NEWSROOM

അമേരിക്കയിലെ ട്രംപ് യുഗം; മെക്സിക്കോ വഴിയുള്ള അനധികൃത കുടിയേറ്റത്തിൽ ഇടിവ് സംഭവിച്ചെന്ന് റിപ്പോർട്ട്

അനധികൃത കുടിയേറ്റക്കാരെ തല്ലിയോടിക്കും എന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് ജയിച്ചതോടെ മെക്സിക്കോ വഴിയുള്ള അനധികൃത കുടിയേറ്റത്തിൽ വലിയ ഇടിവ് സംഭവിച്ചതായി റിപ്പോർട്ട്. കൂട്ടമായി വന്നുകൊണ്ടിരുന്ന ആയിരക്കണക്കിന് കുടിയേറ്റക്കാരുടെ എണ്ണം പകുതിയായി കുറഞ്ഞു. അനധികൃത കുടിയേറ്റക്കാരെ തല്ലിയോടിക്കും എന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. 

പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടാൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാടുകടത്തൽ പദ്ധതിക്ക് തുടക്കമിടുമെന്നായിരുന്നു മാഡിസൺ സ്‌ക്വയർ ഗാർഡനിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയത്. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ മെക്സിക്കോ വഴി അമേരിക്കയിലേക്ക് അനധികൃതമായി പ്രവേശിക്കുന്നവരുടെ എണ്ണത്തിൽ കുറവ് സംഭവിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

തിങ്കളാഴ്ച 3000 പേരുമായി യാത്ര പുറപ്പെട്ട സംഘത്തിലെ എണ്ണം ഇന്ന് 1600 മാത്രമാണ്. ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു എന്ന് അറിഞ്ഞതോടെ പകുതി പേരും പിന്മാറി. കമലാ ഹാരിസ് ആണെങ്കിൽ ആഘോഷത്തിന്‍റെ ഭാഗമായി കൂട്ടമായി അതിർത്തി കടക്കാൻ അനുവദിക്കും എന്ന് പ്രചാരണം ഉണ്ടായിരുന്നു. ഇതാണ് ഇത്രയധികം പേർ ഒന്നിച്ചു വരാനുള്ള കാരണം.

മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ട് അമേരിക്കയിലേക്ക് കുടിയേറിയ നിരവധി രാജ്യങ്ങളിലുള്ളവരാണ് ട്രംപിൻ്റെ വിജയത്തെ തുടർന്ന് ആശങ്കയിലായത്. കുടിയേറ്റ നയങ്ങളിലും അനധികൃത കുടിയേറ്റക്കാർക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ലഭിക്കുന്ന യുഎസ് പൗരത്വത്തിലുമെല്ലാം മാറ്റം വരുത്തുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്.

കുറഞ്ഞ തോതിലുള്ള അനധികൃത കുടിയേറ്റം തുടരുമെന്നാണ് മെക്സിക്കോ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കയുടെ തെക്കൻ അതിർത്തിയിലൂടെയുള്ള അനധികൃത കുടിയേറ്റം തുടരുമെന്ന് തന്നെയാണ് മനുഷ്യാവകാശ പ്രവർത്തകരും പറയുന്നത്.

SCROLL FOR NEXT