കൊലക്കേസ് സംഘാംഗമാണെന്ന് കരുതി വീടുമാറിക്കയറി ദളിത് വിഭാഗത്തിലുൾപ്പെട്ട യുവാവിനെയും ഭാര്യയേയും മര്‍ദിച്ച സംഭവത്തില്‍ പൊലീസുകാർക്കെതിരെ റൂറല്‍ എസ്.പിക്ക് റിപ്പോര്‍ട്ട് നൽകി. ചടയമംഗലം കല്ലുമല കോളനിയില്‍ സുരേഷ്, ഭാര്യ ബിന്ദു എന്നിരെയാണ് ഇക്കഴിഞ്ഞ ജൂലൈ 27-ന് കാട്ടാക്കട എസ്.ഐ മനോജും സംഘവും ആക്രമിച്ചത്. സംഭവത്തിൽ പട്ടികജാതി പീഡന വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് എസ്.ഐയും പൊലീസുകാരും ഉള്‍പ്പെടെ കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കെതിരെ ചടയമംഗലം എസ്.എച്ച്.ഒ. എന്‍. സുനീഷ് റൂറല്‍ എസ്.പിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. എസ്.ഐ ക്കെതിരെ വകുപ്പ് തലത്തില്‍ നടപടി സ്വീകരിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.
ALSO READ: തെരച്ചിലിനായി ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിക്കും; ചെലവ് ഉത്തര കന്നഡ ജില്ലാ ഭരണകൂടം വഹിക്കും
ചടയമംഗലം പോലീസ് സ്‌റ്റേഷനില്‍ നിന്ന് കാട്ടാക്കടയിലേക്ക് സ്ഥലം മാറിപ്പോയ എസ്.ഐ മനോജ്‌കുമാര്‍, കാട്ടാക്കട സ്‌റ്റേഷനിലെ കൊലപാതക ശ്രമവുമായി ബന്ധപ്പെട്ട പ്രതിയെ തേടിയാണ് ചടയമംഗലത്ത് എത്തിയത്. ചടയമംഗലം പൊലീസിൻ്റെ സഹായം തേടാതെ എസ്.ഐ ഉള്‍പ്പടെ കാട്ടാക്കടയില്‍ നിന്ന് എത്തിയ രണ്ട് പൊലീസുകാരും സമീപത്തെ പ്രധാന ക്രിമിനലുകളായ മൂന്നു പേരും ചേര്‍ന്നു വീട്ടില്‍ അതിക്രമിച്ച് കയറി ഭാര്യയുടെ മുന്നിലിട്ട് സുരേഷിനെ മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
കൈകള്‍ പിറകിലാക്കി വിലങ്ങിട്ട് ഗുണ്ടകളുടെ സഹായത്തോടെയാണ് മര്‍ദിച്ചതെന്നും തടയാനെത്തിയ ഭാര്യയേയും ഗുണ്ടകളും പൊലീസും ചേര്‍ന്ന് മര്‍ദിച്ചുവെന്നും പരാതിയിൽ പറയുന്നു. പ്രതിയല്ലെന്ന് തിരിച്ചറിഞ്ഞതോടെ പിന്നീട് സുരേഷിനെ റോഡിൽ ഉപേക്ഷിക്കുകയായരുന്നു. മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും ഇത് സംബന്ധിച്ച് സുരേഷ് പരാതി നല്‍കിയതിനെ തുടർന്നാണ് നടപടി.