കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊല ഇന്ന് സുപ്രിംകോടതി പരിഗണിക്കും. സ്വമേധയാ സ്വീകരിച്ച ഹർജിയാണ് കോടതി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക. കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നേരത്തെ നൽകിയ ഹർജിയും പരിഗണനയ്ക്ക് വരും.
നേരത്തെ കേസ് പരിഗണിച്ച സുപ്രീംകോടതി സംഭവസ്ഥലത്ത് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു എന്നതിൽ രൂക്ഷ വിമർശനം ബംഗാൾ സർക്കാരിനെതിരെ ഉന്നയിച്ചിരുന്നു. കേസിലെ പ്രതി സഞ്ജയ് റോയ്ക്ക് വിചാരണ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച പശ്ചാത്തലത്തിൽ കൂടിയാണ് സുപ്രീംകോടതി ഇന്ന് കേസ് പരിഗണിക്കുന്നത്. 2024 ഓഗസ്റ്റ് 18നാണ് സുപ്രീംകോടതി ഈ വിഷയത്തിൽ സ്വമേധയാ കേസ് എടുത്തത്.
ജനുവരി 20ന് സഞ്ജയ് റോയിക്ക് കൊൽക്കത്ത കോടതി മരണം വരെ തടവിന് ശിക്ഷിച്ചിരുന്നു. തുടർന്ന് പ്രതിക്ക് വധശിക്ഷയ്ക്ക് വേണ്ടിയുള്ള വ്യാപകമായ ആവശ്യം ഉയർന്നിരിക്കുകയാണ്. അതേ സമയം, കൊൽക്കത്തയിലെ ആർ ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി സഞ്ജയ് റോയ്ക്ക് ജീവപര്യന്തം വിധിച്ചതിന് പിന്നാലെ പശ്ചിമബംഗാൾ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് സർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കൊൽക്കത്ത ഹൈക്കോടതിയിലാണ് സംസ്ഥാന സർക്കാർ ഹർജി സമർപ്പിച്ചത്.