NEWSROOM

കലാമണ്ഡലത്തില്‍ നൃത്താധ്യാപകനായി ചരിത്രം കുറിച്ച് ആര്‍എല്‍വി രാമകൃഷ്ണന്‍; അസി. പ്രൊഫസറായി നിയമനം

ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും എം.എ റാങ്ക് ഹോള്‍ഡര്‍ കൂടിയാണ് ഡോ. ആര്‍എല്‍വി രാമകൃഷ്ണന്‍.

Author : ന്യൂസ് ഡെസ്ക്

ഡോ. ആര്‍എല്‍വി രാമകൃഷ്ണന് കേരള കലാമണ്ഡലത്തില്‍ നിയമനം. ഭരതന്യാട്യം അസിസ്റ്റന്റ് പ്രൊഫസറായി ഇന്ന് ജോലിയില്‍ പ്രവേശിച്ചു. കലാമണ്ഡലത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പുരുഷന്‍ നൃത്താധ്യാപകനായി ജോലിയില്‍ പ്രവേശിക്കുന്നത്.

രണ്ട് മാസം മുമ്പാണ് യുജിസി അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നത്. യുജിസി മാനദണ്ഡ പ്രകാരം സെലക്ഷന്‍ കമ്മിറ്റി യോഗം ചേരുകയും അതിന്റെ അടിസ്ഥാനത്തില്‍ യോഗ്യതാ നിര്‍ണയ പരീക്ഷയും നടത്തിയതിന് ശേഷമാണ് ആര്‍എല്‍വി രാമകൃഷ്ണന്‍ കലാമണ്ഡലത്തില്‍ അധ്യാപകനായെത്തുന്നത്.

ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും എം.എ റാങ്ക് ഹോള്‍ഡര്‍ കൂടിയാണ് ഡോ. ആര്‍എല്‍വി രാമകൃഷ്ണന്‍. നടന്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ കൂടിയാണ് അദ്ദേഹം.

നേരത്തെ ആര്‍എല്‍വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ ജാതി അധിക്ഷേപം നടത്തിയത് വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. ആര്‍എല്‍വി രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടം പുരുഷന്മാര്‍ അവതരിപ്പിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് സൗന്ദര്യം വേണമെന്നായിരുന്നു സത്യഭാമയുടെ പരാമര്‍ശം. ആര്‍എല്‍വി രാമകൃഷ്ണന്റെ പേരെടുത്ത് പറയാതെയായിരുന്നു അധിക്ഷേപം.

പറഞ്ഞതില്‍ കുറ്റബോധമില്ലെന്നും ഇനിയും പറയുമെന്നും ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നുമായിരുന്നു സത്യഭാമയുടെ വാദം. പേര് പറഞ്ഞാലേ കുഴപ്പുമുള്ളു എന്നും സത്യഭാമ പറഞ്ഞിരുന്നു.

SCROLL FOR NEXT