NEWSROOM

ബോംബ് ഭീഷണി അവസാനിക്കുന്നില്ല; ഇന്ന് മാത്രം ഇന്ത്യയില്‍ ഭീഷണി നേരിട്ടത് 80 വിമാനങ്ങള്‍

കഴിഞ്ഞ 11 ദിവസത്തിനിടെ ഇന്ത്യയില്‍ നിന്ന് ഓപ്പറേറ്റ് ചെയ്ത 250ഓളം വിമാനങ്ങള്‍ക്ക് വ്യാജ ബോംബ് ഭീഷണി നേരിട്ടിരുന്നു.

Author : ന്യൂസ് ഡെസ്ക്

രാജ്യത്ത് ഇന്ന് മാത്രം 80 വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി നേരിട്ടതായി റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യ, വിസ്താര, ഇന്‍ഡിഗോ തുടങ്ങിയ ഓരോ വിമാനക്കമ്പനികളുടെയും ഇരുപതോളം വിമാനങ്ങള്‍ക്കും ആകാശ എയറിന്റെ 14ലോളം വിമാനങ്ങള്‍ക്കുമാണ് ഇതുവരെ ഭീഷണി നേരിട്ടത്.

ഇതിന് പുറമെ സ്‌പൈസ്‌ജെറ്റിനും അലയന്‍സ് എയറിനും ഭീഷണി വന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ 11 ദിവസത്തിനിടെ ഇന്ത്യയില്‍ നിന്ന് ഓപ്പറേറ്റ് ചെയ്ത 250ഓളം വിമാനങ്ങള്‍ക്ക് വ്യാജ ബോംബ് ഭീഷണി നേരിട്ടിരുന്നു.

20ഓളം വിമാനങ്ങള്‍ക്ക് ഇന്ന് ഭീഷണി നേരിട്ടതായി ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ വക്താവ് അറിയിച്ചു. സമാനമായി ഇന്ന് പുറപ്പെടേണ്ട ചില വിമാനങ്ങള്‍ക്ക് സുരക്ഷാ അലേര്‍ട്ടുകള്‍ ലഭിച്ചതായി ആകാശ എയര്‍ വക്താവും പ്രസ്താവനയിലൂടെ വ്യക്തമാക്കി.

'ആകാശ എയറിന്റെ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയും, ഒപ്പം സുരക്ഷാ, റെഗുലേറ്ററി അതോറിറ്റിയുമായി കൃത്യമായി ബന്ധപ്പെട്ടും കൊണ്ടിരിക്കുകയാണ്. പ്രാദേശിക കേന്ദ്രവുമായി സഹകരിച്ച് എല്ലാ സുരക്ഷാ ക്രമീകരണങ്ങളും നടത്തി വരികയാണ്,' ആകാശ എയര്‍ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

വിമാനങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി വരുന്ന ബോംബ് ഭീഷണിയില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ വകുപ്പ് മന്ത്രി കെ റാംമോഹന്‍ നായിഡു പറഞ്ഞിരുന്നു.

SCROLL FOR NEXT