NEWSROOM

കൂത്താട്ടുകുളം തട്ടിക്കൊണ്ടുപോകല്‍: അറസ്റ്റ് ഉടന്‍ ഉണ്ടാകും; പൊലീസിന്റെ വീഴ്ചയില്‍ റിപ്പോര്‍ട്ട് തേടി

വീഴ്ച കണ്ടെത്തിയാല്‍ പൊലീസിനെതിരെ നടപടി ഉണ്ടാകും.

Author : ന്യൂസ് ഡെസ്ക്

കൂത്താട്ടുകുളം നഗരസഭയില്‍ വനിത കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോലീസിന് വീഴ്ചയെന്ന ആരോപണത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതായി റൂറല്‍ എസ്പി വൈഭവ് സക്‌സേന. അഡീഷണല്‍ എസ്പി, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എന്നിവര്‍ക്കാണ് അന്വേഷണച്ചുമതല.

അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ നല്‍കാന്‍ നിര്‍ദേശം നല്‍കിയതായും റൂറല്‍ എസ്പി അറിയിച്ചു. വീഴ്ച കണ്ടെത്തിയാല്‍ പൊലീസിനെതിരെ നടപടി ഉണ്ടാകും. സംഭവത്തില്‍ കൗണ്‍സിലര്‍ കാലാ രാജുവിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കും. തട്ടിക്കൊണ്ടുപോയെന്ന കേസില്‍ ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നും എസ്പി അറിയിച്ചു.

സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചതില്‍ അനൂപ് ജേക്കബ് എംഎല്‍എ അടക്കമുള്ള ഡഉഎ പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. സിപിഎം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി, നഗരസഭാ ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍മാന്‍, പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി എന്നിവരടക്കമുള്ളവര്‍ക്കെതിരെ ഇന്നലെ കേസ് എടുത്തിരുന്നു.

അതേസമയം, വനിത കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രാഷ്ട്രീയപോര് രൂക്ഷമാകുകയാണ്. തട്ടിക്കൊണ്ടു പോയവര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് കൗണ്‍സിലര്‍ കല രാജു പറഞ്ഞിരുന്നു. തട്ടിക്കൊണ്ടു പോകല്‍ വിവാദത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് കൗണ്‍സിലര്‍ കലാ രാജു ഉന്നയിക്കുന്നത്. സിപിഎം പ്രവര്‍ത്തകര്‍ വസ്ത്രം വലിച്ച് കീറിയെന്നും കാല് വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായും കലാ രാജു പ്രതികരിച്ചു.

ആരോപണം തള്ളി സിപിഎം നേതൃത്വവും രംഗത്തെത്തി. സംഘര്‍ഷം യുഡിഎഫ് മുന്‍കൂട്ടി ആസൂത്രണം ചെയ്താണെന്നും താന്‍ അടക്കമുള്ള വനിത കൗണ്‍സിലര്‍മാരെ ക്രൂരമായി ആക്രമിച്ചതായും നഗരസഭ ചെയര്‍പേഴ്‌സണ്‍ വിജയ ശിവന്‍ പ്രതികരിച്ചു. വനിത കൗണ്‍സിലര്‍മാരുടെ വസ്ത്രം അടക്കം വലിച്ച് കീറി. അവിശ്വാസ പ്രമേയത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്നതായി കലാ രാജുവിനെ അറിയിക്കാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണമെന്നും വിജയ ശിവന്‍ പറഞ്ഞു. അനൂപ് ജേക്കബ് എംഎല്‍എ അടക്കമുള്ള നേതാക്കള്‍ പ്രദേശത്ത് നേരത്തെ എത്തിയത് കരുതിക്കൂട്ടിയുള്ള സംഘര്‍ഷം ലക്ഷ്യമിട്ടാണെന്നാണ് എല്‍ഡിഎഫിന്റെ ആരോപണം.

SCROLL FOR NEXT