സൗദിയിലെ റിയാദില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുള്‍ റഹീം ഉടന്‍ ജയില്‍ മോചിതനാകും. റഹീമിന്റെ മോചന ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്ന് റിയാദിലെ സഹായ സമിതി അറിയിച്ചു.
ജൂലൈ രണ്ടിനാണ് വധശിക്ഷ റദ്ദ് ചെയ്ത് കോടതി ഉത്തരവ് ഇറങ്ങിയത്. ഇതിന് ശേഷമുള്ള സുപ്രധാന ഉത്തരവായിരിക്കും വരാന്‍ പോകുന്നതെന്ന് സഹായ സമിതി നേതാക്കള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കേസിന്റെ നടപടികള്‍ ഇന്ത്യന്‍ എംബസിയും റഹീമിന്റെ പവര്‍ ഓഫ് അറ്റോര്‍ണിയായ സിദ്ദീഖ് തുവ്വൂരും പ്രതിഭാഗം വക്കീലും കൃത്യമായി പിന്തുടരുന്നുണ്ടെന്നും ഓരോ ദിവസവും ബന്ധപ്പെട്ട ഓഫീസുകളില്‍ എത്തി പുരോഗതി വിലയിരുത്തുകയാണെന്നും സഹായ സമിതി ചെയര്‍മാന്‍ സിപി മുസ്തഫ ജനറല്‍ കണ്‍വീനര്‍ അബ്ദുള്ള വല്ലാഞ്ചിറ, ട്രഷറര്‍ സെബിന്‍ ഇഖ്ബാല്‍, ചീഫ് കോ ഓഡിനേറ്റര്‍ ഹസ്സന്‍ ഹര്‍ഷാദ് എന്നിവര്‍ അറിയിച്ചു.
ALSO READ: ദുബായില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ മലയാളിക്ക് 11.5 കോടി നഷ്ടപരിഹാരം വിധിച്ച് യുഎഇ സുപ്രീം കോടതി
ദയാധനം നല്‍കിയ കൊല്ലപ്പെട്ട ബാലന്റെ കുടുംബം അനുരഞ്ജന കരാറില്‍ ഒപ്പ് വെച്ചതോടെ റഹീമിന്റെ വധശിക്ഷ റദ്ദാക്കിയിരുന്നു. ഇതോടെയാണ് റിയാദിലെ ക്രിമിനല്‍ കോടതി വധശിക്ഷ റദ്ദു ചെയ്തത്.
2006 ഡിസംബറിലാണ് സൗദി ബാലന്റെ കൊലപാതക കേസില്‍ അബ്ദുള്‍ റഹീം ജയിലിലാകുന്നത്. റഹീമിന്റെ മോചനത്തിനായി കേരളത്തില്‍ നിന്നടക്കം പണം സമാഹരിച്ചിരുന്നു. 18 വര്‍ഷത്തോളം നീണ്ട ശ്രമത്തിനൊടുവിലാണ് മോചനത്തിലേക്കുള്ള വഴികള്‍ തുറക്കുന്നത്.