NEWSROOM

'രാജിവെച്ച് കമലയെ ആദ്യ വനിതാ പ്രസിഡന്‍റാക്കണം'; ജോ ബൈഡനോട് മുന്‍ യുഎസ് ഉദ്യോഗസ്ഥന്‍

കമലയ്ക്ക് അവസരം നല്‍കുന്നതാണ് ഡോ ബൈഡന് ഇപ്പോള്‍ ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും വലിയ കാര്യമെന്നും ജമാല്‍ സിമ്മണ്‍സ് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

യുഎസ് പ്രസിഡൻ്റ് ജോ ബൈഡനോട് കാലാവധി പൂർത്തിയാകും മുന്‍പ് രാജിവെച്ച് രാജ്യത്തിൻ്റെ ആദ്യ വനിതാ പ്രസിഡൻ്റായി കമല ഹാരിസിനെ നിയമിക്കണമെന്ന് വൈസ് പ്രസിഡൻ്റിന്‍റെ മുൻ ഉദ്യോഗസ്ഥൻ. കമല ഹാരിസിന്‍റെ മുന്‍ കമ്മ്യൂണിക്കേഷന്‍ ഡയറക്ടർ ജമാല്‍ സിമ്മണ്‍സാണ് പ്രസിഡന്‍റിനോട് ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചത്. ഞായറാഴ്ച സിഎന്‍എന്‍ ടോക്ക് ഷോ, സിറ്റുവേഷന്‍ റൂമില്‍ ഇങ്ങനെയൊരു പരാമർശം നടത്തിയതിനു പിന്നാലെ സമൂഹ മാധ്യമത്തിലും ജമാല്‍ തന്‍റെ  അഭിപ്രായം രേഖപ്പെടുത്തി.

"ജോ ബൈഡൻ ഒരു മികച്ച പ്രസിഡൻ്റായിരുന്നു, അദ്ദേഹം നൽകിയ വാഗ്ദാനങ്ങളിൽ പലതും പാലിച്ചു. അദ്ദേഹത്തിന് നിറവേറ്റാൻ കഴിയുന്ന ഒരു വാഗ്ദാനം ബാക്കിയാണ്. അടുത്ത 30 ദിവസത്തിനുള്ളിൽ അദ്ദേഹത്തിന് പ്രസിഡൻ്റ് സ്ഥാനം രാജിവെച്ച്, കമല ഹാരിസിനെ യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡൻ്റാക്കാം-," ജമാല്‍ സിമ്മൺസ് അഭിമുഖത്തിൽ പറഞ്ഞു. ബൈഡൻ-ഹാരിസ് ഭരണത്തിൻ്റെ അവസാന രണ്ട് മാസങ്ങളിൽ എല്ലാവരും പ്രതീക്ഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ജമാല്‍.

കമലയ്ക്ക് അവസരം നല്‍കുന്നതാണ് ജോ ബൈഡന് ഇപ്പോള്‍ ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും വലിയ കാര്യമെന്നും ജമാല്‍ സിമ്മണ്‍സ് പറഞ്ഞു. ഡെമോക്രാറ്റുകൾ നാടകീയതയും സുതാര്യതയും ഒരേപോലെ പഠിക്കേണ്ട ഒരു ഘട്ടമാണിത്. പൊതുജനങ്ങൾ കാണാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യുകയും വാർത്തകളിൽ സജീവ ആധിപത്യം സ്ഥാപിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യണമെന്നും അദ്ദേഹം പറയുന്നു. ഡെമോക്രാറ്റുകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെപ്പറ്റിയുള്ള മുഴുവൻ കാഴ്ചപ്പാടും മാറ്റേണ്ട സമയമാണിതെന്നും ജമാല്‍ സിമ്മണ്‍സ് കൂട്ടിച്ചേർത്തു. എന്നാല്‍ തൻ്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ബൈഡൻ സ്ഥാനമൊഴിയുന്നത് പരിഗണിക്കുമെന്ന തരത്തില്‍ പ്രതികരണങ്ങളൊന്നും വന്നിട്ടില്ല. 


2024 പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാർഥി ഡൊണാള്‍ഡ് ട്രംപിനോട് വലിയ ഭൂരിപക്ഷത്തിലാണ് കമല ഹാരിസ് പരാജയപ്പെട്ടത്. ഡൊണാള്‍ഡ് ട്രംപ് 312 ഇലക്ട്രല്‍ വോട്ടുകള്‍ നേടിയപ്പോള്‍ 226 വോട്ടുകള്‍ മാത്രമാണ് കമലയ്ക്ക് നേടാന്‍ സാധിച്ചത്. തെരഞ്ഞെടുപ്പില്‍ നിർണായകമായ ഏഴ് സ്വിങ് സ്റ്റേറ്റുകളും ട്രംപിനു അനുകൂലമായാണ് ജനവിധി രേഖപ്പെടുത്തിയത്. ജനുവരി 20നാണ് യുഎസ് പ്രസിഡന്‍റായി ഡൊണാള്‍ഡ് ട്രംപ് ചുമതലയേല്‍ക്കുന്നത്. 

SCROLL FOR NEXT