കൊച്ചി: തമിഴ്നാട്ടിൽ മറ്റന്നാൾ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരള അതിർത്തിയിൽ മദ്യം നിരോധനം ഏർപ്പെടുത്തിയ സംസ്ഥാനസർക്കാരിൻ്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. മദ്യ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അബ്കാരി നിയമത്തില്‍ വ്യവസ്ഥയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജനപ്രാതിനിധ്യ നിയമത്തിലെ 135 വകുപ്പ് അനുസരിച്ച് വോട്ടെടുപ്പ് പ്രദേശത്ത് മാത്രമാണ് നിയന്ത്രണം. പോളിങ് പ്രദേശത്തിന് പുറത്ത് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കമ്മിഷനും അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. കുമിളിയിലെ ബാറുടമയുടെ വാദം അംഗീകരിച്ചാണ് ഇടക്കാല ഉത്തരവ്.
ഏപ്രില്‍ 23-ന് നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള-തമിഴ്‌നാട് അതിര്‍ത്തി മേഖലകളില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്തായിരുന്നു ഹർജി. കേരള സര്‍ക്കാരിൻ്റെയും തിരഞ്ഞെടുപ്പ് കമ്മീഷൻ്റെയും നടപടിയാണ് ജസ്റ്റിസ് എസ്. മനു അധ്യക്ഷനായ അവധിക്കാല ബഞ്ചിന് മുൻപാകെ എത്തിയത്.
തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്ന് 5 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ ഏപ്രില്‍ 21 രാവിലെ 10 മണി മുതല്‍ ഏപ്രില്‍ 23 അര്‍ദ്ധരാത്രി വരെ ഡ്രൈ ഡേ പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തായിരുന്നു ഹർജി. തമിഴ്നാട്ടിലെയും കേരളത്തിലെയും ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഈ നടപടിയെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. എന്നാല്‍ ഇത്തരമൊരു ആവശ്യം ഉന്നയിക്കാന്‍ അവര്‍ക്ക് എന്ത് നിയമപരമായ അധികാരമാണുള്ളതെന്ന് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു.