NEWSROOM

ഷമിയുടെ ഫിറ്റ്നസിനെ കുറിച്ചുള്ള നിര്‍ണായക വെളിപ്പെടുത്തലുമായി രോഹിത് ശർമ

ഏകദിന ലോകകപ്പ് ഫൈനലിനിടെ കണങ്കാലിന് പരിക്കേറ്റതോടെ 2024 ഐപിഎല്‍ സീസണ്‍ മുഴുവനായി ഷമിക്ക് നഷ്ടമായിരുന്നു

Author : ന്യൂസ് ഡെസ്ക്


ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിയുടെ ഫിറ്റ്നസിനെ കുറിച്ചുള്ള നിര്‍ണായക വിവരം വെളിപ്പെടുത്തി ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഷമിയുടെ ഫിറ്റ്നസില്‍ ടീം മാനേജ്മെന്റിന് ആശങ്കയുണ്ടെന്നാണ് രോഹിത് പറയുന്നത്. എന്നാല്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് ഷമിക്ക് വേണ്ടി വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും രോഹിത് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

''ഞങ്ങള്‍ അദ്ദേഹത്തെ നിരീക്ഷിച്ചുവരികയാണ്. കാരണം സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിൽ കളിക്കുമ്പോള്‍ ഷമിയുടെ കാല്‍മുട്ടില്‍ നേരിയ നീര്‍ക്കെട്ടുണ്ടായി. ഇത്തരം കാര്യങ്ങള്‍ ഒരു ടെസ്റ്റ് മത്സരം കളിക്കാനുള്ള അദ്ദേഹത്തിന്റെ തയ്യാറെടുപ്പുകളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഞങ്ങള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. അദ്ദേഹത്തെ പെട്ടെന്നു തന്നെ ടീമിൽ കൊണ്ടുവരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. പരിക്ക് ഗുരുതരമാകുമോ എന്നുള്ള ഭയം തന്നെയാണ് അതിന് കാരണം. ഷമി ഫിറ്റാണെന്ന് 100 ശതമാനം ഉറപ്പുവരുത്തിയിട്ട് വേണം അദ്ദേഹം ടീമില്‍ ഉള്‍പ്പെടുത്താന്‍. അദ്ദേഹത്തിന് അമിതഭാരം ഏല്‍പ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല," ഇന്ത്യന്‍ നായകൻ പറഞ്ഞു.

"ഷമിയെ എന്‍സിഎ സംഘം നിരീക്ഷിക്കുന്നുണ്ട്. അവര്‍ക്ക് എന്ത് തോന്നുന്നു എന്നതിനെ അടിസ്ഥാനമാക്കി ഞങ്ങള്‍ ഒരു തീരുമാനമെടുക്കും. നാല് ഓവര്‍ എറിഞ്ഞതിന് ശേഷം ആദ്യ ഇന്നിംഗ്‌സ് പൂര്‍ത്തിയാവുമ്പോള്‍ ഷമി എങ്ങനെയിരിക്കുന്നു എന്നെല്ലാം പരിശോധിക്കേണ്ടതുണ്ട്. അവന്റെ എല്ലാ കളിയും കാണുന്നത് എന്‍സിഎ സംഘമാണ്. അവര്‍ പറഞ്ഞാല്‍ എപ്പോള്‍ വേണമെങ്കിലും ഷമിക്ക് വന്ന് കളിക്കാം,'' രോഹിത് പറഞ്ഞു.

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂർണമെൻ്റിൽ ഷമി ബംഗാള്‍ ടീമിനൊപ്പം നോക്കൗട്ടിലെത്തിയിരുന്നു. നവംബര്‍ 9ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രീ-ക്വാര്‍ട്ടറില്‍ ബംഗാൾ ചണ്ഡീഗഢുമായി കളിക്കുന്നുണ്ട്. അടുത്തിടെ സൗദി അറേബ്യയിലെ ജിദ്ദയില്‍ നടന്ന ഐപിഎല്‍ മെഗാ ലേലത്തില്‍ 10 കോടി രൂപയ്ക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് ഷമിയെ സ്വന്തമാക്കിയിരുന്നു. ഏകദിന ലോകകപ്പ് ഫൈനലിനിടെ കണങ്കാലിന് പരിക്കേറ്റതോടെ 2024 ഐപിഎല്‍ സീസണ്‍ മുഴുവനായി ഷമിക്ക് നഷ്ടമായിരുന്നു.

SCROLL FOR NEXT