NEWSROOM

'ഓണ്‍ലി ഫാന്‍സ്' കെണികള്‍; ദുരുപയോഗം ചെയ്യുന്നത് മൃഗങ്ങളെയും കുട്ടികളെയും വരെ

സബ്സ്ക്രിപ്ഷന്‍ ഇനത്തില്‍ പണം ഈടാക്കി ലെെംഗിക ദൃശ്യങ്ങൾ നല്‍കുന്ന വെെബ്സെെറ്റാണ് ഒണ്‍ലി ഫാന്‍സ്

Author : ന്യൂസ് ഡെസ്ക്

അമേരിക്കയിലെ ലക്ഷക്കണക്കിന് കുടുംബങ്ങളെ ദാരിദ്രത്തിലേക്ക് തള്ളിവിടുകയാണ് ഒരു വെബ്സെെറ്റ്. കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു എന്നടക്കം ആരോപണങ്ങളില്‍ വിചാരണ നേരിട്ടതിന് പിന്നാലെ റോയിട്ടേഴ്സ് നടത്തിയ അന്വേഷണത്തില്‍ ഓണ്‍ലി ഫാന്‍സ് എന്ന വെബ്സെെറ്റിന്‍റെ ഞെട്ടിക്കുന്ന വശമാണ് പുറത്തുവരുന്നത്.

സബ്സ്ക്രിപ്ഷന്‍ ഇനത്തില്‍ പണം ഈടാക്കി ലെെംഗിക ദൃശ്യങ്ങൾ നല്‍കുന്ന വെെബ്സെെറ്റാണ് ഓണ്‍ലി ഫാന്‍സ്. 2016 ല്‍ ലണ്ടലിനാണ് ആരംഭമെങ്കിലും കോവിഡ് കാലത്താണ് വെബ്സെെറ്റിന് വ്യാപക പ്രചാരം ലഭിച്ചത്. മറ്റ് പോണോഗ്രാഫിക് വെബ്സെെറ്റുകളില്‍ നിന്ന് വ്യത്യസ്തമായി ഒരു സോഷ്യല്‍ മീഡിയ ആപ്പിന് സമാനമായി ഉപയോക്താക്കള്‍ക്ക് ആവശ്യമായ രീതിയില്‍ കസ്റ്റമെെസ്ഡ് ആയ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുകയും അതിന് പണമീടാക്കുകയും ചെയ്യുന്നതാണ് ഈ വെബ്സെെറ്റിലെ രീതി. 2023 ല്‍ 1.3 ബില്ല്യന്‍ വാർഷിക വരുമാനമുണ്ടാക്കിയ വെബ്സെെറ്റ് 2021 മുതല്‍ അമേരിക്കയില്‍ വിവിധ കേസുകൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. അതില്‍ കുട്ടികളെ ലെെംഗിക പ്രവർത്തനങ്ങള്‍ക്ക് ഉപയോഗിച്ചത് മുതല്‍ ബലാത്സംഗ ഉള്ളടക്കങ്ങള്‍ ഉള്‍പ്പെടുത്തയത് വരെയുള്ള 250 കേസുകളുണ്ട്.

ALSO READ:ലബനനിലെ യുദ്ധമേഖലകളിൽ നിന്ന് സമാധാന സേനാംഗങ്ങളെ ഒഴിപ്പിക്കണം; ഐക്യരാഷ്ട്ര സഭയോട് ബെഞ്ചമിന്‍ നെതന്യാഹു

എന്നാല്‍ ഒക്ടോബർ 11ന് പുറത്തുവിട്ട റോയിട്ടേഴ്സ് അന്വേഷണം, വെളിപ്പെടുത്തിയത് വെബ്സെെറ്റിന്‍റെ മറ്റൊരു മുഖമാണ്. അമേരിക്കയിലെ അനേകം കുടുംബങ്ങളെ തകർത്ത വില്ലന്‍റെ മുഖം, പങ്കാളിയുടെയും മക്കളുടെയും ക്രെഡിറ്റ് കാർഡുകളില്‍ നിന്ന് കണക്കില്ലാതെ ഒഴുകിയ പണത്തിന് പിന്നാലെ അന്വേഷിച്ച് പോയപ്പോള്‍ പലരും കണ്ടെത്തിയത് ഓണ്‍ലി ഫാന്‍സ് സബ്സ്ക്രിപ്ഷന്‍റെ സ്റ്റേറ്റ്മെന്‍റുകളാണ്. ഒരൊറ്റത്തവണ ക്രെഡിറ്റ് കാർഡ് രജിസ്റ്റർ ചെയ്താല്‍ പിന്നീട് ഓരോ ക്ലിക്കിലും ടിപ്പായി പണം കെെമാറുന്നതാണ് ഒണ്‍ലി ഫാന്‍സിലെ രീതി. ചൂതാടുന്നതിന് സമാനമായി അക്കൗണ്ട് കാലിയാകുന്നത് വരെ എത്രപണം കെെയ്യില്‍ നിന്ന് പോകുന്നു എന്ന് ചെലവഴിക്കുന്ന വ്യക്തി അറിയില്ല.

മുഴുവന്‍ സമ്പാദ്യവും പെന്‍ഷന്‍ പണവും പോലും രാജ്യത്തിന്‍റെ മറ്റൊരു കോണിലുള്ള മോഡലിന് കെെമാറിയ പങ്കാളിയില്‍ നിന്ന് വിവാഹമോചിതരാകുമ്പോള്‍ കടക്കെണിയുടെ വക്കിലായിരുന്നു പലരും. പങ്കാളിയുടെ സമ്മതമില്ലാതെ സ്വകാര്യനിമിഷങ്ങള്‍ പകർത്തി പങ്കുവയ്ക്കുന്നവർ, അടുത്ത ബന്ധുക്കളുടെ വരെ നഗ്നദൃശ്യങ്ങള്‍ അവർ അറിയാതെ മറ്റുള്ളവർക്ക് കെെമാറുന്നവർ, മൃഗങ്ങളെ ദുരുപയോഗം ചെയ്യുന്നവർ, സബ്സ്ക്രെെബേഴ്സിന്‍റെ ആവശ്യപ്രകാരം, പൊതുവിടത്തില്‍ വരെ ലെെംഗിക പ്രവർത്തികളിലേർപ്പെടുന്നവർ, ലെെംഗികാതിക്രമങ്ങള്‍ നടത്തുന്നവർ, അങ്ങനെ ഓണ്‍ലി ഫാന്‍സിന്‍റെ നിയമവിരുദ്ധ വശത്തിലേക്കുള്ള അന്വേഷണം അതിഗുരുതരമായ കണ്ടെത്തലുകളിലേക്കാണ് എത്തിയത്.


മാസങ്ങളോളം താന്‍ നഗ്നദൃശ്യങ്ങള്‍ നല്‍കിയിരുന്ന വ്യക്തി തന്‍റെ ബന്ധുവാണെന്ന് തിരിച്ചറിഞ്ഞ 23 കാരിയുടെ അനുഭവവും റിപ്പോർട്ടില്‍ പറയുന്നു. സേവനങ്ങള്‍ നല്‍കുന്നതും സ്വീകരിക്കുന്നതുമായ വ്യക്തികളുടെ ഐഡന്‍റിന്‍റി വെളിപ്പെടുത്തേണ്ടതില്ല. അതുകൊണ്ടുതന്നെ ഇത്തരം കേസുകളില്‍ വഞ്ചിക്കപ്പെട്ടു എന്ന് തോന്നിയാലും ഉഭയസമ്മതപ്രകാരമായുള്ള പങ്കുവയ്ക്കലായേ നിയമം കണക്കാക്കൂ. വ്യക്തിഹത്യ ലക്ഷ്യമിട്ട് മറ്റേതെങ്കിലും വ്യക്തിയുടെ പേരോ ചിത്രങ്ങളോ ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകളുണ്ടാക്കുന്നതും, വെബ്സെെറ്റിന് പുറത്തേക്ക് വളരുന്ന ബന്ധങ്ങള്‍ മനുഷ്യക്കടത്തിലേക്ക് വരെ എത്തുന്നതുമായ സംഭവങ്ങളുമുണ്ടായിട്ടുണ്ട്.

SCROLL FOR NEXT