NEWSROOM

രോഹിത്തിന് ഇനി വിശ്രമിക്കാം; സിഡ്നി ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിനെ ബുംറ നയിക്കുമെന്ന് സൂചന

ബോർഡർ ​ഗവാസ്കർ ട്രോഫിയിൽ മികച്ച പ്രകടനമാണ് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ കാഴ്ചവെച്ചത്

Author : ന്യൂസ് ഡെസ്ക്

സിഡ്‌നിയിൽ നടക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ചാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമയ്ക്ക് 'വിശ്രമം' നൽകിയേക്കുമെന്ന് സൂചന. രോഹിത്തിന്റെ അഭാവത്തിൽ ജസ്പ്രീത് ബുംറ ആയിരിക്കും ടീമിനെ നയിക്കുക എന്നാണ് ടീമിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ നാല് മാച്ചുകൾ അവസാനിക്കുമ്പോൾ 31 റൺസ് മാത്രമാണ് ഹിറ്റ്മാൻ നേടിയത്. കഴിഞ്ഞ 15 ടെസ്റ്റുകളില്‍ 10 തവണയും ഒറ്റയക്കത്തിനാണ് രോഹിത് പുറത്തായത്. 

രണ്ടാമത്തെ കുട്ടിയുടെ ജനനത്തെത്തുടർന്ന് കുടുംബത്തോടൊപ്പം സമയം ചിലവിടാൻ തീരുമാനിച്ചതിനാൽ രോഹിത്തിന് ബോർഡർ-ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് മത്സരം നഷ്ടമായിരുന്നു. ജസ്പ്രീത് ബുംറ നയിച്ച ഒന്നാം ടെസ്റ്റില്‍ 295 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. രണ്ട് ഇന്നിംഗ്സുകളിലായി എട്ട് വിക്കറ്റുകള്‍ നേടിയ ബുംറ തന്നെയായിരുന്നു കളിയിലെ താരം. അഡ്‌ലെയ്ഡിലെ രണ്ടാം ടെസ്റ്റിൽ രോഹിത്ത് ടീമിനൊപ്പം ചേ‍ർന്നെങ്കിലും വലിയ സ്കോ‌റുകൾ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടു. അഡ്‌ലെയ്ഡിലും ബ്രിസ്‌ബെയ്‌നിലും ആറാം നമ്പറിലും മെല്‍ബണില്‍ ഓപ്പണറായി ഇറങ്ങിയിട്ടും രോഹിത്തിന് ഫോം കണ്ടെത്താനായില്ല.  ഇതിനെ തുടർന്ന് വലിയ തരത്തിലുള്ള വിമ‍ർശനങ്ങളാണ് രോഹിത് നേരിട്ടത്.

രോഹിത് ടീമിൽ നിന്നും പുറത്തേക്കെന്ന തരത്തിൽ അഭ്യൂഹങ്ങളും പരന്നിരുന്നു. ബുധനാഴ്ച നടന്ന മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിനിടെ രോഹിതിൻ്റെ ഭാവിയെക്കുറിച്ച് വ്യക്തമായ ഉത്തരം നൽകാതെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ ഒഴിഞ്ഞുമാറിയത് ഇത്തരം ഊഹാപോഹങ്ങളുടെ ആക്കം കൂട്ടി. സിഡ്‌നിയിൽ രാഹുൽ കളിക്കുമോയെന്ന ചോദ്യത്തിന്, പിച്ച് മനസ്സിൽ വെച്ചായിരിക്കും തീരുമാനമെടുക്കുകയെന്നായിരുന്നു ഗംഭീറിന്റെ മറുപടി.

ബോർഡർ ​ഗവാസ്കർ ട്രോഫിയിൽ മികച്ച പ്രകടനമാണ് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ കാഴ്ചവെച്ചത്. നാലു കളികളിൽ നിന്നായി 30 വിക്കറ്റുകളാണ് ബുംറ നേടിയത്. 2024-ൽ ടെസ്റ്റ് ക്രിക്കറ്റില്‍ 71 വിക്കറ്റ് നേടിയ ബുംറ ഇപ്പോൾ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന പോയിന്റുകൾ നേടിയാണ് പട്ടികയിലെ തന്റെ സ്ഥാനം ഇന്ത്യൻ പേസ് ഐക്കൺ നിലനി‍ർത്തിയത്.

SCROLL FOR NEXT