NEWSROOM

"കോഹ്‌ലിയെ അപമാനിച്ചിട്ടില്ല, ഗംഭീർ പരുക്കനായ വ്യക്തി"; വിവാദത്തിൽ വിശദീകരണവുമായി പോണ്ടിങ്

വിരാട് കോഹ്‌‌ലിയേയും രോഹിത് ശർമയേയും കുറിച്ചുള്ള തൻ്റെ പരാമർശങ്ങൾ ഗംഭീർ നല്ല രീതിയിൽ മനസിലാക്കിയിട്ടില്ലെന്ന് പോണ്ടിങ് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്


ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സീനിയർ താരമായ വിരാട് കോഹ്ലിയെ താൻ അപമാനിച്ചുവെന്ന വാർത്തകൾ തള്ളി മുൻ ഓസ്ട്രലിയൻ നായകൻ റിക്കി പോണ്ടിങ്. വിരാട് കോഹ്‌‌ലിയേയും രോഹിത് ശർമയേയും കുറിച്ചുള്ള തൻ്റെ പരാമർശങ്ങൾ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ നല്ല രീതിയിൽ മനസിലാക്കിയിട്ടില്ലെന്നും അദ്ദേഹമൊരു പരുക്കനായ വ്യക്തിയാണെന്നും പോണ്ടിങ് പറഞ്ഞു.

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോർഡർ-ഗവാസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പര ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെയാണ് ഗംഭീർ-പോണ്ടിങ് വാക് പോര് രൂക്ഷമാവുന്നത്. "ഗംഭീർ എന്നെക്കുറിച്ച് നടത്തിയ പ്രതികരണം വായിച്ച് ഞാൻ ആശ്ചര്യപ്പെട്ടു. പക്ഷേ, പരിശീലകനായ ഗൗതം ഗംഭീറിനെ അറിയാം. അദ്ദേഹം തികച്ചും പരുക്കനായൊരു വ്യക്തിയാണ്. അദ്ദേഹം എന്തെങ്കിലും തിരിച്ച് പറഞ്ഞതിൽ എനിക്ക് അതിശയിക്കാനില്ല," പോണ്ടിങ് ഓസ്ട്രേലിയൻ മാധ്യമങ്ങളോട് പറഞ്ഞു.

"വിരാടിനെക്കുറിച്ചുള്ള തൻ്റെ അഭിപ്രായങ്ങൾ ഏതെങ്കിലും വിധത്തിൽ അപമാനിക്കാനോ വിമർശനത്തിനോ വേണ്ടിയല്ല. ഇന്ത്യൻ താരം തൻ്റെ നഷ്ടപ്പെട്ട ഫോം വീണ്ടെടുക്കും. കോഹ്‌ലി മുമ്പ് ഓസ്‌ട്രേലിയയിൽ നന്നായി കളിച്ചതാണ്. അദ്ദേഹം ഇവിടെ തിരിച്ചുവരാൻ ആഗ്രഹിക്കുന്നു.മുൻ വർഷങ്ങളിലേത് പോലെ സെഞ്ചുറി നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ലെന്നതിൽ അൽപ്പം ആശങ്കയുണ്ട്," മുൻ ഓസീസ് നായകൻ കൂട്ടിച്ചേർത്തു.

SCROLL FOR NEXT