NEWSROOM

തലയ്ക്കും CSKയ്ക്കും ആശ്വാസം; റുതുരാജിന് പകരക്കാരനായി 17കാരൻ മുംബൈ ഓപ്പണർ ടീമിൽ

ഐ‌പി‌എൽ 2025 സീസണിന്റെ ശേഷിക്കുന്ന മത്സരങ്ങൾക്കായി യുവതാരം സി‌എസ്‌കെ ടീമിൽ ചേരുമെന്ന് സിഎസ്‌കെ വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്


പരിക്കേറ്റ് സീസണിൽ നിന്ന് പുറത്തായ ചെന്നൈ സൂപ്പർ കിങ്സ് നായകൻ റുതുരാജ് ഗെയ്‌ക്‌വാദിന് പകരം 17കാരൻ യുവതാരത്തെ ടീമിലെത്തിച്ച് ടീം മാനേജ്മെൻ്റ്. കൈമുട്ടിലെ ഹെയർലൈൻ ഫ്രാക്ചർ കാരണമാണ് റുതുരാജിന് സീസൺ പൂർണമായും നഷ്ടമായത്. ഇതോടെ മുൻ ഡൽഹി ഓപ്പണറായ പൃഥ്വി ഷായെ ടീമിലെത്തിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. എന്നാൽ ഈ ഊഹാപോഹങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് 17കാരനായ മുംബൈ ഓപ്പണർ ആയുഷ് മാത്രെയെ ടീമിലെത്തിച്ചിരിക്കുന്നത്.



ഐ‌പി‌എൽ 2025 സീസണിന്റെ ശേഷിക്കുന്ന മത്സരങ്ങൾക്കായി യുവതാരം സി‌എസ്‌കെ ടീമിൽ ചേരുമെന്ന് സിഎസ്‌കെ വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ സി‌എസ്‌കെയുടെ അടുത്ത മത്സരത്തിനായി ലഖ്‌നൗവിലേക്ക് പോകാൻ ആയുഷ് മാത്രെയ്ക്ക് മതിയായ സമയമില്ല. എന്നിരുന്നാലും 2025 ഏപ്രിൽ 20ന് വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ നടക്കുന്ന വമ്പൻ മത്സരത്തിൽ അദ്ദേഹം കളിച്ചേക്കും.



നേരത്തെ, സി‌എസ്‌കെ മാനേജ്‌മെൻ്റ് മാത്രെയോട് ട്രയൽസിനായി ചെന്നൈയിലേക്ക് വരാൻ ആവശ്യപ്പെട്ടിരുന്നു. അന്ന് അദ്ദേഹത്തിൻ്റെ പ്രകടനം സിഎസ്കെ സപ്പോർട്ട് സ്റ്റാഫിനെ വളരെയധികം ആകർഷിച്ചിരുന്നു. അതിനാലാണ് നായകന് പകരക്കാരനായി ഓപ്പണിങ് സ്ഥാനത്തേക്ക് മുംബൈ താരത്തെ സ്ഥിരീകരിച്ചത്.

മുംബൈ ക്രിക്കറ്റ് സർക്കിളുകളിൽ ഈ യുവതാരത്തിന് വലിയ സ്വീകാര്യതയാണുള്ളത്. 9 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ച്വറികളും ഒരു അർദ്ധ സെഞ്ച്വറിയുമുൾപ്പെടെ 504 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്.

SCROLL FOR NEXT