NEWSROOM

ജില്ലാ സമ്മേളനം നടക്കാനിരിക്കെ സിപിഎമ്മിൽ ആശ്വാസം; പെരിയ കേസിലെ നാല് പ്രതികൾ ഇന്ന് പുറത്തേക്ക്

സമ്മേളനം നടക്കാനിരിക്കെ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഉൾപ്പെടെയുള്ളവർ ജയിലിൽ കഴിയേണ്ടി വരുന്നത് പാർട്ടിക്ക് തലവേദനയായിരുന്നു

Author : ന്യൂസ് ഡെസ്ക്

പെരിയ കേസിലെ നാല് പ്രതികൾ ജാമ്യത്തിലിറങ്ങുന്നതോടെ സിപിഎമ്മിൽ ആശ്വാസം. സമ്മേളനം നടക്കാനിരിക്കെ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഉൾപ്പെടെയുള്ളവർ ജയിലിൽ കഴിയേണ്ടി വരുന്നത് പാർട്ടിക്ക് തലവേദനയായിരുന്നു. ജാമ്യം താത്കാലികമാണെങ്കിലും പ്രവർത്തകർക്ക് മുന്നിൽ മറുപടി പറയാനാകുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.

സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ എംഎൽഎയുമായ കെ.വി. കുഞ്ഞിരാമൻ, മുതിർന്ന നേതാവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ. മണികണ്‌ഠൻ, വെളുത്തോളി രാഘവൻ, കെ.വി. ഭാസ്ക്കരൻ എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം തടഞ്ഞത്. ഇതാണ് സിപിഎമ്മിന് ആശ്വാസമായത്. സിബിഐ രാഷ്ട്രീയം കളിച്ചുവെന്നും ബോധപൂർവ്വം ആളുകളെ പ്രതിചേർത്തതാണെന്ന് പരസ്യമായി പറയുമ്പോഴും, അത് തെളിയിക്കാൻ പാർട്ടിക്കോ പ്രതിഭാഗത്തിനോ സാധിച്ചിരുന്നില്ല. നാല് പേർക്കും അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചതോടെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ എതിർശബ്ദവും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളുടെ വീടുകൾ നേതാക്കൾ സന്ദർശിച്ചത്.

ഏരിയ സമ്മേളനങ്ങൾ പൂർത്തിയാക്കി ജില്ലാ സമ്മേളനത്തിലേക്ക് കടക്കവെ, മുതിർന്ന നേതാക്കൾ ജയിലിൽ കഴിയുന്നത് പ്രവർത്തകർക്കിടയിൽ അഭിപ്രായ ഭിന്നതയ്ക്കും നേതൃത്വത്തെ ചോദ്യം ചെയ്യാനും ഇടയാക്കുമെന്ന ആശങ്ക പാർട്ടിക്കുണ്ടായിരുന്നു. അതിനാലാണ് വിധി വന്ന് മൂന്ന് ദിവസത്തിനുള്ളിൽ അപ്പീൽ നൽകിയത്. ജാമ്യം താത്കാലികമാണെങ്കിലും പ്രവർത്തകർക്കിടയിൽ പറഞ്ഞു നിൽക്കാനാകുമെന്നാണ് വിലയിരുത്തൽ. കേസിൽ പ്രതികൾക്കൊപ്പമായിരുന്നുവെന്ന് കാണിക്കാനുള്ള ശ്രമം കൂടി ജില്ലാ കമ്മിറ്റിയുടെ ഭാഗത്തു നിന്ന് ഉണ്ടാകും. ഇരട്ട ജീവപര്യന്തം ലഭിച്ചവർക്ക് പരസ്യപിന്തുണ ഇല്ലെങ്കിലും നിയമപരമായും, അവരുടെ കുടുംബങ്ങളെ സാമ്പത്തികമായും സഹായിക്കാനാണ് പാർട്ടി തീരുമാനം.

പെരിയ ഇരട്ടക്കൊലക്കേസിൽ ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച് ജാമ്യം നൽകിയ ഉദുമ മുൻ എംഎൽഎ കെ.വി. കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള നാല് സിപിഎം നേതാക്കൾ ഇന്നാണ് ജയിൽ മോചിതരാകുന്നത്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രാവിലെ 9 മണിയോടെ ഇവർ പുറത്തേക്ക് ഇറങ്ങും. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ സിപിഎം നേതാക്കളും പ്രവർത്തകരും സ്വീകരിക്കാൻ എത്തുമെന്നാണ് വിവരം.

SCROLL FOR NEXT