റഷ്യ യുക്രെയ്നിൽ ആരംഭിച്ച അധിനിവേശം യുദ്ധത്തിലേക്ക് മാറിയിട്ട് 1000 ദിവസം പിന്നിടുകയാണ്. റഷ്യൻ പ്രതിരോധമേഖലക്ക് അനുവദിക്കുന്ന തുകയിൽ വൻ വർധനവ് നടത്തിയിരിക്കുകയാണ് റഷ്യ. കൂടുതൽ ഫണ്ടനുവദിച്ചത് വഴി, മിസൈൽ നിർമാണം വിപുലീകരിക്കാനുള്ള പദ്ധതിയുമായി റഷ്യ മുന്നോട്ട് പോകുന്നുവെന്നാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. സാറ്റ്‌ലൈറ്റ് ദൃശ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ബെർലിൻ അടിസ്ഥാനമായുള്ള ഗവേഷകൻ്റെ പുതിയ കണ്ടെത്തൽ.
കഴിഞ്ഞ ദിവസമാണ് അമേരിക്കൻ നിർമിത ആയുധങ്ങൾ റഷ്യയിലേക്ക് പ്രയോഗിക്കാൻ യുക്രെയ്ന് ജോ ബൈഡൻ അനുമതി നൽകിയത്. ഇതിന് പിന്നാലെയാണ് മിസൈൽ നിർമാണം വിപുലീകരിക്കാനുള്ള റഷ്യൻ പദ്ധതിയെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. സാറ്റ്‌ലൈറ്റ് ഇമേജുകളെ അടിസ്ഥാനമാക്കി, റഷ്യൻ മാധ്യമ റിപ്പോർട്ടുകളും സിഐഎ ഡോക്യുമെൻ്റുകളും അടിസ്ഥാനമാക്കിയാണ് ഇൻ്റർനാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസിലെ ഫാബിയൻ ഹിൻസിൻ്റെ പഠനം. ഐഐഎസ്എസ് ബ്ലോഗായ മിലിട്ടറി ബാലൻസ് പ്ലസിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഹിൻസ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.
തെക്കൻ സൈബീരിയയിലെ റഷ്യൻ റിപ്പബ്ലിക്കായ അത്ലായ്, മോസ്കോ സെൻ്റ് പീറ്റേഴ്സ്ബർഗ് എന്നിവിടങ്ങളിലും പടിഞ്ഞാറൻ റഷ്യയിലെ (PERM) എന്നിവിടങ്ങളിലാണ് നിർമാണത്തിൻ്റെ വിപുലീകരണം കാണാനായതെന്ന് ഗവേഷകൻ കണ്ടെത്തി. ജൂലായ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ മാക്‌സർ ടെക്‌നോളജീസ് എടുത്ത സാറ്റലൈറ്റ് ഫോട്ടോകൾ റോയിട്ടേഴ്‌സും അവലോകനം ചെയ്തിട്ടുണ്ട്. ഹിൻസ് വ്യക്തമാക്കിയ അഞ്ച് കെട്ടിടങ്ങളിൽ വലിയ തോതിൽ നിർമാണം നടക്കുന്നുവെന്നും റോയിട്ടേഴ്സും സ്ഥിരീകരിച്ചു.
അതേസമയം റഷ്യയുടെ ഈ നീക്കത്തെക്കുറിച്ച് അറിയുമോ എന്ന ചോദ്യത്തോട് പ്രതികരിക്കാൻ അമേരിക്ക ഇതുവരെ തയ്യറായിട്ടില്ല. എന്നാൽ റഷ്യൻ പ്രതിരോധ മേഖലയിലെ ഈ നീക്കം തടയാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് ഉൾപ്പടെ അധിക ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്കൻ ദേശീയ സുരക്ഷാ കൗൺസിൽ അംഗം ചൂണ്ടിക്കാട്ടി. ഈ റിപ്പോർട്ടിൽ റഷ്യൻ പ്രതിരോധ മന്ത്രാലയവും ഇതുവരെ പ്രതികരിച്ചിട്ടില്ല.
യുദ്ധം ആരംഭിച്ചതിന് ശേഷം മോസ്കോ ഇതിനകം 9600ൽ അധികം മിസൈലുകൾ യുക്രൈനിലേക്ക് തൊടുത്തുവെന്നാണ് റിപ്പോർട്ടുകൾ. റഷ്യയിൽ മിസൈൽ നിർമാണം വിപുലീകരിച്ചാൽ നോർത്ത് കൊറിയ ഉൾപ്പടെയുള്ള രാജ്യങ്ങളെ ആശ്രയിക്കാതെ തന്നെ റഷ്യൻ പ്രതിരോധസേനയെ ശക്തിപ്പെടുത്താനാകും. റഷ്യൻ സർക്കാർ, ജിഡിപിയുടെ 6.3 ശതമാനമാണ് അടുത്ത വർഷം പ്രതിരോധവകുപ്പിനായി മാറ്റിവെക്കുന്നത്. ശീതയുദ്ധത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്ക് കൂടിയാണിത്.