NEWSROOM

കാല്‍പ്പാടുകള്‍ കടുവയുടേതോ പുലിയുടേതോ; ആശങ്കയില്‍ ചതിരൂര്‍ നീലായി നിവാസികള്‍

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വനത്തിനകത്ത് കയറി പടക്കം പൊട്ടിച്ചപ്പോള്‍ വന്യജീവി ഓടിപ്പോകുന്ന ശബ്ദം കേട്ടിരുന്നു.

Author : ന്യൂസ് ഡെസ്ക്

കടുവാ ഭീതിയില്‍ കണ്ണൂര്‍ ചതിരൂരിലെ നീലായി നിവാസികള്‍. കടുവയെ നേരിട്ട് കണ്ടെന്ന് പ്രദേശവാസി പറയുന്നു. വളര്‍ത്തുനായയെ ഇന്ന് പുലര്‍ച്ചെ വന്യജീവി പിടികൂടിയതോടെ കൂടുതല്‍ ആശങ്കയിലാണ് ഇവിടെയുള്ളവര്‍. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധനന. പ്രദേശത്തുള്ളത് കടുവയാണോ പുലിയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. പ്രദേശവാസികളുടെ ആവശ്യപ്രകാരം ഇന്ന് തന്നെ കൂട് സ്ഥാപിക്കും.

കഴിഞ്ഞ 15 ദിവസത്തോളമായി കടുവയെന്ന് സംശയിക്കുന്ന ജീവിയുടെ സാന്നിധ്യം വലിയ ആശങ്കയാണ് ചതിരൂര്‍ നീലായി മേഖലയില്‍ സൃഷ്ടിച്ചിരിക്കുന്നത്. കുടിവെള്ളം ശേഖരിക്കാന്‍ വീട്ടിന് പുറത്തിറങ്ങാനോ, റബ്ബര്‍ ടാപ്പിങ് ഉള്‍പ്പെടെ ജോലികള്‍ക്ക് പോകാനോ കഴിയാത്ത സാഹചര്യമെന്ന് പ്രദേശവാസികള്‍.

ഇന്ന് പുലര്‍ച്ചെ ചുണ്ടന്‍തടത്തില്‍ ബിനോയിയുടെ വളര്‍ത്തുനായയെ വന്യജീവി പിടികൂടിയതോടെ ആശങ്ക വര്‍ധിച്ചു. കഴിഞ്ഞ ദിവസം പ്രദേശത്ത് കടുവയെ കണ്ടെന്ന് പ്രദേശവാസിയായ സ്ത്രീ പറയുന്നു. പ്രദേശത്ത് കണ്ടെത്തിയ കാല്‍പ്പാടുകള്‍ പുലിയുടേതാണോ കടുവയുടേതാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വനത്തിനകത്ത് കയറി പടക്കം പൊട്ടിച്ചപ്പോള്‍ വന്യജീവി ഓടിപ്പോകുന്ന ശബ്ദം കേട്ടിരുന്നു.

പ്രദേശത്ത് ഇന്ന് തന്നെ കൂട് സ്ഥാപിക്കുമെന്ന് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് വി രതീഷ് പറഞ്ഞു. നിരീക്ഷണത്തിന് 10 ക്യാമറകളും സ്ഥാപിക്കും. വയനാട്ടിലെ ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ ആശങ്ക അകറ്റാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സ്ഥലം സന്ദര്‍ശിച്ച കത്തോലിക്ക കോണ്‍ഗ്രസ്സ് ഡയറക്ടര്‍ ഫാദര്‍ ഫിലിപ്പ് കവിയില്‍ ആവശ്യപ്പെട്ടു. ആര്‍ആര്‍ടി സംഘത്തെ പ്രദേശത്ത് സ്ഥിരമായി നിയോഗിക്കാന്‍ വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. വനാതിര്‍ത്തിയില്‍ തന്നെയുള്ള പ്രദേശമായതിനാല്‍ വന്യജീവി ഇനിയും എത്തുമെന്ന ഭീതിയിലാണ് ജനങ്ങള്‍.

SCROLL FOR NEXT