NEWSROOM

'നന്ദി, റാഫാ... അവിസ്മരണീയമായ ഓര്‍മകള്‍ സമ്മാനിച്ചതിന്'; നദാലിനോട് ഫെഡറര്‍

ലഭിക്കാവുന്നതില്‍ വെച്ച് മികച്ച ബഹുമതി അതാണെന്ന് കൂടി പറഞ്ഞാണ് ഫെഡറര്‍ വാക്കുകള്‍ അവസാനിപ്പിച്ചത്

Author : ന്യൂസ് ഡെസ്ക്

റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍. പുരുഷ ടെന്നീസില്‍ ഈ രണ്ട് പേരുകള്‍ ഒന്നിച്ചെത്തുന്നത് കാണാന്‍ കൊതിച്ചിരുന്ന കാലമുണ്ടായിരുന്നു ആരാധകര്‍ക്ക്. കളിക്കളത്തിലെ തീപാറുന്ന ഷോട്ടുകള്‍, ആവേശങ്ങള്‍ക്കും ആക്രോശങ്ങക്കുമൊടുവില്‍ പോരാളികളില്‍ ഒരാളുടെ പുഞ്ചിരി, അതാരായാലും കാണികള്‍ക്ക് ആവേശമായിരുന്നു.

കായിക ചരിത്രത്തിലെ ഏറ്റവും മികച്ച ഒന്നായി കണക്കാക്കപ്പെടുന്നതാണ് ഫെഡറര്‍-നദാല്‍ മത്സരം. 40 തവണ ഇരുവരും ഏറ്റുമുട്ടി. 24 തവണ ഇരുവരും ഫൈനില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. അതില്‍ 14 തവണയും നദാലാണ് വിജയം കൊയ്തത്. മൊത്തം 40 മത്സരങ്ങളാണ് ഇരുവരും നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. അതില്‍ 24 എണ്ണത്തില്‍ നദാലും 16 മത്സരങ്ങളില്‍ ഫെഡററും വിജയിച്ചു.. 40 മത്സരങ്ങളില്‍ 20 എണ്ണം ഹാര്‍ഡ് കോര്‍ട്ടിലും 16 എണ്ണം കളിമണ്ണിലും 4 മത്സരങ്ങള്‍ പുല്‍ കോര്‍ട്ടിലുമായിരുന്നു.

പുരുഷന്മാരുടെ ഓള്‍ ടൈം ലിസ്റ്റില്‍ നദാല്‍ രണ്ടാം സ്ഥാനത്തും ഫെഡറര്‍ മൂന്നാം സ്ഥാനത്തുമാണ്. ഇരുവര്‍ക്കും മാത്രമായി എടുത്തു പറയാന്‍ വേറെയും റെക്കോര്‍ഡുകളുണ്ട്. 2005 ഫ്രഞ്ച് ഓപ്പണ്‍ മുതല്‍ 2007 യുഎസ് ഓപ്പണ്‍ വരെ തുടര്‍ച്ചയായി 11 മേജറുകളാണ് ഇരുവരും നേടിയത്. 2008 ഫ്രഞ്ച് ഓപ്പണ്‍ മുതല്‍ 2009 വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പ് വരെയും, 2017 ഓസ്ട്രേലിയന്‍ ഓപ്പണ്‍ മുതല്‍ 2018 ഫ്രഞ്ച് ഓപ്പണ്‍ വരെയും തുടര്‍ച്ചയായി ആറ് മേജറുകളും നേടി.


2005 മുതല്‍ 2010 വരെയും 2017-ല്‍ ഉള്‍പ്പെടെ ആകെ ഏഴ് തവണയും എടിപി ടൂറിലെ ആദ്യ രണ്ട് റാങ്കുകാരായി തുടര്‍ച്ചയായി ആറ് കലണ്ടര്‍ വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ പുരുഷ താരങ്ങള്‍ ഇരുവരും മാത്രമാണ്. 2005 ജുലൈ മുതല്‍ 2009 ഓഗസ്റ്റ് വരെ തുടര്‍ച്ചയായി 211 ആഴ്ചകള്‍ ആദ്യ രണ്ട് റാങ്കുകള്‍ അലങ്കരിച്ചതും ഇരുവരും മാത്രം.

കോര്‍ട്ടില്‍ വിട്ടുകൊടുക്കാന്‍ തയ്യാറാകാത്ത എതിരാളികളാണെങ്കിലും പുറത്ത് പരസ്പരം ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്തിരുന്ന താരങ്ങള്‍ കൂടായിരുന്നു ഫെഡററും റാഫായും. 2022 ല്‍ ഫെഡറര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ കോര്‍ട്ടില്‍ അദ്ദേഹത്തിന്റെ അസാന്നിധ്യം ഏറ്റവും കൂടുതല്‍ അനുഭവിച്ചത് നദാല്‍ ആയിരിക്കും.

ആ വികാരം ഉള്‍ക്കൊണ്ടായിരിക്കണം, ഇന്ന് നദാലിന്റെ വിരമിക്കല്‍ അറിയിപ്പിനോട് ഫെഡറര്‍ വൈകാരികമായി പ്രതികരിച്ചത്. 'ഒരിക്കലും വരരുത് എന്ന് ആഗ്രഹിച്ച ദിവസം' എന്നാണ് നദാലിന്റെ വീഡിയോയുടെ താഴെ ഫെഡറര്‍ കുറിച്ചത്. ഒപ്പം ഇരുവരും ജീവന് തുല്യം സ്‌നേഹിച്ച ടെന്നീസില്‍ മറക്കാനാകാത്ത ഓര്‍മകള്‍ സമ്മാനിച്ചതിന് പ്രിയപ്പെട്ട 'റാഫാ'യോട് അദ്ദേഹം നന്ദിയും പറഞ്ഞു. 'നമ്മള്‍ ഇഷ്ടപ്പെടുന്ന ഗെയിമിലെ അവിസ്മരണീയമായ ഓര്‍മകള്‍ക്കും നിങ്ങളുടെ എല്ലാ അവിശ്വസനീയമായ നേട്ടങ്ങള്‍ക്കും നന്ദി.' എന്നാണ് ഫെഡറര്‍ കുറിച്ചത്. തനിക്ക് ലഭിക്കാവുന്നതില്‍ വെച്ച് മികച്ച ബഹുമതി അതാണെന്ന് കൂടി പറഞ്ഞാണ് ഫെഡറര്‍ വാക്കുകള്‍ അവസാനിപ്പിച്ചത്.

പരസ്പരമുള്ള ഇരുവരുടേയും മത്സരങ്ങളും ഒറ്റയ്ക്ക് കീഴടക്കിയ നേട്ടങ്ങള്‍ക്കും അവിസ്മരണീയമായ ഓര്‍മകള്‍ക്കും ഇരുവരുടേയും കളി കണ്ട് വളര്‍ന്ന ആരാധകരും നന്ദി പറയുകയാണ്, ഇനിയൊരു റാഫാ-ഫെഡറര്‍ ഉണ്ടാകില്ലെന്ന ഉറപ്പോടെ...

SCROLL FOR NEXT