NEWSROOM

ജോലി സമയത്തിന് ശേഷം മേലുദ്യോഗസ്ഥൻ്റെ കോൾ എടുക്കേണ്ടതില്ല; തിങ്കളാഴ്ച മുതൽ ഓസ്‌ട്രേലിയയിൽ പുതിയ നിയമം നിലവിൽ വരും

ഇത്തരമൊരു നിയമം നടപ്പിലാക്കുന്ന ആദ്യത്തെ രാജ്യമല്ല ഓസ്‌ട്രേലിയ. ഫ്രാൻസും ജർമ്മനിയും ഉൾപ്പെടെ നിരവധി യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ സമാനമായ നിയമം ഇതിനകം നിലവിലുണ്ട്

Author : ന്യൂസ് ഡെസ്ക്

ജോലി സമയത്തിന് ശേഷം മേലുദ്യോഗസ്ഥൻ്റെ കോൾ എടുക്കേണ്ടതില്ല. തിങ്കളാഴ്ച മുതൽ ഓസ്‌ട്രേലിയയിൽ പുതിയ നിയമം നിലവിൽ വരും. തൊഴിലാളികൾക്ക് അവർക്ക് അനുവദിച്ച ജോലി സമയം കഴിഞ്ഞതിന് ശേഷം തൊഴിലുടമകളിൽ നിന്ന് വരുന്ന കോളുകൾ വിച്ഛേദിക്കാനുള്ള അവകാശം നൽകുന്ന നിയമം തിങ്കളാഴ്ചയോടെ ഓസ്‌ട്രേലിയയിൽ പ്രാബല്യത്തിൽ വരും. ഫെബ്രുവരിയിൽ പാസാക്കിയ ഈ നിയമം പ്രകാരം ജോലി ചെയ്യാത്ത സമയങ്ങളിൽ തൊഴിലാളികളുടെ കോൺടാക്റ്റുകളും പ്രവർത്തികളും നിരീക്ഷിക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്നതിൽ മേലധികാരികളെ വിലക്കുന്നു.

നിയമം പ്രാബല്യത്തിൽ വരുന്നതോടെ അവരുടെ ജോലി സമയത്തിന് പുറത്ത് തൊഴിലുടമയുമായുള്ള സമ്പർക്കം നിരസിക്കാൻ ജീവനക്കാർക്ക് അവകാശം ലഭിക്കുന്നു. ഇത്തരമൊരു നിയമം നടപ്പിലാക്കുന്ന ആദ്യത്തെ രാജ്യമല്ല ഓസ്‌ട്രേലിയ. ഫ്രാൻസും ജർമ്മനിയും ഉൾപ്പെടെ നിരവധി യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ സമാനമായ നിയമം ഇതിനകം നിലവിലുണ്ട്. ഇത് ജീവനക്കാർക്ക് ജോലിക്ക് പുറത്ത് അവരുടെ മൊബൈൽ ഉപകരണങ്ങൾ സ്വിച്ച് ഓഫ് ചെയ്യുവാനുള്ള അനുവാദം നൽകുന്നു.

ഈ വർഷമാദ്യം ഈ നിയമം പാർലമെൻ്റിലൂടെ പാസാക്കിയ സമയത്ത് തൊഴിലുടമ ഗ്രൂപ്പുകളിൽ നിന്ന് കടുത്ത  എതിർപ്പ് നേരിട്ടിരുന്നു. വിമർശകർ നിയമനിർമ്മാണത്തെ പിഴവുള്ളതാണെന്ന് മുദ്രകുത്തി. ജോലിസമയത്തിനു ശേഷവും തൊഴിലുടമ ജീവനക്കാരനുമായി ഇടപഴകാൻ ശ്രമിക്കുന്നുണ്ടെങ്കിൽ, അത്തരം സാഹചര്യങ്ങളും കണക്കിലെടുക്കണമെന്നും വ്യവസ്ഥയിലുണ്ട്.



SCROLL FOR NEXT