ഞായറാഴ്ച കാൻബെറയിൽ പ്രൈം മിനിസ്റ്റേഴ്സ് ഇലവനും ഇന്ത്യയും തമ്മിലുള്ള പരിശീലന മത്സരത്തിനിടെ ആദ്യമായി വിക്കറ്റ് കീപ്പറുടെ റോളിലെത്തിയ സർഫറാസ് ഖാനൊപ്പമുള്ള രോഹിത് ശർമയുടെ ഒരു വീഡിയോ വൈറലാകുന്നു. മത്സരത്തിൽ നാലു വിക്കറ്റുമായി പ്രൈം മിനിസ്റ്റേഴ്സ് ഇലവൻ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത് ഇന്ത്യയുടെ യുവ ഫാസ്റ്റ് ബൗളർ ഹർഷിത് റാണയായിരുന്നു.
എന്നാൽ ഹർഷിതിൻ്റെ ഒരു പന്ത് പിടിയിലൊതുക്കാൻ ശ്രമിക്കുന്ന വിക്കറ്റ് കീപ്പർ സർഫറാസ് ഖാൻ്റെ വീഡിയോയാണ് കാഴ്ചക്കാരിൽ ചിരിയുണർത്തുന്നത്. ബൗൺസറായി വന്ന പന്ത് സർഫറാസിൻ്റെ പിടിയിൽ നിന്ന് വഴുതിപ്പോകുന്നുണ്ട്. പന്തെടുക്കാൻ സർഫറാസ് പോകുന്നതിനിടെ പിന്നാലെ ഓടിയെത്തിയ രോഹിത് തമാശരൂപേണ സർഫറാസിൻ്റെ പുറത്ത് പതുക്കെ ഇടിക്കുകയായിരുന്നു.
തെല്ലു ചമ്മലോടെയാണ് സർഫറാസ് തിരിഞ്ഞു നോക്കുന്നത്. രോഹിത് ദേഷ്യം പ്രകടിപ്പിക്കുന്നതും പോലെ തുറിച്ചുനോക്കുന്നതും വീഡിയോയിൽ കാണാം. റിഷഭ് പന്തിന് പകരമാണ് സർഫറാസ് ഇന്ത്യയുടെ വിക്കറ്റ് കീപ്പറായെത്തിയത്.