ്പില്‍ പ്രചണ്ഡയ്ക്ക് 63 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. സഖ്യത്തിലെ ധാരണ അനുസരിച്ച് 21 മന്ത്രിമാരില്‍ നേപ്പാളി കോണ്‍ഗ്രസിന് ഒന്‍പതും യുഎംഎലിന് പ്രധാനമന്ത്രി ഒലിയെ കൂടാതെ എട്ടും മന്ത്രിമാരെ ലഭിക്കും. ചെറുകക്ഷികള്‍ക്കാണ് മറ്റു മന്ത്രിസ്ഥാനം. നേപ്പാളി കോണ്‍ഗ്രസ് 88, യുഎംഎല്‍ 77 എന്നിങ്ങനെയാണ് എംപിമാരുടെ എണ്ണം. ആദ്യ 18 മാസം പ്രധാനമന്ത്രിയാകുന്ന ഒലി അതിനുശേഷം പദവി നേപ്പാളി കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷേര്‍ ബഹദൂര്‍ ദുബെയ്ക്കു കൈമാറണമെന്നാണ് ധാരണ.

SCROLL FOR NEXT