NEWSROOM

ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പുനരന്വേഷണം; രണ്ടാംപ്രതി അനിത കുമാരിക്ക് ജാമ്യം

കുട്ടിയുടെ സഹോദരന്റെ മൊഴിയിലെ അവ്യക്തത തീര്‍ക്കുന്നതിന്റെ ഭാഗമായിട്ടാണ് പുനരന്വേഷണം

Author : ന്യൂസ് ഡെസ്ക്

കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസിന്റെ തുടരന്വേഷണ അപേക്ഷ കോടതി അംഗീകരിച്ചു. പിതാവിന്റെ രഹസ്യമൊഴിയെടുക്കാനും അന്വേഷണസംഘം തീരുമാനിച്ചു. കുട്ടിയുടെ സഹോദരന്റെ മൊഴിയിലെ അവ്യക്തത തീര്‍ക്കുന്നതിന്റെ ഭാഗമായിട്ടാണ് പുനരന്വേഷണം നടത്തുന്നത്.

അതേസമയം, കേസിലെ രണ്ടാം പ്രതി അനിതകുമാരിക്ക് കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. മൂന്നാം പ്രതി അനുപമ പത്മന് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. പഠനാവശ്യത്തിനായി ജാമ്യം അനുവദിക്കണമെന്ന അനുപമയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

കഴിഞ്ഞവര്‍ഷം നവംബര്‍ 27 നാണ് ഓയൂരില്‍നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയ ശേഷം കുട്ടിയെ പ്രതികള്‍ ഇവരുടെ വീട്ടില്‍ താമസിപ്പിക്കുകയായിരുന്നു. കുട്ടിയുടെ മോചനത്തിന് മാതാപിതാക്കളോട് 10 ലക്ഷം രൂപയാണ് പ്രതികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍, മാധ്യമങ്ങളിലൂടെയും മറ്റും വ്യാപക ജനശ്രദ്ധ കേസിന് കൈവന്നു. ശേഷം പോലീസ് ഊര്‍ജിതമായി തിരച്ചില്‍ ആരംഭിച്ചതോടെ പ്രതികള്‍ കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയായിരുന്നു.

പത്മകുമാര്‍, ഭാര്യ അനിതകുമാരി, മകള്‍ അനുപമ എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ വന്ന വാഹനത്തില്‍ നാല് പേരെ കണ്ടതായി സഹോദരന്‍ മൊഴി നല്‍കിയിരുന്നു. എഡിജിപി എം.ആര്‍ അജിത്കുമാറിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് കുട്ടിയുടെ പിതാവ് പുതിയ സംശയം ഉന്നയിച്ച് രംഗത്തെത്തിയത്. കുട്ടി പറഞ്ഞ നാല് പേരില്‍ ഒരാളെ കുറിച്ച് കൃത്യമായ അന്വേഷണം നടന്നിട്ടില്ല എന്നായിരുന്നു ആരോപണം. ഇതേ തുടര്‍ന്നാണ് അന്വേഷണസംഘം കോടതിയെ സമീപിച്ചത്.

SCROLL FOR NEXT