പള്ളിവാളും കാൽച്ചിലമ്പും ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെയുള്ള നൃത്തച്ചുവടുകളുമായി റോബോട്ടിക്ക് കരിങ്കാളി. പാലക്കാട് തൃത്താല ആലൂർ ചാമുണ്ഡിക്കാവ് ഉത്സവത്തിനാണ് റോബോട്ടിക്ക് കരിങ്കാളി എത്തിയത്. ഒറിജിനലിനെ വെല്ലുന്ന കരിങ്കാളി. ആലൂർ പൂരം കാണാനെത്തിയവർ റോബോട്ടിക് കരിങ്കാളിയെ കണ്ട് അത്ഭുതപ്പെട്ടു. ആദ്യമായാണ് ഉത്സവപ്പറമ്പുകളിൽ ഒരു റോബോട്ടിക്ക് കരിങ്കാളി എത്തുന്നത്. ഉത്സവപ്പറമ്പുകളിലെ എഴുന്നള്ളിപ്പിന് റോബോട്ടിക് ആനകൾ ഈ അടുത്ത കാലത്ത് ട്രെൻഡ് ആയി മറിയിരുന്നു. ഇതിനിടെയാണ് തൃത്താല ആലൂർ ചാമുണ്ഡിക്കാവ് ഭഗവതി ക്ഷേത്രോത്സവത്തിന് റോബോട്ടിക് കരിങ്കാളി എത്തിയത്.
ALSO READ: തടസങ്ങളെ അതിജീവിച്ച് നേടിയ വിജയം; ശാരീരിക പരിമിതികളെ വകവെക്കാതെ സ്വന്തം കഴിവുകളിൽ തിളങ്ങി നന്ദന
കാൽച്ചിലമ്പും അരമണിയും കൈത്തോടയും തലയിൽ കുരുത്തോല കിരീടവുമായി മനുഷ്യർ വേഷമെടുക്കുന്ന ഒറിജിനൽ കരിങ്കാളികളെ വെല്ലുന്നതാണ് ആലൂരിലെത്തിയ റോബോട്ട് കരിങ്കാളിയും. എടപ്പാൾ പോട്ടൂർ മണ്ഡകപ്പറമ്പിൽ രഞ്ജീഷ് ആണ് റോബോട്ടിക് കരിങ്കാളിയെ നിർമിച്ചത്. സ്‌പോഞ്ച്, തുണി, പ്ലാസ്റ്റിക് പാത്രങ്ങൾ തുടങ്ങി വിവിധ പാഴ്‌വസ്തുക്കളാണ് രഞ്ജീഷിന്റെ കരവിരുതിൽ ജീവൻ തുളുമ്പുന്ന കരിങ്കാളിയായി മാറിയത്.
രഞ്ജീഷ് ചിത്രകാരനും ഡിസൈനറും പുല്ലാങ്കുഴൽ വാദകനുമാണ്. തെക്കേ മലബാർ മേഖലയിലുള്ള കാവുകളിലെയും അമ്പലങ്ങളിലെയും പൂരങ്ങളോടും വേലകളോടും അനുബന്ധിച്ചാണ് കരിങ്കാളി സാധാരണ കാണുന്നത്. ഉത്സവപ്പറമ്പുകൾ റോബോട്ടിക്ക് ആനകളാലും റോബോട്ടിക്ക് കരിങ്കാളികളാലും നിറയുന്ന കാലം വിദൂരമല്ലെന്ന് ഈ കാഴ്ചകൾ പറയും.