അമേരിക്കയിൽ ഓരോ വർഷവും തോക്കുപയോഗിച്ചുള്ള കൂട്ടക്കൊലകളും ആത്മഹത്യകളും വർധിക്കുന്നതായി റിപ്പോർട്ട്. രാജ്യത്ത് 100 പൗരന്മാർക്കായി ശരാശരി 121 തോക്കുകളുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വർധിച്ചു വരുന്ന തോക്കുകൾ ഉപയോഗിച്ചുള്ള ആക്രമണങ്ങളെ മഹാമാരിയോടാണ് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ ഉപമിക്കുന്നത്.
മറ്റ് വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അമേരിക്കയിൽ ഒരു പൗരൻ വെടിയേറ്റ് മരിക്കാനുള്ള സാധ്യത 25 മടങ്ങ് കൂടുതലാണ്. അമേരിക്കയിൽ പ്രതിദിനം 327 പേർക്കാണ് വെടിയേൽക്കുന്നത്. ഇതിൽ ശരാശരി 117 പേർ കൊല്ലപ്പെടുന്നു. രാജ്യത്ത് പ്രായപൂർത്തിയാകാത്ത 23 പേർക്കും പ്രതിദിനം വെടിയേൽക്കുന്നുണ്ട്. ഇങ്ങനെ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ കാണിക്കുന്നത്.
തോക്കുകൊണ്ട് സ്കൂളിൽ നടത്തിയ കൂട്ടക്കൊലയാണ് ഒടുവിൽ വാർത്തയായതെങ്കിലും, ദിവസവും മൂന്നിലേറെ ബന്ധുവിനെയോ അയൽവാസിയേയോ വെടിവെക്കുന്ന സംഭവങ്ങൾ നടക്കുന്നുണ്ട്. തോക്ക് ഉപയോഗിച്ച് ആത്മഹത്യ ചെയ്യുന്നവരുടെ കണക്ക് 60 ശതമാനമാണെങ്കിൽ 37 ശതമാനമാളുകൾ ശത്രുക്കളെ വെടിവെച്ച് കൊലപ്പെടുത്തുന്നു. ഈ 37 ശതമാനത്തിൽ ഒരു ശതമാനമാണ് മാസ് ഷൂട്ടിങ്ങ്. ബാക്കിയുള്ള മൂന്ന് ശതമാനത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാകുന്നതും മനഃപൂർവമല്ലാത്ത വെടിവെയ്പുകളുമാണ്.
പൗരന്മാരേക്കാൾ കൂടുതൽ തോക്കുകളും മക്ഡോണാൾസിനേക്കാൾ കൂടുതൽ തോക്ക് കച്ചവടക്കാരും അമേരിക്കയിലുണ്ട്. 2022 വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ 100 പൗരന്മാർക്ക് 121 തോക്കുകളുണ്ടെന്നാണ് കണക്ക്. അഞ്ച് കുടുംബങ്ങളെടുത്താൽ അതിൽ ഒരു കുടുംബത്തിൽ, ഒരാളെങ്കിലും തോക്ക് ഉപയോഗിച്ചുള്ള ആക്രമണത്തിൽ കൊല്ലപ്പെട്ടതായിരിക്കും. കഴിഞ്ഞ ദശകത്തിൽ 10 ലക്ഷം പേരാണ് തോക്ക് ഉപയോഗിച്ചുള്ള ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കുറ്റകൃത്യങ്ങളിൽ ഉപയോഗിക്കുന്ന 90 ശതമാനം തോക്കുകളും വിതരണം ചെയ്യുന്നത് 5 ശതമാനം വ്യാപാരികളാണ്.
തോക്ക് ഉപയോഗിച്ചുള്ള വെടിവെയ്പിൽ, 40 വർഷത്തിലെ ഏറ്റവും വലിയ നിരക്കാണ് 2021ൽ റിപ്പോർട്ട് ചെയ്തത്. ആ വർഷം 48,830 പേരാണ് തോക്കുകൾ ഉപയോഗിച്ചുള്ള ആക്രമണങ്ങളിലൂടെ കൊല്ലപ്പെട്ടത്. 2022ൽ മാത്രം ആൾക്കൂട്ടങ്ങൾക്ക് നേരെ 645 വെടിവയ്പുകളും റിപ്പോർട്ട് ചെയ്തു.