NEWSROOM

Olo | ഈ നിറം കണ്ടത് അഞ്ച് പേര്‍ മാത്രം; പുതിയ നിറം പരിചയപ്പെടുത്തി ഗവേഷകര്‍

പീകോക്ക് ബ്ലൂ, ടീല്‍ നിറങ്ങളോട് സാദൃശ്യമുള്ളതാണ് പുതിയ നിറമെന്നാണ് റിപ്പോര്‍ട്ട്

Author : ന്യൂസ് ഡെസ്ക്

ഇതുവരെ ആരും കണ്ടിട്ടില്ലാത്ത ഒരു നിറം കണ്ടെത്തിയെന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍. പുതിയ നിറത്തിന് ഓലോ (olo) എന്നാണ് പേരിട്ടിരിക്കുന്നത്. സയന്‍സ് അഡ്വാന്‍സസ് (Science Advancse) ല്‍ ആണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുള്ളത്.


ലോകത്ത് ആകെ ഇതുവരെ ഈ നിറം കണ്ടത് അഞ്ച് പേര്‍ മാത്രമാണെന്നാണ് പഠനത്തില്‍ പറയുന്നത്. പീകോക്ക് ബ്ലൂ, ടീല്‍ നിറങ്ങളോട് സാദൃശ്യമുള്ളതാണ് പുതിയ നിറമെന്നാണ് റിപ്പോര്‍ട്ട്. റെറ്റിനയിലെ ലേസര്‍ കൃത്രിമത്തിലൂടെ മാത്രമേ പുതിയ നിറം കാണാന്‍ കഴിയൂ. ഗവേഷകരുടെ നേത്ര കോശങ്ങളിലേക്ക് ലേസര്‍ പള്‍സുകള്‍ കടത്തിവിട്ട് ഇത് റെറ്റിനയിലേക്ക് പ്രതിഫലിപ്പിച്ചാണ് മനുഷ്യ വര്‍ഗത്തിന് അജ്ഞാതമായ നിറം കണ്ടെത്തിയതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

തങ്ങള്‍ കണ്ടെത്തിയ നിറത്തെ കുറിച്ച് ഏകദേശ ധാരണ ലഭ്യമാക്കാനായി ഗവേഷകര്‍ ഒരു ടര്‍ക്കോയിസ് ചതുരത്തിന്റെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. എങ്കിലും തങ്ങള്‍ കണ്ട നിറത്തിന്റെ മുഴുവന്‍ ഭംഗിയും പ്രതിഫലിപ്പിക്കാന്‍ ഇതിനാകില്ലെന്നും ഗവേഷകര്‍ പറയുന്നു.


ഒരു നിറത്തെ കുറിച്ച് വിശദീകരിക്കാന്‍ പരിമിതകളുണ്ട്. പക്ഷെ, ഒന്ന് മാത്രം പറയാം, ഇതുവരെ ആരും കണ്ടിട്ടില്ലാത്ത നിറമാണിത്. ഇപ്പോള്‍ നാം കാണുന്ന നിറം യഥാര്‍ത്ഥ നിറത്തിന്റെ വകഭേദം മാത്രമാണെന്നും ഗവേഷക സംഘത്തിലുണ്ടായിരുന്ന ഓസ്റ്റിന്‍ റൂര്‍ഡ പറയുന്നു.

മനുഷ്യന്‍ നിറങ്ങളെ വ്യത്യസ്തങ്ങളായി കാണുന്നത് വ്യത്യസ്ത തരംഗദൈര്‍ഘ്യത്തിലുള്ള പ്രകാശരശ്മികളെ തിരിച്ചറിയാനുള്ള കണ്ണിലെ ദൃഷ്ടിപടലത്തിന്റെ കഴിവുകൊണ്ടാണ്. നിറങ്ങള്‍ കാണാനായി കണ്ണ് അതിന്റെ ദൃഷ്ടിപടലത്തിലെ കോണ്‍ കോശങ്ങളെ ഉപയോഗിക്കുന്നു. മൂന്നു തരത്തിലുള്ള കോണ്‍ കോശങ്ങളാണ് കണ്ണിലുള്ളത്. തരംഗദൈര്‍ഘ്യം തീരെ കുറഞ്ഞവയെ തിരിച്ചറിയാന്‍ കഴിയുന്നവ അഥവാ എസ് കോണ്‍ കോശങ്ങള്‍, ഇടത്തരം തരംഗദൈര്‍ഘ്യമുള്ളവയെ തിരിച്ചറിയാന്‍ കഴിയുന്നവ അഥവാ എം കോണ്‍ കോശങ്ങള്‍, കൂടിയ തരംഗദൈര്‍ഘ്യമുള്ളവയെ തിരിച്ചറിയാന്‍ കഴിയുന്നവ അഥവാ എല്‍ കോണ്‍ കോശങ്ങള്‍ എന്നിവയാണവ. ഇവയിലോരോ ഇനം മാത്രമാണ് ഉദ്ദീപിക്കപ്പെടുന്നതെങ്കില്‍ യഥാക്രമം നീല, പച്ച, ചുവപ്പ് എന്നീ നിറങ്ങള്‍ കാണുന്നു.


ഗവേഷകരുടെ റെറ്റിന സ്‌കാന്‍ ചെയ്ത് എം കോണ്‍ കൃത്യമായി കണ്ടെത്തി അതിലേക്ക് ലേസര്‍ ഉപയോഗിച്ച് മിന്നല്‍ പ്രകാശം കടത്തിവിട്ടാണ് മനുഷ്യ വര്‍ഗത്തിന് അപ്രാപ്യമായ നിറം കണ്ടെത്തിയത്.

SCROLL FOR NEXT