NEWSROOM

"ബിജെപിയിൽ നേതൃസ്ഥാനത്തിനായി യുദ്ധം നടക്കുന്നു"; ഗഡ്കരിയുടെ അവകാശവാദത്തിന് പിന്നാലെ വെളിപ്പെടുത്തലുമായി ആർജെഡി എംപി രംഗത്ത്

പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുകയാണെങ്കിൽ പിന്തുണയ്ക്കാമെന്ന ഒരു പ്രതിപക്ഷ രാഷ്ട്രീയ നേതാവിൻ്റെ വാഗ്ദാനം നിരസിച്ചെന്നായിരുന്നു നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം പറഞ്ഞത്

Author : ന്യൂസ് ഡെസ്ക്


പ്രധാനമന്ത്രിയാകാനുള്ള നിർദേശം നിരസിച്ചെന്ന കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുടെ അവകാശവാദത്തിന് പിന്നാലെ പ്രതികരണവുമായി ആർജെഡി എംപി മനോജ് കുമാർ ജാ. ബിജെപിക്കുള്ളിൽ പ്രാധന നേതൃസ്ഥാനങ്ങൾക്കായുള്ള യുദ്ധം നടക്കുന്നുണ്ടെന്നായിരുന്നു മനോജ് കുമാറിൻ്റെ ആരോപണം. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുകയാണെങ്കിൽ പിന്തുണയ്ക്കാമെന്ന ഒരു പ്രതിപക്ഷ രാഷ്ട്രീയ നേതാവിൻ്റെ വാഗ്ദാനം നിരസിച്ചെന്നായിരുന്നു നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം പറഞ്ഞത്.

"ബിജെപിയിൽ സ്ഥാനങ്ങൾക്കായുള്ള യുദ്ധം നടക്കുന്നുണ്ട്. വരും മാസങ്ങളിൽ അതിൻ്റെ ഫലം നിങ്ങൾക്ക് കാണാൻ കഴിയും. ബിജെപി ഇത്തവണ പ്രധാനമന്ത്രി മോദിയെ നേതാവായി തെരഞ്ഞെടുത്തോ? എൻഡിഎ തെരഞ്ഞെടുത്ത ടൈം ലൈൻ പരിശോധിക്കൂ," മനോജ് കുമാർ ജാ ദേശീയ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

നിതിൻ ഗഡ്കരിയുടെ പ്രസ്താവനയെ പ്രതിപക്ഷ പാർട്ടികളും വിമർശിച്ചു. പ്രതിപക്ഷ സഖ്യത്തിന് രാജ്യത്തെ നയിക്കാൻ കഴിവുള്ള നേതാക്കളുണ്ടെന്ന് ശിവസേന (യുബിടി) നേതാവ് പ്രിയങ്ക ചതുർവേദി ഞായറാഴ്ച പറഞ്ഞു.

“നിതിൻ ഗഡ്കരി ഉയർന്ന സ്ഥാനത്തേക്കെത്താനുള്ള അദ്ദേഹത്തിൻ്റെ ഹൃദയംഗമമായ ആഗ്രഹം പ്രകടിപ്പിക്കുകയാണ്. മോദിജിക്ക് ഈ സന്ദേശം അയയ്‌ക്കാനായി പ്രതിപക്ഷ പാർട്ടികളുടെ പേരിൽ ഒഴിവു കഴിവ് പറയുകയാണ് ഗഡ്കരി. ഇന്ത്യൻ സഖ്യത്തിന് രാജ്യത്തെ നയിക്കാൻ കഴിവുള്ള നേതാക്കളുണ്ട്. ബിജെപിയിൽ നിന്ന് ഒരാളെ കടം വാങ്ങാൻ ആഗ്രഹിക്കുന്നില്ല. നിതിൻ ഗഡ്കരി നന്നായി കളിച്ചു,” പ്രിയങ്ക ചതുർവേദി എക്‌സിൽ കുറിച്ചു.

പത്രപ്രവർത്തന അവാർഡ്‌ ദാന ചടങ്ങിൽ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു ഗഡ്കരിയുടെ വിവാദ പ്രസ്താവന. ജീവിതലക്ഷ്യം പ്രധാനമന്ത്രി സ്ഥാനമായിരുന്നില്ലെന്നും അതിനാലാണ് നിർദേശം നിരസിച്ചതെന്നും ഗഡ്കരി പറഞ്ഞു. "ഞാൻ ഒരു സംഭവം ഓർക്കുകയാണ്. ആരാണെന്ന് ഞാൻ പറയുന്നില്ല. ഒരിക്കൽ ഒരു പ്രതിപക്ഷ രാഷ്ട്രീയ നേതാവ് നിങ്ങൾ പ്രധാനമന്ത്രിയാകാൻ പോകുകയാണെങ്കിൽ ഞങ്ങൾ നിങ്ങളെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചു," സംഭാഷണത്തെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നൽകാതെ ബിജെപി നേതാവ് പറഞ്ഞു.

"എന്നാൽ, നിങ്ങൾ എന്തിന് എന്നെ പിന്തുണയ്ക്കണം? എന്തിന് ഞാൻ നിങ്ങളുടെ പിന്തുണ സ്വീകരിക്കണമെന്ന് ഞാൻ ചോദിച്ചു. പ്രധാനമന്ത്രിയാകുക എന്നത് എൻ്റെ ജീവിതത്തിലെ ലക്ഷ്യമല്ല. എൻ്റെ ബോധ്യത്തോടും എൻ്റെ സംഘടനയോടും ഞാൻ വിശ്വസ്തനാണ്, ഞാൻ വിട്ടുവീഴ്ച ചെയ്യാൻ പോകുന്നില്ല. ഏത് പോസ്റ്റിനേക്കാളും എനിക്കെൻ്റെ ബോധ്യമാണ് പ്രധാനം," ബിജെപി നേതാവ് കൂട്ടിച്ചേർത്തു.

SCROLL FOR NEXT