കന്നഡ നടൻ ദർശൻ തൂഗുദീപയുടെ നിർദേശപ്രകാരം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഓട്ടോ ഡ്രൈവർ രേണുകസ്വാമിയുടെ മരിക്കുന്നതിന് മുൻപുള്ള ചിത്രങ്ങൾ പുറത്ത്. ചിത്രത്തില്‍ ഇയാളുടെ ശരീരത്തിൽ മുറിവേറ്റ പാടുകളും കാണാം. രേണുകാ സ്വാമിയുടെ പിന്നിലായി ട്രക്ക് പാർക്കു ചെയ്തിരിക്കുന്നതായും കാണാം. ജൂൺ ഒൻപതിന് ബംഗളുരുവിലെ മേൽപ്പാലത്തിന് സമീപമാണ് രേണുകാ സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്.
നടി പവിത്ര ഗൗഡയ്ക്ക് സോഷ്യൽ മീഡിയയിൽ അധിക്ഷേപകരമായ സന്ദേശങ്ങൾ അയച്ചുവെന്ന് ആരോപിച്ചാണ് ദർശൻ തൂഗുദീപയുടെ നിർദേശപ്രകാരം രേണുകാ സ്വാമിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
ദേശീയ മാധ്യമമാണ് ചിത്രങ്ങൾ പുറത്ത് വിട്ടത്. രണ്ട് ചിത്രങ്ങളാണ് പുറത്ത് വന്നത്. അതിൽ ഒന്നിൽ, രേണുക സ്വാമി ക്യാമറയിലേക്ക് നോക്കി പ്രാണഭയത്തോടെ യാചിക്കുന്നത് കാണാം. മറ്റേതിൽ നിലത്ത് കിടക്കുന്നതും കാണാം. രണ്ട് ചിത്രങ്ങളിലും രേണുകാ സ്വാമി ഷർട്ട് ധരിച്ചിട്ടില്ല.
കൊലപാതകവുമായി ബന്ധപ്പെട്ട് ദർശനും പവിത്ര ഗൗഡയും ഉൾപ്പെടെ 15 പേരെ പൊലീസ്അറസ്റ്റ് ചെയ്തതിരുന്നു. ദർശന്റെ ജുഡീഷ്യൽ കസ്റ്റഡി സെപ്റ്റംബർ 9ന് അവസാനിക്കും. രേണുകാസ്വാമി കൊലക്കേസിൽ ബെംഗളൂരു പോലീസ് പ്രാദേശിക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ചിത്രങ്ങൾ പുറത്തുവന്നത്. 230 ഓളം തെളിവുകൾ ഉൾപ്പെടുന്ന കുറ്റപത്രത്തിൽ ദർശൻ്റെ വസ്ത്രങ്ങളിലും പവിത്ര ഗൗഡയുടെ പാദരക്ഷകളിലും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്.