വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മുഴുവൻ കുടുംബാംഗങ്ങളേയും, വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് റവന്യു വകുപ്പിൽ നിയമനം. ഉരുൾപൊട്ടലിൽ സർവതും നഷ്ടപ്പെട്ട ശ്രുതിക്ക് റവന്യു വകുപ്പിൽ ക്ലാർക്ക് തസ്‌തികയിൽ നിയമനം നൽകാൻ സർക്കാർ ഉത്തരവിറക്കി. വയനാട് ജില്ലയിൽ തന്നെ ശ്രുതിക്ക് നിയമനം നൽകിയേക്കും.
ആരുമില്ലാതായ ശ്രുതിക്ക് തൃശൂർ, ചാലക്കുടി സ്വദേശികളായ ഡെനിഷ് ഡേവിസ്, ഇനോക്ക് ജോസഫ് ആൻ്റണി എന്നിവർ വീടും നിർമ്മിച്ച് നൽകുന്നുണ്ട്. വയനാട് പൊന്നടയിൽ പതിനൊന്നര സെൻ്റ് ഭൂമിയിൽ 1,500 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് ശ്രുതിക്കായി നിർമിക്കുന്നത്.
ചൂരല്‍മല ഉരുള്‍പൊട്ടലില്‍ അച്ഛന്‍ ശിവണ്ണന്‍, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരുള്‍പ്പെടെ കുടുംബത്തിലെ ഒന്‍പത് പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. കോഴിക്കോട് ജോലി സ്ഥലത്തായിരുന്നതിനാല്‍ ശ്രുതി ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഉറ്റവരെല്ലാം നഷ്ടപ്പെട്ടതോടെ പത്ത് വര്‍ഷമായി കൂടെയുള്ള പ്രതിശ്രുതവരന്‍ ജെന്‍സണ്‍ മാത്രമായിരുന്നു ശ്രുതിക്ക് ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനുള്ള കൈത്താങ്ങായി നിന്നത്. എന്നാല്‍, ജെന്‍സണും വാഹനാപകടത്തില്‍ മരിച്ചതോടെ ശ്രുതി ജീവിതത്തിൽ പൂർണമായും ഒറ്റപ്പെട്ടിരുന്നു.
ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഒരു മാസം മുന്‍പ് ശ്രുതിയുടെയും ജെന്‍സന്റെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. അന്നു തന്നെയായിരുന്നു ശ്രുതിയുടെ പുതിയ വീടിന്റെ പാലു കാച്ചലും. വിവാഹത്തിനായി സ്വരുക്കൂട്ടിവെച്ചിരുന്നതെല്ലാം ഉരുള്‍പൊട്ടലില്‍ നഷ്ടമായിരുന്നു.