NEWSROOM

യാത്രാദുരിതത്തിന് ആശ്വാസം; കണ്ണൂരിലേക്ക് പുതുതായി അനുവദിച്ച പാസഞ്ചർ ട്രെയിൻ കാസർ​ഗോ‍ഡുമെത്തും

ഉത്തരമലബാറിലെ യാത്രാ ദുരിതത്തിന് മെമു സർവീസ് വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ട്രെയിൻ ഇല്ലാത്ത സമയങ്ങളിൽ കെഎസ്ആർടിസി ബസിലാണ് ജനങ്ങൾക്ക് യാത്ര ചെയ്യേണ്ടി വരുന്നത്

Author : ന്യൂസ് ഡെസ്ക്

കാസർഗോഡിലേക്കുള്ള ട്രെയിൻ യാത്രക്കാർക്ക് ഇനി ആശ്വാസം. ഷൊർണൂരിൽ നിന്ന് കണ്ണൂരിലേക്ക് പുതുതായി അനുവദിച്ച പാസഞ്ചർ ട്രെയിൻ കാസർ​ഗോ‍ഡേക്കും നീട്ടും. മന്ത്രി വി അബ്ദുറഹ്മാന്റെ അധ്യക്ഷതയിൽ ചേ‌ർന്ന യോ​ഗത്തിലാണ് ഇക്കാര്യത്തിൽ റെയിൽവേ ഉറപ്പ് നൽകിയത്. കാസർഗോഡുകാരുടെ യാത്രാ ദുരിതം സംബന്ധിച്ച് ന്യൂസ് മലയാളം കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു.

ഷൊർണൂർ മുതൽ കണ്ണൂർ വരെയും തിരിച്ചുമുള്ള പാസഞ്ചർ ട്രെയിൻ ചൊവ്വാഴ്ച മുതലാണ് ഓടി തുടങ്ങിയത്. ആഴ്ചയിൽ നാലുദിവസമാണ് ട്രെയിൻ സർവീസ് നടത്തുന്നത്. എന്നാൽ, ഏറ്റവും കൂടുതൽ യാത്രാ ദുരിതം അനുഭവിക്കുന്ന കാസർഗോഡുകാർക്ക് റെയിൽവേയുടെ ഈ തീരുമാനത്തിൽ വലിയ നിരാശ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിനാൽ തന്നെ ജനങ്ങളുടെ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ച് വലിയ പ്രതിഷേധവും ഉയർന്നിരുന്നു.

വൈകിട്ട് നാലുമണിക്കൂറിലേറെ സമയമാണ് കോഴിക്കോട് നിന്നും വടക്കോട്ട് ട്രെയിൻ ഇല്ലാത്ത അവസ്ഥ ഉണ്ടായിരുന്നത്. രാത്രിയിലുള്ള ജനശതാബ്ദിയും എക്സിക്യൂട്ടീവും കണ്ണൂരിൽ യാത്ര അവസാനിപ്പിക്കും. വൈകീട്ട് 6.29 നു പരശുറാമും 6.40 ന് നേത്രവതിയും പോയാൽ പിന്നെ കാസർഗോഡേക്ക് മണിക്കൂറുകളോളം വണ്ടിയില്ല. പിന്നീട് 10.38 നുള്ള വന്ദേഭാരത് മാത്രമാണ് യാത്രക്കാർക്ക് ആശ്രയം. ഇത്തരം കാര്യങ്ങൾ മന്ത്രി വി അബ്ദുറഹ്മാൻ്റെ അധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിൽ ഉയർന്നുവന്നു. ഇതോടെയാണ് പാസഞ്ചർ ട്രെയിൻ കാസർ​ഗോഡ് വരെ നീട്ടാൻ തീരുമാനിച്ചത്. പുതിയ ട്രെയിൻ രാത്രി 7.40 നു കണ്ണൂരിൽ എത്തും. ഇത് കാസർഗോഡ് വരെ നീട്ടിയാൽ 9.30 ഓടെ ജില്ലയിൽ എത്തും. കാസർഗോഡേക്കുള്ള യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമാണ് ഈ തീരുമാനം.

ഉത്തരമലബാറിലെ യാത്രാ ദുരിതത്തിന് മെമു സർവീസ് വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ട്രെയിൻ ഇല്ലാത്ത സമയങ്ങളിൽ കെഎസ്ആർടിസി ബസിലാണ് ജനങ്ങൾക്ക് യാത്ര ചെയ്യേണ്ടി വരുന്നത്. ദേശീയപാത നിർമാണം നടക്കുന്നതിനാൽ മണിക്കൂറുകൾ വൈകിയാണ് ബസുകളും എത്തുന്നത്. അതിനാൽ ദൈനംദിന യാത്രക്കാർക്ക് ഇതിനെ ആശ്രയിക്കാനാകില്ല. പാസഞ്ചർ കാസർ​ഗോഡ് വരെ നീട്ടാൻ തീരുമാനമായെങ്കിലും ഉത്തരവിറങ്ങാൻ ഇനിയും വൈകും.

SCROLL FOR NEXT