ബഹിരാകാശത്തെ പറ്റിയുള്ള ഏതൊരു കാര്യവും മനുഷ്യർക്ക് പുതുമയുള്ളതാണ്. അതിനെപ്പറ്റിയുള്ള വാർത്തകളും കൗതുകത്തോടെയാണ് നാം കേട്ടിരിക്കാറ്. അതുകൊണ്ട് തന്നെയാണ് ബഹിരാകാശ ദൗത്യങ്ങൾക്കായി ഇന്ത്യയുടെ ഐഎസ്ആർഒയും, അമേരിക്കയുടെ നാസയും, ചൈനയുടെ സിഎൻഎസ്എയുമെല്ലാം പരസ്പരം മത്സരിക്കുന്നതും.
ഇപ്പോഴിതാ മൂത്രത്തെ കുടിവെള്ളമാക്കി പുനരുൽപ്പാദിപ്പിക്കുന്ന സ്‌പേസ് സ്യൂട്ട് കണ്ടെത്തിയിരിക്കുകയാണ് കോർനെൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ. സയൻസ് ഫിക്ഷൻ സിനിമയായ ഡ്യൂണിലെ സ്റ്റിൽ സ്യൂട്ടുകളുടെ മാതൃകയിലാണ് ഇത് നിർമിച്ചിരിക്കുന്നത്. ഇവ മൂത്രം ശേഖരിക്കുകയും ശുദ്ധീകരിക്കുകയും അഞ്ച് മിനിറ്റിനുള്ളിൽ ഒരു ഡ്രിങ്ക് ട്യൂബ് വഴി ബഹിരാകാശ സഞ്ചാരിക്ക് തിരികെ നൽകുകയും ചെയ്യും. ദീർഘമായ ബഹിരാകാശ ദൗത്യങ്ങൾ നടത്താൻ ഇത് സഞ്ചാരികളെ പ്രാപ്തമാക്കുമെന്നാണ് ഗവേഷകർ പറയുന്നത്. നാസയുടെ ആർട്ടെമിസ് പ്രോഗ്രാമിൽ ഉൾപ്പെടുത്തി ഈ ദശാബ്ദത്തിന് മുൻപ് തന്നെ സ്യൂട്ട് തയ്യാറാക്കുവാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സ്യൂട്ടിൻ്റെ ഗവേഷകയും ഡിസൈനറുമായ സോഫിയ എറ്റ്ലിൻ പറഞ്ഞു.
നിലവിൽ ബഹിരാകാശ സഞ്ചാരികൾക്ക് അവരുടെ ഇൻ-സ്യൂട്ട് ഡ്രിങ്ക് ബാഗുകളിൽ ഒരു ലിറ്റർ വെള്ളം മാത്രമേ ലഭ്യമാവുകയുള്ളൂ. എന്നാൽ ദീർഘ സമയ ചാന്ദ്ര ബഹിരാകാശ നടത്തങ്ങൾക്ക് ഇത് പര്യാപ്തമല്ല. കൂടാതെ മാക്സിമം അബ്സോർബൻസി ഗാർമെന്റ് എന്ന ഡയപ്പർ ആണ് ഇപ്പോൾ ബഹിരാകാര സഞ്ചാരികൾ ഉപയോഗിക്കുന്നത്. എന്നാൽ ഇവ ഉണ്ടാകുന്ന മാലിന്യ സംസ്കരണ പരിഹാരത്തെക്കുറിച്ചുള്ള ചർച്ചകളും ഏറെക്കാലമായി നടക്കുകയാണ്. അത്ര സുഖകരമല്ലാത്ത ഇവ മൂത്ര നാളിയിലെ അണുബാധ അടക്കമുള്ള പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. ഇതിനെല്ലാമുള്ള പരിഹാരമാണ് സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം രൂപകൽപ്പന ചെയ്ത പുതിയ സ്റ്റിൽസ്യൂട്ട് സിസ്റ്റം എന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്.