പ്രദേശത്ത് ഒന്നിലധികം തവണ പുലിയെ കണ്ടതോടെ ആശങ്കയിലാണ് തൃശ്ശൂർ കൊരട്ടി ചിറങ്ങര നിവാസികള്‍. എത്രയും വേഗം മേഖലയില്‍ കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഡ്രോൺ പരിശോധനയിലൂടെയും ക്യാമറകള്‍ സ്ഥാപിച്ചും പുലിയെ കണ്ടെത്താനുള്ള ഊർജിതമാക്കുകയാണ് വനംവകുപ്പ്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിറങ്ങര സ്വദേശി ധനേഷിന്‍റെ വളർത്തുനായയെ പുലി പിടിച്ചത്. വനമേഖലയില്‍ നിന്ന് 10 കിലോമീറ്റർ അകലെയുള്ള ജനവാസ മേഖലയിൽ പുലിയെത്തിയെന്ന വാർത്ത പലർക്കും ആദ്യം വിശ്വസിക്കാനായില്ല. എന്നാൽ തുടർന്നുള്ള ദിവസങ്ങളില്‍ നാട്ടുകാരില്‍ പലരും പുലിയെ കണ്ടു. ഇതോടെ പഞ്ചായത്ത് അധികൃതർ അടിയന്തരയോഗം ചേർന്ന് സുരക്ഷാനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചെങ്കിലും, ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ല.
പുലി സാന്നിധ്യം ഉറപ്പിച്ചതോടെ 5 ക്യാമറകളാണ് വിവിധ ഇടങ്ങളിലായി വനവകുപ്പ് സ്ഥാപിച്ചത്. ഡ്രോണ്‍ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. മേഖല സന്ദർശിച്ച വിദഗ്ദസമിതിയുടെ നിർദ്ദേശപ്രകാരമാകും പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കുക. ക്യാമറ നിരീക്ഷണത്തിൽ പുലി സാന്നിധ്യം ഉറപ്പിക്കാനായാൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നടപടികള്‍ പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ.