NEWSROOM

എലപ്പുള്ളി മദ്യക്കമ്പനി വിവാദം: മുന്നണിയിൽ ചർച്ച ചെയ്യാതെ എക്‌സൈസ് മന്ത്രി ഒറ്റയ്ക്ക് തീരുമാനമെടുത്തത് ശരിയായില്ല; അതൃപ്തി പരസ്യമാക്കി ആര്‍ജെഡി

ബ്രൂവറിക്ക് അടിസ്ഥാനമായ പുതിയ മദ്യനയം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യാമായിരുന്നു.

Author : ന്യൂസ് ഡെസ്ക്

പാലക്കാട് എലപ്പുള്ളിയില്‍ മദ്യക്കമ്പനിക്ക് അനുമതി നല്‍കിയ സംഭവത്തില്‍ അതൃപ്തി പരസ്യമാക്കി ആര്‍ജെഡി. ബ്രൂവറിക്ക് അടിസ്ഥാനമായ പുതിയ മദ്യനയം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യാമായിരുന്നു. അത് ചര്‍ച്ച ചെയ്യാതെ എക്‌സൈസ് മന്ത്രി ഒറ്റയ്ക്ക് തീരുമാനം എടുത്തത് ശരിയായില്ലെന്നും ആര്‍ജെഡി പറഞ്ഞു.

പദ്ധതിയുടെ ഗുണദോഷങ്ങള്‍ ഇതുവരെ എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്തിട്ടില്ല. മന്ത്രിസഭാ യോഗത്തില്‍ നേരിട്ട് തീരുമാനമെടുത്തത് ശരിയായില്ലെന്ന് ആരോപിച്ച ആര്‍ജെഡി വിഷയത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ക്കെതിരെയും രംഗത്തെത്തി.

നിലവിലെ എല്‍ഡിഎഫ് കണ്‍വീനര്‍ മുന്‍ എക്‌സൈസ് മന്ത്രി ആയിരുന്ന ആളാണ്. ടി.പി രാമകൃഷ്ണന് നടപടിക്രമങ്ങള്‍ അറിയാത്തതല്ല. ബ്രൂവറി ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച തിരുവനന്തപുരത്ത് അടിയന്തര യോഗം ചേരുമെന്നും ആര്‍ജെഡി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മദ്യക്കമ്പനിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ വിശദീകരിച്ച് മന്ത്രി എംബി രാജേഷ് വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു. മദ്യ കമ്പനിക്ക് ഒരു തുള്ളി ഭൂഗര്‍ഭ ജലം പോലും എടുക്കില്ലെന്നും ഫാക്ടറിക്ക് 0.05 ദശലക്ഷം ലിറ്റര്‍ വെള്ളം മാത്രം മതി. 0.5 ദശലക്ഷം വെള്ളം മാത്രമാണ് പൂര്‍ണ അര്‍ഥത്തില്‍ കമ്പനി വന്നാല്‍ ആവശ്യമായി വരിക. പാലക്കാ
ട് നഗരത്തിന് ആകെ നല്‍കുന്നതില്‍ 1.1 ശതമാനം മാത്രമാണ് പ്ലാന്റിന് വേണ്ടി വരികയെന്നാണ് മന്ത്രി പറഞ്ഞത്.

വിഷയം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്ത് എല്ലാവരെയും ബോധ്യപ്പെടുത്തും. സിപിഐക്കും ജനതാദളിനും വിശ്വാസം വരും. അവരെ ചാരി പ്രതിപക്ഷം രക്ഷപ്പെടാമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.



SCROLL FOR NEXT