ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പിൽ മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് പാർട്ടി ബിജെപി എംപി ഓം ബിർളയെ പിന്തുണയ്ക്കും.
വൈഎസ്ആർസിപിക്ക് ലോക്സഭയിൽ നാല് എംപിമാർ മാത്രമാണുള്ളത്. 2019ലെ വോട്ടെടുപ്പിൽ ആന്ധ്രയൊന്നാകെ തൂത്തുവാരിയ വൈഎസ്ആർ കോൺഗ്രസ് നേടിയത് 25ൽ 22 സീറ്റുകളാണ്. എന്നാൽ ഈ തവണ അത് ആവർത്തിക്കാനായില്ല. നിയമസഭ തെരഞ്ഞെടുപ്പിൽ ചന്ദ്രബാബു നായിഡുവിൻ്റെ ടിഡിപി 16 സീറ്റുകളും, സഖ്യകക്ഷികളായ ബിജെപിയും നടൻ പവൻ കല്യാണിൻ്റെ ജനസേന പാർട്ടിയും ചേർന്ന് അഞ്ച് സീറ്റുകളും നേടി.
ബിർളയ്ക്കും ബിജെപിക്കും ഇതിനകം തന്നെ വിജയം ഉറപ്പാക്കാനുള്ള സീറ്റുകൾ ഉള്ളതിനാൽ വൈഎസ്ആറിൻ്റെ പിന്തുണ പ്രധാനമായിരിക്കില്ല. വൈഎസ്ആർസിപി മുൻപും പലപ്പോഴും പാർലമെൻ്റിൽ ബിജെപിക്ക് പിന്തുണ നൽകിയിട്ടുണ്ട്. മുൻപ് പൗരത്വഭേദഗതി നിയമം പാസാക്കുന്നതിനും, ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനും റെഡ്ഡിയുടെ പാർട്ടി പിന്തുണച്ചിരുന്നു.
എന്‍ഡിഎ സ്ഥാനാര്‍ഥിയായി ഓം ബിര്‍ളയും, ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി കൊടിക്കുന്നില്‍ സുരേഷും തമ്മിലാണ് ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തിനായി മത്സരിക്കുന്നത്. വൈഎസ്ആർപിയുടെ വോട്ടുകള്‍ കൂടി ലഭിക്കുന്നതോടെ ബിർളയ്ക്ക് തെരഞ്ഞെടുപ്പിൽ അജയ്യമായ ലീഡ് ലഭിക്കുമെന്നാണ് കണക്ക് കൂട്ടൽ. ബിജെപിക്ക് ഇതിനകം തന്നെ സ്വന്തം എംപിമാരിൽ നിന്ന് 240 വോട്ടുകളും, വൈഎസ്ആർസിപിയുടെ എതിരാളിയായ ചന്ദ്രബാബു നായിഡുവിൻ്റെ ടിഡിപിയിൽ നിന്നുള്ള 16 എണ്ണം ഉൾപ്പെടെ മറ്റ് സഖ്യകക്ഷികളിൽ നിന്നുമായി 53 വോട്ടുകളും ഉണ്ട്.