NEWSROOM

പല നാള്‍ കള്ളന്‍ ഒരുനാള്‍... ട്രെയിൻ യാത്രക്കിടെ പരിചയപ്പെട്ട വൃദ്ധദമ്പതികളുടെ വീട്ടിലെത്തി മയക്കിക്കിടത്തി സ്വർണം കവർന്ന പ്രതി പിടിയിൽ

സംസാരത്തിനിടയിൽ സേനയിലെ ഹോസ്പിറ്റലുകളിൽ വളരെ കുറഞ്ഞ ചിലവിൽ ശാസ്ത്രക്രിയകൾ നടത്തുന്നുണ്ടെന്നും പറഞ്ഞ് ദമ്പതികളെ പറഞ്ഞു വിശ്വസിപ്പിച്ച് ഹോസ്പിറ്റൽ രേഖകൾക്കും മറ്റും വേണ്ടി കോട്ടപ്പുറത്തെ വീട്ടിലെത്തുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്

ട്രെയിൻ യാത്രക്കിടെ പരിചയപ്പെട്ട വൃദ്ധദമ്പതികളുടെ വീട്ടിലെത്തി മയക്കിക്കിടത്തി ആറ് പവൻ സ്വർണം മോഷ്ടിച്ച പ്രതി വളാഞ്ചേരി പൊലീസ് പിടിയിൽ. തൃശൂർ വാടാനപ്പള്ളി സ്വദേശി തിണ്ടിക്കൽ ബാദുഷയെ വളാഞ്ചേരി പൊലീസ് തിരുവനന്തപുരത്ത് നിന്നുമാണ് പിടികൂടിയത്. വളാഞ്ചേരി കോട്ടപ്പുറം പെട്രോൾ പമ്പിനു സമീപം താമസിക്കുന്ന കോഞ്ചത്ത് ചന്ദ്രൻ, ഭാര്യ ചന്ദ്രമതി എന്നീ വൃദ്ധദമ്പതികളെ ജ്യൂസിൽ മയക്കു ഗുളിക ചേർത്ത് മയക്കി കിടത്തി ആറ് പവൻ സ്വർണം കവർന്നത് അഞ്ചു ദിവസം മുമ്പാണ്.

കേസിലെ പ്രതി തൃശൂർ വാടാനപ്പള്ളി സ്വദേശി തിണ്ടിക്കൽ ബാദുഷയെ വളാഞ്ചേരി പൊലീസ് തിരുവനന്തപുരത്ത് നിന്നുമാണ് പിടികൂടിയത്. വൃദ്ധദമ്പതികൾ മുട്ടുവേദനയെ തുടർന്ന് കൊട്ടാരക്കരയിൽ നിന്നും കുറ്റിപ്പുറത്തേക്കുള്ള ട്രെയിൻ യാത്രക്കിടയിൽ പ്രതി നേവി ഉദ്യോഗസ്ഥൻ ആണെന്നും പറഞ്ഞ് സൗഹൃദം സ്ഥാപിച്ചിരുന്നു. സംസാരത്തിനിടയിൽ സേനയിലെ ഹോസ്പിറ്റലുകളിൽ വളരെ കുറഞ്ഞ ചിലവിൽ ശാസ്ത്രക്രിയകൾ നടത്തുന്നുണ്ടെന്നും പറഞ്ഞ് ദമ്പതികളെ പറഞ്ഞു വിശ്വസിപ്പിച്ച് ഹോസ്പിറ്റൽ രേഖകൾക്കും മറ്റും വേണ്ടി കോട്ടപ്പുറത്തെ വീട്ടിലെത്തുകയായിരുന്നു. ഇതിനിടയിലാണ് ജ്യൂസിൽ മയക്കുഗുളിക കലക്കി മയക്കി ആറ് പവനോളം സ്വർണം കവർന്നത്. വളാഞ്ചേരി പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ തിരുവനന്തപുരത്ത് നിന്നും പിടികൂടിയത്.

പ്രതിക്കെതിരെ കുറ്റിപ്പുറം, തൃശൂർ, തിരുവനന്തപുരം ഇടുക്കി കോഴിക്കോട് കോട്ടയം എന്നീ ജില്ലകളിൽ സമാനമായ കേസുകൾ നിലവിലുണ്ട്. പ്രതി ഒറ്റക്കാണ് മോഷണങ്ങളെല്ലാം നടത്തി വരുന്നത് എന്നും കൂട്ടാളികൾ ഉണ്ടോ എന്നും പൊലീസ് അന്വേഷിച്ചു വരികയാണ്. പ്രതി മോഷ്ടിച്ച ഫോണുകളാണ് ഉപയോഗിക്കാറ്. ഒരു കൃത്യം കഴിഞ്ഞാൽ ആ ഫോണ് ഉപേക്ഷിക്കുന്നതും ഇയാളുടെ രീതിയാണ്. എറണാകുളം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിൽ നിന്നുള്ള സിസിടിവി പോലീസ് പരിശോധിച്ചിരുന്നു. മോഷണത്തിനു ശേഷം മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നതിൽ വളാഞ്ചേരി പൊലീസ് വളരെ തന്ത്രപരമായ അന്വേഷണങ്ങൾക്കൊടുവിൽ പ്രതിയെ പിടികൂടുകയായിരുന്നു.

SCROLL FOR NEXT