NEWSROOM

"കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്നത് ക്രൂരത, അംഗീകരിച്ചത് സംസ്ഥാനത്തിൻ്റെ ഒരു ആവശ്യം മാത്രം"

ചൂരൽമല ടൗൺ റീ ഡിസൈൻ ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ഇപ്പോൾ പുറത്ത് വന്നത് വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസമാണ്. ആരെയും തള്ളിപ്പറയാൻ ഇല്ലെന്നും ഡിഡിഎംഎയാണ് ലിസ്റ്റ് തയ്യാറാക്കേണ്ടതെന്നും മന്ത്രി പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്നത് ക്രൂരതയെന്ന് റവന്യൂ മന്ത്രി കെ. രാജൻ. ചൂരൽമലയുമായി ബന്ധപ്പെട്ട് കേരളം മുന്നോട്ട് വെച്ച മൂന്ന് ആവശ്യങ്ങളിൽ ഒന്ന് മാത്രമാണ് കേന്ദ്രം അംഗീകരിച്ചത്. സിബിൽ സ്കോർ വരാതെ കട ബാധ്യത പരിഹരിക്കണമെങ്കിൽ കേന്ദ്രം എഴുതി തള്ളണമെന്നും റവന്യൂമന്ത്രി പറഞ്ഞു.


ചൂരൽമല ദുരന്തത്തെ എൽ 3 വിഭാഗത്തിൽ ഉൾപ്പെടുത്തുക എന്ന കേരളത്തിൻ്റെ ആവശ്യം മാത്രമാണ് കേന്ദ്രം അംഗീകരിച്ചതെന്ന് കെ. രാജൻ പറഞ്ഞു. പിഡിഎൻഎ റിപ്പോർട്ടിൽ ഒരു മറുപടിയും ഉണ്ടായില്ല. കേരള ബാങ്ക് കടങ്ങൾ എഴുതി തള്ളിയതായും മന്ത്രി വ്യക്തമാക്കി. 30 കോടി രൂപയുടെ കട ബാധ്യതയാണ് കേരള ബാങ്ക് എഴുതി തള്ളിയത്. സിബിൽ സ്കോർ വരാതെ കട ബാധ്യത പരിഹരിക്കണമെങ്കിൽ കേന്ദ്രം എഴുതി തള്ളണമെന്നും റവന്യൂമന്ത്രി വ്യക്തമാക്കി.

ചൂരൽമല ടൗൺ റീ ഡിസൈൻ ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ഇപ്പോൾ പുറത്ത് വന്നത് വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസമാണ്. ആരെയും തള്ളിപ്പറയാൻ ഇല്ലെന്നും ഡിഡിഎംഎയാണ് ലിസ്റ്റ് തയ്യാറാക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. എല്ലാവർക്കും ഒരുമിച്ച് താമസിക്കാൻ വേണ്ടിയാണ് എസ്റ്റേറ്റ് ഏറ്റെടുത്തത്. ഭൗമശാസ്ത്രജ്ഞൻ ജോൺ മത്തായി 25 എസ്റ്റേറ്റുകളാണ് പോയി കണ്ടത്. ദുരന്ത ബാധിതരുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റ് ഏറ്റെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.



പ്രതിഷേധിക്കുന്നവരോട് ശത്രുത മനോഭാവം ഇല്ലെന്നും നിലവിൽ മാനദണ്ഡപ്രകാരമാണ് ലിസ്റ്റ് പുറത്ത് വിട്ടതെന്നും മന്ത്രി പറഞ്ഞു. കൂടുതൽ പരാതികൾ ഉണ്ടെങ്കിൽ പരിഗണിക്കാം. നടപടികൾ നിബന്ധനകൾക്ക് വിധേയമായാണ്. ഏഴ് സെന്റ് ഭൂമിയിലാണ് വീട് നിർമാണം. വയനാടിനായി ദുരന്ത നിവാരണ ഫണ്ടിലേക്ക് ലഭിച്ച തുക ഇവിടെ തന്നെ ചിലവഴിക്കും. ഒരാൾക്കും വാടക കിട്ടാത്ത പ്രശ്നം ഉണ്ടാകില്ല. ദിവസം 300 രൂപ മുൻകാല പ്രാബല്യത്തോടെ നൽകും. വീട് നിർമാണത്തിന് 20 ലക്ഷത്തിൽ കൂടുതൽ വേണ്ടത് സിഎംഡിഎഫ്ആറിൽ നിന്ന് നൽകുമെന്നും കെ. രാജൻ കൂട്ടിച്ചേർത്തു.

SCROLL FOR NEXT